ADVERTISEMENT

ലണ്ടൻ ∙ ഇതാണ്, ഇതു തന്നെയാണ് അർജന്റീന! ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകരുടെ മനസ്സും, ഗോൾ വലയും നിറച്ച അർജന്റീന. ആകാശം പോലെ വിശാലമായ ആരാധകക്കൂട്ടത്തിന്റെ, ആകാശനീല കുപ്പായക്കാരുടെ അർജന്റീന. 

ഫൈനലിസിമ എന്ന പേരിൽ പുനഃരാരംഭിച്ച, വൻകര ചാംപ്യൻമാരുടെ പോരാട്ടത്തിൽ യൂറോപ്യൻ ചാംപ്യന്മാരായ ഇറ്റലിയെ 3–0ന് തോൽപിച്ച് കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീനയ്ക്കു കിരീടം. ദക്ഷിണ അമേരിക്കൻ കിരീടമായ കോപ്പ നേടി 11 മാസത്തിനകമാണ് ലയണൽ മെസ്സിയും അർജന്റീനയും രണ്ടാമതൊരു ട്രോഫിക്കു കൂടി അവകാശികളാകുന്നത്. 

ലൗറ്റാരോ മാർട്ടിനെസ് (28), എയ്ഞ്ചൽ ഡി മരിയ (45+1), സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ പൗലോ ഡിബാല (90+4) എന്നിവരാണ് അർജന്റീനയുടെ ഗോളുകൾ നേടിയതെങ്കിലും കളം നിറ‍ഞ്ഞു കളിച്ചതു ക്യാപ്റ്റൻ മെസ്സിയായിരുന്നു. ലൗറ്റാരോ മാർട്ടിനെസിന്റെയും ഡിബാലയുടെയും ഗോളുകൾക്കു വഴിയൊരുക്കിയ മെസ്സി തന്നെയാണു പ്ലെയർ ഓഫ് ദ് മാച്ചും. 

അർജന്റീനയ്ക്കു വേണ്ടി 161–ാം മത്സരം കളിച്ച മുപ്പത്തിനാലുകാരൻ മെസ്സി, പ്രായം ഒരു പ്രശ്നമല്ലെന്നു കളിയിൽ തെളിയിച്ചാണു കളം വിട്ടത്. ഈ വർഷാവസാനം ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ അർജന്റീന കിരീടം നേടണമെന്ന് അതിയായി ആഗ്രഹിക്കുന്ന ആരാധകരെ ആവോളം സന്തോഷിപ്പിച്ച പ്രകടനം. 

 ഫസ്റ്റ് ടച്ചിനു തൊട്ടുപിന്നാലെ ഇരമ്പിക്കയറിയ ഇറ്റലിയെ സമർഥമായി പ്രതിരോധിച്ച അർജന്റീനയ്ക്ക് ആഹ്ലാദത്തിനുള്ള ആദ്യ വക സമ്മാനിച്ചതു മെസ്സിയാണ്. ഗോൾപോസ്റ്റ് വരെ ഒറ്റയ്ക്കു മുന്നേറി ഗോൾലൈനിനോടു ചേർന്നു നൽകിയ ക്രോസിനു കാലു വയ്ക്കേണ്ട ജോലി മാത്രമേ ലൗറ്റാരോയ്ക്കുണ്ടായുള്ളൂ. അത്രമേൽ പെർഫക്ട് ഗോൾ! (1–0). 

കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീനയുടെ വിജയഗോൾ നേടിയ ഡി മരിയ ഇന്നലെ നേടിയ ഗോളിനും സൗന്ദര്യമേറെയായിരുന്നു (2–0). 

രണ്ടാം പകുതിയിൽ മെസ്സിയുടെ പല ഗോൾ ശ്രമങ്ങളും ഇറ്റലി ഗോളി ഡൊന്നാരുമ തട്ടിയകറ്റി. ഒടുവിൽ, കളി തീരാൻ സെക്കൻഡുകൾ മാത്രമുള്ളപ്പോൾ മെസ്സിയുടെ മുന്നേറ്റം ഇറ്റാലിയൻ പ്രതിരോധ നിര കൂട്ടത്തോടെ തടഞ്ഞു. അവിടെ ഓട്ടം നിർത്തിയ മെസ്സി, മാർക്കു ചെയ്യപ്പെടാതെ നിന്ന ഡിബാലയ്ക്കു പന്തു നീട്ടി. 

ഡിബാലയുടെ ഷോട്ട് ഇറ്റലിയുടെ ഗോൾവല തുളച്ച്, അർജന്റീന ആരാധകരുടെ ഹൃദയം കവർന്ന്, ഭാവി ലോകകപ്പ് സ്വപ്നങ്ങളിലേക്കു ചേക്കേറി...! 

ഗുഡ്ബൈ, കെല്ലിനി 

ഇറ്റലിയുടെ ക്യാപ്റ്റനും ഡിഫൻഡറുമായ ജോർജിയോ കെല്ലിനിയുടെ ദേശീയ ജഴ്സിയിലെ അവസാന മത്സരമായിരുന്നു ഇത്. 117–ാം മത്സരം കളിച്ച കെല്ലിനി (37) നേരത്തേ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽത്തന്നെ കെല്ലിനിയെ കോച്ച് പിൻവലിക്കുകയും ചെയ്തു. 

 

ഇറ്റലി                                           അർജന്റീന

3           ഷോട്ട് ഓൺ ടാർഗറ്റ്               10

44%      പന്തവകാശം                          56%

13           ഫൗൾ                                 16

3           മഞ്ഞക്കാർഡ്                         1

3           ഓഫ് സൈഡ്                         0

3           കോർണർ                               4

 

ഇറ്റലി 0 അർജന്റീന 3

ഗോൾ സ്കോറർമാർ 

28: ലൗറ്റാരോ മാർട്ടിനെസ് 

45+1: എയ്ഞ്ചൽ ഡി മരിയ 

90+4: പൗലോ ഡിബാല 

ഫൈനലിസിമ

കോപ്പ– യൂറോ ജേതാക്കളുടെ ‘കപ്പ് ഓഫ് ചാംപ്യൻസ്’ പോരാട്ടമാണ് ഫൈനലിസിമ. മുൻപ് 1985ലും 1993ലും മാത്രമാണ് ഇതു നടന്നിട്ടുള്ളത്. 

∙ ഇറ്റലിക്കെതിരായ ജയത്തോടെ അർജന്റീന തോൽവിയറിയാതെയുള്ള തുടർച്ചയായ 32–ാം മത്സരമാണ് ഇന്നലെ പൂർത്തിയാക്കിയത്.

English Summary: "Vintage Lionel Messi masterclass" "Surely gonna win one more Ballon d'Or" - Fans hail Argentine maestro as 'greatest athlete of all time' after Finalissima win against Italy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com