ADVERTISEMENT

ക്ലബ് ഫുട്ബോൾ സീസൺ അവസാനിച്ചതോടെ, രാജ്യാന്തര മത്സരങ്ങൾ ആഘോഷമാക്കി സൂപ്പർ താരങ്ങൾ. എസ്റ്റോണിയയ്ക്കെതിരെ സൗഹൃദ മത്സരത്തിൽ അർജന്റീന താരം ലയണൽ മെസ്സി അടിച്ചു കൂട്ടിയത് 5 ഗോളുകൾ. സ്വിറ്റ്സർലൻഡിനെതിരെ യുവേഫ നേഷൻസ് ലീഗ് മത്സരത്തിൽ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയത് 2 ഗോളുകൾ. യുക്രെയ്നെതിരെ വിജയവുമായി വെയ്ൽസ് ലോകകപ്പിനു ടിക്കറ്റെടുത്തപ്പോൾ മിന്നിക്കളിച്ചത് ക്യാപ്റ്റൻ ഗാരെത് ബെയ്ൽ. ഖത്തർ ലോകകപ്പ് ഫുട്ബോളിന് ഇനിയും 5 മാസമുണ്ടെങ്കിലും അതിനുള്ള പെരുമ്പറ മുഴക്കം തുടങ്ങിക്കഴിഞ്ഞു.

 

മെസ്സി മാജിക്!

അർജന്റീന–5, എസ്റ്റോണിയ–0; മെസ്സിക്ക് 5 ഗോൾ

 

പാംപ്‌‌ലോന (സ്പെയിൻ) ∙ ഇറ്റലിക്കെതിരെ ഫൈനലിസിമ മത്സരത്തിൽ മിന്നിക്കളിച്ചെങ്കിലും മെസ്സി ഗോളടിച്ചില്ലല്ലോ എന്നായിരുന്നു ആരാധകരുടെ സങ്കടം. ഒരാഴ്ച തികയും മുൻപ് മെസ്സി ആ സങ്കടം തീർത്തു കൊടുത്തു. എസ്റ്റോണിയയ്ക്കെതിരെ അർജന്റീന 5–0നു ജയിച്ചപ്പോൾ 5 ഗോളുകളും മെസ്സിയുടെ ബൂട്ടിൽ നിന്ന്. ഒസാസൂന ക്ലബ്ബിന്റെ എൽ സാദർ സ്റ്റേഡിയത്തിൽ 8–ാം മിനിറ്റിൽ പെനൽറ്റി കിക്കിലൂടെ ഗോളടി തുടങ്ങിയ മെസ്സി 76–ാം മിനിറ്റിലാണ് നിർ‍ത്തിയത്. 45, 47, 71 മിനിറ്റുകളിലായിരുന്നു മറ്റു ഗോളുകൾ. മെസ്സിയെക്കൊണ്ട് ഗോളടിപ്പിച്ചേ തീരൂ എന്ന മനസ്സോടെ അർജന്റീന താരങ്ങളും കളിച്ചപ്പോൾ സ്പെയിനിലെ മെസ്സി ആരാധകരും ആഘോഷത്തിൽ പങ്കുചേർന്നു. പരാജയമറിയാതെ അർജന്റീനയുടെ 33–ാം മത്സരം കൂടിയായി ഇത്.

കരിയറിൽ രണ്ടാം തവണയാണ് മെസ്സി ഒരു മത്സരത്തിൽ 5 ഗോളുകൾ നേടുന്നത്. മുൻപ് ബാർസിലോന ക്ലബ്ബിന്റെ താരമായിരിക്കെ ചാംപ്യൻസ് ലീഗ് മത്സരത്തിൽ ജർമൻ ക്ലബ് ബയർ ലെവർക്യുസനെതിരെയായിരുന്നു ആദ്യം. 

 

ഇരട്ടപ്രഹരം

 

പോർച്ചുഗൽ–4, സ്വിറ്റ്സർലൻഡ്–0;  ക്രിസ്റ്റ്യാനോയ്ക്ക് 2 ഗോൾ

 

ലിസ്ബൻ ∙ നാട്ടിലേക്കുള്ള വരവ് ക്രിസ്റ്റ്യാനോ റൊണാൾഡോ മോശമാക്കിയില്ല. യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ മത്സരത്തിൽ പോർച്ചുഗൽ സ്വിറ്റ്സർലൻഡിനെ തോൽപിച്ചത് 4–0ന്; തന്റെ ആദ്യ ക്ലബ്ബായ സ്പോർട്ടിങ്ങിന്റെ സ്റ്റേ‍ഡിയത്തിൽ ക്രിസ്റ്റ്യാനോ ലക്ഷ്യം കണ്ടതു രണ്ടു വട്ടം. വില്യം കാർവാലോ, ജോവ കാൻസലോ എന്നിവരും ഗോൾ നേടി. ലീഗ് എയിലെ ഗ്രൂപ്പ് ഒന്നിൽ 4 പോയിന്റുമായി പോർച്ചുഗൽ ഒന്നാം സ്ഥാനത്തേക്കു കയറി. 15–ാം മിനിറ്റിൽ ക്രിസ്റ്റ്യാനോയുടെ ഫ്രീകിക്ക് സ്വിസ് ഗോളി ഗ്രിഗർ കോബൽ തട്ടിയകറ്റിയത് തിരിച്ചു വിട്ട് കാർവാലോയാണ് പോർച്ചുഗലിന്റെ ഗോളടി തുടങ്ങിയത്. 35,39 മിനിറ്റുകളിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോളുകൾ. ഹാട്രിക് തികയ്ക്കാൻ ആദ്യപകുതിയിൽ തന്നെ ക്രിസ്റ്റ്യാനോയ്ക്കു രണ്ട് അവസരങ്ങൾ കിട്ടിയെങ്കിലും ഗോളാക്കാനായില്ല. 68–ാം മിനിറ്റിൽ കാൻസലോ ഗോൾപട്ടിക തികച്ചു.

 

ഒറ്റയടി!

ജപ്പാൻ–0, ബ്രസീൽ–1;  ഗോളടിച്ച് നെയ്മാർ

 

ടോക്കിയോ ∙ ദക്ഷിണ കൊറിയയെ 5–1നു തോൽപിച്ചതിന്റെ ആത്മവിശ്വാസത്തിൽ ടോക്കിയോയിൽ കളിക്കാനെത്തിയ ബ്രസീൽ ജപ്പാനെതിരെ വിയർത്തു. ടോക്കിയോ നാഷനൽ സ്റ്റേ‍ഡിയം നിറഞ്ഞു കവിഞ്ഞ ജാപ്പനീസ് ആരാധകർക്കു മുന്നിൽ ബ്രസീലിന്റെ ജയം 1–0ന്. 77–ാം മിനിറ്റിൽ പെനൽറ്റി കിക്കിലൂടെ വിജയഗോൾ നേടിയത് സൂപ്പർ താരം നെയ്മാർ. 21 ഷോട്ടുകളുമായി ആക്രമിച്ചു കളിച്ചെങ്കിലും ബ്രസീലിനു കൂടുതൽ ഗോൾ നേടാനായില്ല.

 

ബെയ്ൽസ്

 

കാർഡിഫ് ∙ റയൽ മഡ്രിഡ് ആരാധകർക്ക് വലിയ സ്നേഹമില്ലെങ്കിലും വെയ്ൽസിന് ഗാരെത് ബെയ്ൽ പൊന്നാണ്! യുക്രെയ്നെതിരെ നിർണായക പ്ലേഓഫ് മത്സരത്തിൽ 1–0 വിജയവുമായി വെയ്ൽസ് ഖത്തർ ലോകകപ്പിനു യോഗ്യത നേടിയപ്പോൾ വഴി കാട്ടിയായത് ക്യാപ്റ്റൻ ബെയ്ൽ തന്നെ. 34–ാം മിനിറ്റിൽ ബെയ്‌‌ലിന്റെ ഫ്രീകിക്ക് യുക്രെയ്ൻ താരം ആൻ‍ഡ്രി യാർമോലെങ്കോയുടെ തലയിലുരസി സ്വന്തം വലയിലേക്കു പോയി. 64 വർഷങ്ങൾക്കു ശേഷമാണ് വെയ്ൽസ് ലോകകപ്പിന് യോഗ്യത നേടുന്നത്. 1958ലാണ് അവർ ഇതിനു മുൻപ് ലോകകപ്പ് കളിച്ചത്. വെയ്ൽ‍സ് കൂടി യോഗ്യത നേടിയതോടെ യൂറോപ്പിൽ നിന്നുള്ള 13 ലോകകപ്പ് ബെർത്തുകളും പൂർത്തിയായി. ലോകകപ്പിൽ ഇംഗ്ലണ്ട്, യുഎസ്എ, ഇറാൻ എന്നിവർ ഉൾപ്പെടുന്ന ബി ഗ്രൂപ്പിലാണ് വെയ്ൽസ് കളിക്കുക.

 

ഗാവി ഗോളിൽ സ്പെയിൻ

 

ബാർസിലോന ക്ലബ്ബിന്റെ പതിനേഴുകാരൻ മിഡ്ഫീൽഡർ ഗാവി ദേശീയ ടീമിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോററായ മത്സരത്തിൽ സ്പെയിന് ചെക്ക് റിപ്പബ്ലിക്കിനെതിരെ സമനില (2–2). ആദ്യ പകുതിയുടെ ഇൻജറി ടൈമിൽ ലക്ഷ്യം കണ്ട ഗാവി (17 വയസ്സ്, 304 ദിവസം) ബാർസയിലെ സഹതാരം അൻസു ഫാറ്റിയുടെ (17 വയസ്സ്, 311 ദിവസം) റെക്കോർഡാണ് മായ്ച്ചത്. 90–ാം മിനിറ്റിൽ ഇനിഗോ മാർട്ടിനസ് നേടിയ ഗോളിലാണ് സ്പെയിൻ സമനില പിടിച്ചത്. സൂപ്പർ താരം എർലിങ് ഹാലൻഡ് ഇരട്ടഗോൾ‍ നേടിയ മത്സരത്തിൽ നോർവേ 2–1ന് സ്വീഡനെ തോൽപിച്ചു. നോർവേ ലോകകപ്പിനു യോഗ്യത നേടിയിട്ടില്ല. 

 

ഇനി 2 ടീം കൂടി‍

 

ഖത്തർ ലോകകപ്പിനു യോഗ്യത നേടുന്ന 30–ാം ടീമാണ് വെയ്ൽസ്. ഇനി ശേഷിക്കുന്നത് വൻകരാ പ്ലേ ഓഫുകളിൽ ജയിച്ചെത്തുന്നവർക്കുള്ള 2 ബെർത്തുകൾ മാത്രം. അതിനു മുൻപ് ഏഷ്യൻ യോഗ്യത 4–ാം റൗണ്ട് മത്സരവുമുണ്ട്. ഖത്തർ നഗരമായ അൽ റയാനിലാണ് എല്ലാ മത്സരങ്ങളും.

 

ഏഷ്യൻ‍ യോഗ്യത 4–ാം റൗണ്ട്: 

യുഎഇ–ഓസ്ട്രേലിയ, ജൂൺ 7

(ഇതിൽ ജയിക്കുന്ന ടീം ഏഷ്യ–തെക്കേ അമേരിക്ക പ്ലേഓഫിന് യോഗ്യത നേടും)

 

ഏഷ്യ–തെക്കേ അമേരിക്ക പ്ലേ ഓഫ്: 

യുഎഇ/ഓസ്ട്രേലിയ– പെറു, ജൂൺ 13

 

വടക്കേ അമേരിക്ക– ഓഷ്യാനിയ പ്ലേഓഫ്:

കോസ്റ്റാറിക്ക–ന്യൂസീലൻ‍ഡ്, ജൂൺ 14

(ഈ മത്സരങ്ങളിൽ ജയിക്കുന്ന 2 ടീമുകൾ ലോകകപ്പിനു യോഗ്യത നേടും)

 

English Summary: World cup football

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com