ADVERTISEMENT

പാരിസ് ∙ അടുത്ത വർഷത്തെ ചാംപ്യൻസ് ലീഗ് ഫൈനൽ കാണാൻ ഇസ്തംബൂളിൽ ഹോട്ടൽ ബുക്ക് ചെയ്തോളൂ എന്നാണ് ഇന്നലെ റയൽ മഡ്രിഡിനെതിരെ തോൽവിക്കു ശേഷം ലിവർപൂൾ കോച്ച് യൂർഗൻ ക്ലോപ്പ് ആരാധകരോടു പറഞ്ഞത്. പക്ഷേ അത്ര ‘കടുപ്പ’ക്കാരല്ലാത്ത ആരാധകർ ഒന്നാലോചിക്കും; ലിവർപൂൾ വീണ്ടും ഫൈനലിലെത്തി എന്നു തന്നെ കരുതുക; എതിരാളി റയൽ മഡ്രിഡ് തന്നെയാണെങ്കിലോ! 2018നു ശേഷം ഒരിക്കൽ കൂടി ലിവർപൂളിന്റെ കണ്ണീരു വീഴ്ത്തി റയൽ മഡ്രിഡ് യുവേഫ ചാംപ്യൻസ് ലീഗ് കിരീടത്തിൽ വീണ്ടും മുത്തമിട്ടു. സ്കോർ 1–0. 59–ാം മിനിറ്റിൽ ബ്രസീലിയൻ താരം വിനീസ്യൂസ് ജൂനിയറാണ് സ്പാനിഷ് ക്ലബ്ബിന്റെ വിജയഗോൾ നേടിയത്. റയലിന്റെ 14–ാം യൂറോപ്യൻ കിരീടമാണിത്. 2018നു ശേഷം ആദ്യത്തേതും. അന്ന് ഫൈനലിൽ ലിവർപൂളിനെ തോൽപിച്ചത് 3–1ന്. 

കോർട്ടോയുടെ കപ്പ് 

ഓടിക്കളിച്ച ഇംഗ്ലിഷ് ക്ലബ്ബിനെ വീഴ്ത്തിയത് വിനീസ്യൂസിന്റെ ‘ഒറ്റയടി’യിലാണെങ്കിലും കളിയിലുടനീളം പിടിച്ചു നിർത്തിയത് റയൽ ഗോൾകീപ്പർ തിബോ കോർട്ടോയുടെ കൈക്കരുത്ത് മാത്രമാണ്. ഗോൾ മുഖത്തേക്കു വന്ന 9 ഷോട്ടുകളാണ് കോർട്ടോ സേവ് ചെയ്തത്. ചാംപ്യൻസ് ലീഗ് ഫൈനലുകളിലെ റെക്കോർഡ്. മുഹമ്മദ് സലായുടെയും സാദിയോ മാനെയുടെയുമെല്ലാം ഷോട്ടുകൾ കോർട്ടോ തട്ടിയകറ്റുന്നത് കണ്ട്, സ്താദ് ദ് ഫ്രാൻസിനെ ചെങ്കടലാക്കിയ ലിവർപൂൾ ആരാധകർ തലയിൽ കൈവച്ചു പോയി. ആകെ 24 ഷോട്ടുകളാണ് ലിവർപൂൾ താരങ്ങൾ പായിച്ചത്. റയലാകട്ടെ വെറും 4. അതിലൊന്ന് ഗോളാവുകയും ചെയ്തു. 59–ാം മിനിറ്റിൽ വലതു വിങ്ങിലൂടെ ഓടിക്കയറിയ ഫെഡറിക്കോ വാൽവർദെ നീട്ടി നൽകിയ പന്ത് സെക്കൻഡ് പോസ്റ്റിൽ തക്കംപാർത്തു നിന്ന വിനീസ്യൂസ് വലയിലാക്കി. 

അതു ഗോളല്ല

കളിയുടെ ഗതിക്കെതിരായി ആദ്യ പകുതിയിൽ തന്നെ റയൽ മുന്നിലെത്തി എന്നു കരുതിയതാണ്. 45–ാം മിനിറ്റിൽ ലിവർപൂൾ പെനൽറ്റി ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ റയൽ താരം കരിം ബെൻസേമ പന്ത് ഗോളിലേക്കു തട്ടിയിട്ടപ്പോൾ. പക്ഷേ ഓഫ്സൈഡ് കൊടിയുയർന്നു. ലിവർപൂൾ താരം ഫാബിഞ്ഞോയുടെ കാലിൽ നിന്നാണ് ബെൻസേമയ്ക്ക് പന്ത് കിട്ടിയത് എന്നതു കണ്ട് റഫറി വിഎആർ പരിശോധനയ്ക്കു പോയി. ഒരു ലിവർപൂൾ താരം ബെൻസേമയ്ക്ക് മുന്നിലുണ്ടായിരുന്നു താനും. പക്ഷേ ഫാബിഞ്ഞോയുടെ ടച്ച് മനഃപൂർവമായിരുന്നില്ല എന്നതിനാലും ബെൻസേമ ലിവർപൂൾ ഗോൾകീപ്പർ അലിസന് മുന്നിലായിരുന്നതിനാലും വിഡിയോ പരിശോധനയ്ക്കു ശേഷവും ഓഫ്സൈഡ് വിധി നിലനിന്നു. ഗോൾകീപ്പർ ഉൾപ്പെടെയേ അല്ലാതെയോ 2 എതിർ ടീം കളിക്കാർ മുന്നിലുണ്ടായാലേ ഓഫ്സൈഡ് ആവാതിരിക്കൂ എന്ന നിയമം റയലിനു ഗോൾ നിഷേധിച്ചു. 

ആരാധക പ്രളയം 

പാരിസിലേക്ക് ഇരമ്പിയെത്തിയ ലിവർപൂൾ ആരാധകരെ സ്റ്റേഡിയത്തിനു പുറത്ത് നിയന്ത്രിക്കാനാവാത്തതിനാൽ 37 മിനിറ്റ് വൈകിയാണ് മത്സരം തുടങ്ങിയത്. വേലി മറികടന്നും മതിൽ ചാടിയും സ്റ്റേ‍ഡിയത്തിലേക്കു കടക്കാൻ ശ്രമിച്ച ആരാധകരെ പിരിച്ചുവിടാൻ പൊലീസിന് കണ്ണീർ വാതകവും കുരുമുളക് സ്പ്രേയുമെല്ലാം പ്രയോഗിക്കേണ്ടി വന്നു. ടിക്കറ്റില്ലാതെ എത്തിയവരാണ് പ്രശ്നം സൃഷ്ടിച്ചതെന്ന് യുവേഫ പറഞ്ഞു. എന്നാ‍ൽ പൊലീസ് ആരാധകരോട് ദയാരഹിതമായി പെരുമാറിയെന്ന് ലിവർപൂൾ ആരോപിച്ചു. 

English Summary: UEFA Champions League final- Liverpool vs Real madrid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com