ഇന്ത്യൻ ഫുട്ബോളിൽ ഗോകുലം വീരഗാഥ; ഐ ലീഗിനു പിന്നാലെ വനിതാ ലീഗിലും കിരീടം നിലനിർത്തി

ഗോകുലത്തിന്റെ ആദ്യഗോൾ നേടിയ ആശാലത ദേവിയെ (ഇടത്തുനിന്ന് മൂന്നാമത്) അഭിനന്ദിക്കുന്ന സഹതാരങ്ങൾ.
ഗോകുലത്തിന്റെ ആദ്യഗോൾ നേടിയ ആശാലത ദേവിയെ (ഇടത്തുനിന്ന് മൂന്നാമത്) അഭിനന്ദിക്കുന്ന സഹതാരങ്ങൾ.
SHARE

ഭുവനേശ്വർ ∙ ഇന്ത്യൻ ഫുട്ബോൾ ചരിത്രം തിരുത്തിയെഴുതി കേരളത്തിന്റെ പ്രിയ ടീം ഗോകുലം കേരള എഫ്സി. ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോളിൽ സേതു എഫ്സിയെ 3–1നു തോൽപിച്ച ഗോകുലം കിരീടം നിലനിർത്തി. ഈ സീസണിൽ എല്ലാ മത്സരങ്ങളും (11) വിജയിച്ചാണ് ഗോകുലത്തിന്റെ അപൂർവനേട്ടം. കഴിഞ്ഞ 14ന് ഗോകുലത്തിന്റെ പുരുഷ ടീം ഐ ലീഗ് ചാംപ്യന്മാരായിരുന്നു. കഴിഞ്ഞ സീസണിലും പുരുഷ – വനിതാ ലീഗ് കിരീടങ്ങൾ നേടിയ ഗോകുലം ഇത്തവണയും അപൂർവനേട്ടം ആവർത്തിച്ചാണു ചരിത്രത്തിൽ ഇടംനേടിയത്. 2 കിരീടങ്ങളും ഒരുമിച്ചു നിലനിർത്തുന്ന ആദ്യ ക്ലബ്ബായി മാറി ഇതോടെ ഗോകുലം.

സമനില നേടിയാൽ കിരീടം എന്നുറപ്പിച്ച് കളിക്കിറങ്ങിയ ഗോകുലത്തിനെതിരെ 3–ാം മിനിറ്റിൽ റെനു ദേവിയിലൂടെ സേതു എഫ്സി ലീഡെടുത്തു. ഹെഡറിൽനിന്നായിരുന്നു ഗോൾ. സീസണിലെ 11 കളികളിലായി ഗോകുലം വഴങ്ങുന്ന നാലാമത്തെ മാത്രം ഗോളായിരുന്നു ഇത്. ഇതോടെ, ടീം ഉണർന്നു. 14–ാം മിനിറ്റിൽ ആശാലത ദേവി ഗോകുലത്തിന്റെ സമനില ഗോൾ നേടി. 33–ാം മിനിറ്റിൽ എൽഷദായ് അചെങ്പോയും 40–ാം മിനിറ്റിൽ മനീഷ കല്യാണും ഗോൾ നേടിയതോടെ ആദ്യപകുതിയിൽത്തന്നെ സ്കോർ 3–1.

12 ടീമുകളാണു ലീഗിൽ ഇത്തവണ മത്സരിച്ചത്.  അതിൽ ഏക കേരള ടീമായിരുന്നു ഗോകുലം.

∙ ഇന്നലത്തെ ജയത്തോടെ ഗോകുലം വനിതാ ടീമിന്റെ അപരാജിത കുതിപ്പ് 21 മത്സരങ്ങൾ പിന്നിട്ടു. കേരള വനിതാ ലീഗിൽ കളിച്ച 10 മത്സരത്തിൽ ഒരു ഗോൾ പോലും വഴങ്ങാതെയായിരുന്നു ഗോകുലത്തിന്റെ കിരീടധാരണം.

∙ ഇന്ത്യൻ വനിതാ ലീഗിലെ 11 കളികളിലായി ഗോകുലം ആകെ നേടിയത് 66 ഗോളുകൾ. 2–ാം സ്ഥാനത്തുള്ള സേതു എഫ്സി ഏറെ പിന്നിലാണ്– 42.

ടോപ് സ്കോറർ എൽഷദായ്

വനിതാ ലീഗിലെ ടോപ് സ്കോറർ പട്ടികയിൽ ആദ്യ 2 സ്ഥാനങ്ങളിൽ ഗോകുലം താരങ്ങളാണ്. എൽഷദായ് അചെങ്പോയും മനീഷ കല്യാണും. 20 ഗോളുമായി എൽഷദായ് ആണ് ഒന്നാം സ്ഥാനക്കാരി. രണ്ടാമതുള്ള മനീഷ കല്യാൺ 14 ഗോളുകൾ നേടി.

English Summary: Gokulam Kerala beats Sethu FC to retain Indian Women's League title

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA