ADVERTISEMENT

ഫൈനൽ പോലെ 2 പോരാട്ടങ്ങൾ– ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിലും ഇറ്റാലിയൻ സീരി എയിലും ജേതാക്കൾ തീരുമാനിക്കുന്ന വിധിനിർണയദിനം ഇന്ന്. പ്രിമിയർ ലീഗിൽ ഇന്നത്തെ മത്സരം ബാക്കി നിൽക്കെ 90 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയാണ് ഒന്നാമത്. 89 പോയിന്റുമായി ലിവർപൂൾ തൊട്ടു പിന്നിൽ. സിറ്റിക്ക് ആസ്റ്റൻ വില്ലയും ലിവർപൂളിന് വൂൾവ്സുമാണ് ഇന്നത്തെ എതിരാളികൾ. സീരി എയിൽ 83 പോയിന്റുമായി എസി മിലാൻ ഒന്നാമത്. 81 പോയിന്റുമായി ഇന്റർ മിലാൻ രണ്ടാമത്. ഇന്റർ ഇന്ന് സാംപ്ദോറിയയെയും മിലാൻ സാസുവോളോയെയും നേരിടും. 

ലിവർപൂളിനു വേണം ജെറാർദിന്റെ ‘സഹായം’

മാഞ്ചസ്റ്റർ സിറ്റിയുടെ അവസാന മത്സരത്തിലെ എതിരാളി സ്റ്റീവൻ ജെറാർദ് പരിശീലിപ്പിക്കുന്ന ആസ്റ്റൻ വില്ല

ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ കിരീടപ്പോരാട്ടത്തിന്റെ ‘ഫൈനൽ ദിന’മായ ഇന്ന് മുൻ നായകൻ സ്റ്റീവൻ ജെറാർദ് തങ്ങളുടെ ‘രക്ഷകനാ’യി അവതരിക്കുമെന്ന പ്രതീക്ഷയിലാണ് ലിവർപൂൾ ആരാധകർ. 89 പോയിന്റുമായി രണ്ടാം സ്ഥാനത്തു നിൽക്കുന്ന ലിവർപൂളിന് 90 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയെ മറികടക്കണമെങ്കിൽ ജെറാർദിന്റെ ആസ്റ്റൻ വില്ല കനിയണം. വില്ലയ്ക്കെതിരെ സിറ്റി ജയിക്കാതിരിക്കുകയും ലിവർപൂൾ വൂൾവ്സിനെതിരെ ജയിക്കുകയും ചെയ്താൽ കപ്പ് ലിവർപൂളിലെത്തും. 

അത്ര എളുപ്പമല്ല!

ജെറാർദിലൂടെ ലിവർപൂളിലേക്ക് കപ്പ് എന്നത് മനോഹരമായൊരു ഫുട്ബോൾ കാവ്യമായി അവതരിപ്പിക്കാമെങ്കിലും ആസ്റ്റൻ വില്ലയ്ക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ല. മത്സരം മാഞ്ചസ്റ്റർ സിറ്റിയുടെ ഹോം ഗ്രൗണ്ടായ എത്തിഹാദിലാണ്. 14–ാം സ്ഥാനത്തുള്ള ആസ്റ്റൺ വില്ല കഴിഞ്ഞ 3 മത്സരങ്ങളിൽ ജയിച്ചിട്ടില്ല. അവസാന 5 മത്സരങ്ങളിൽ 8 ഗോളുകൾ അടിച്ചപ്പോൾ 7എണ്ണം തിരിച്ചുകിട്ടി. എന്നാൽ സിറ്റി അവസാന 5 മത്സരങ്ങളിലായി അടിച്ചു കൂട്ടിയത് 21 ഗോളുകളാണ്. വഴങ്ങിയത് ആകെ നാലും! ലിവർപൂളിന്റെ മത്സരം 7–ാം സ്ഥാനക്കാരായ വൂൾവ്സിനെതിരെയാണ്. അവസാന 5 മത്സരങ്ങളിൽ 3 തോൽവിയും 2 സമനിലയുമാണ് അവരുടെ സമ്പാദ്യം.           

മിലാന്റെ ഏതു കരയിലേക്ക്? 

ഇറ്റലിയിൽ ആരു ജയിച്ചാലും ഇന്ന് മിലാനിൽ ആഘോഷരാവാണ്; അതിനേതു നിറമായിരിക്കും എന്നേ അറിയേണ്ടതുള്ളൂ! എസി മിലാന്റെ ചുവപ്പും കറുപ്പും കുപ്പായക്കാർക്ക് കിരീടമുറപ്പിക്കാൻ ഒരു പോയിന്റ് മതി. 

11 വർഷങ്ങൾക്കു ശേഷം ഒരു കിരീടം എന്നതാണ് മിലാന്റെ സ്വപ്നം. ഇന്ന് സാസുവോളോയ്ക്കെതിരെ അവരുടെ മൈതാനത്താണ് മിലാന്റെ മത്സരം. എന്നാൽ ഇന്ററിന്റെ നീലയും കറുപ്പും ജഴ്സിയിട്ടവർക്ക് ജയം തന്നെ വേണം. കഴിഞ്ഞ സീസണിൽ മിലാനെ 12 പോയിന്റിനു പിന്നിലാക്കി ഇന്ററിനായിരുന്നു കിരീടം. അവസാന മത്സരത്തിൽ ഇന്റർ ഇന്ന് രണ്ട് മിലാൻ ക്ലബ്ബുകളുടെയും ഹോം ഗ്രൗണ്ടായ സാൻ സിറോയിൽ സാംപ്ദോറിയയെ നേരിടുന്നു. 

പ്രിമിയർ ലീഗ്                  (മത്സരം, പോയിന്റ്) 

TOP 5

1) മാൻ.സിറ്റി                                  37 90

2) ലിവർപൂൾ                                 37 89

3) ചെൽസി                                   37 71

4) ടോട്ടനം                                    37 68

5) ആർസനൽ                               37 66 

 

ടോപ് സ്കോറർ: മുഹമ്മദ് സലാ (ലിവർപൂൾ)– 22 ഗോളുകൾ 

ഇറ്റാലിയൻ ലീഗ്             (മത്സരം, പോയിന്റ്

TOP 5

1) എസി മിലാൻ                              37 83

2) ഇന്റർ മിലാൻ                              37 81

3) നാപ്പോളി                                   37 76 

4) യുവന്റസ്                                   37 70 

5) ലാസിയോ                                  37 63

ടോപ് സ്കോറർ: സിറോ ഇമ്മൊബീൽ(ലാസിയോ)– 27  ഗോളുകൾ 

English Summary: Premier league football finals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com