ADVERTISEMENT

ബ്രസൽസ് ∙ ബൽജിയം താരങ്ങളുടെ ആത്മാർഥത ചോദ്യം ചെയ്ത ആരാധകർക്ക് ഇതിലും മനോഹരമായ മറുപടി കിട്ടാനില്ല. യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ പോളണ്ടിനെതിരെ ഒരുഗോളിനു പിന്നിൽ നിന്ന ശേഷം 6 ഗോൾ തിരിച്ചടിച്ച് ബൽജിയത്തിന്റെ സമ്പൂർണ മേധാവിത്തം! സ്കോർ: ബൽജിയം–6, പോളണ്ട്–1 .

കഴി‍ഞ്ഞ ദിവസം നെതർലൻഡ്സിനോട് 1–4നു തോറ്റതിനെത്തുടർന്നാണ് ബൽജിയം താരങ്ങളുടെ പ്രകടനം പല വേദികളിലും ചോദ്യം ചെയ്യപ്പെട്ടത്. നേഷൻസ് ലീഗിലെ ടീമിന്റെ പ്രകടനമാകെ വിമർശിക്കപ്പെട്ടു. എന്നാൽ അപ്പോഴും കളിക്കാരെ ആരെയും കുറ്റപ്പെടുത്താൻ തുനിയാതിരുന്ന കോച്ച് റോബർട്ടോ മാർട്ടിനെസിന്റെ നിലപാട് ശരിയായിരുന്നുവെന്ന് പോളണ്ടിനെതിരായ മത്സരം തെളിയിച്ചു.

28–ാം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്സ്കിയുടെ ഗോളിൽ പോളണ്ട് മുന്നിൽ. ആദ്യപകുതി തീരാൻ 3 മിനിറ്റുള്ളപ്പോൾ അക്സൽ വിറ്റ്സലിന്റെ ഗോളിൽ (42–ാം മിനിറ്റ്) ബൽജിയം ഒപ്പമെത്തി. കെവിൻ ഡിബ്രുയ്നെ (59), ലിയാൻഡ്രോ ട്രോസ്സാർഡ് (73,80), ലിയാൻഡർ ഡെൻഡോൻകർ (83), ലോയിസ് ഒപെൻഡ (90+3) എന്നിവരും പിന്നാലെ ഗോളടിച്ച് കളി ഉഷാറാക്കി. ലീഗ് എയിലെ ഗ്രൂപ്പ് ഒന്നിൽ ബൽജിയം രണ്ടാമതും പോളണ്ട് മൂന്നാം സ്ഥാനത്തുമാണ്. വെയ്ൽ‌സിനെ 2–1നു തോൽപിച്ച് നെതർലൻഡ്സ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തു തുടരുന്നു. 

ലീഗ് ബിയിലെ ഗ്രൂപ്പ് ഒന്നിൽ യുക്രെയ്ൻ 1–0ന് അയർലൻഡിനെ തോൽപിച്ചു. ലോകകപ്പ് യോഗ്യതാ പ്ലേ ഓഫിൽ വെയ്ൽ‌സിനോടു പരാജയപ്പെട്ടതിന്റെ നിരാശ ചെറുതായെങ്കിലും മറികടക്കുന്നതായി ഈ വിജയം. സ്കോട്‌ലൻഡ് 2–0ന് അർമീനിയയെ തോൽപിച്ചു.

Content Highlights: UEFA Nations League

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com