ഫിലിപ്പൈൻസ് തോറ്റു (4–0); അവസാന കളിക്കു മുൻപേ ഇന്ത്യയ്ക്ക് ഏഷ്യൻ കപ്പ് യോഗ്യത!

Mail This Article
ന്യൂഡൽഹി∙ 2023 എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളിനു യോഗ്യത നേടി ഇന്ത്യ. യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ പലസ്തീൻ ഫിലിപ്പൈൻസിനെ 4–0നു കീഴടക്കിയതോടെയാണു ഹോങ്കോങ്ങിനെതിരെ ഇന്നു രാത്രി നടക്കുന്ന മത്സരത്തിനു മുൻപു തന്നെ ഇന്ത്യ ഏഷ്യൻ കപ്പിനുള്ള ടിക്കറ്റ് ഉറപ്പിച്ചത്.
നിലവിൽ 6 പോയിന്റുള്ള ഇന്ത്യ പട്ടികയിൽ ഹോങ്കോങ്ങിനു പിന്നിൽ 2–ാം സ്ഥാനത്താണ്. 6 പോയിന്റ്തന്നെയാണുള്ളതെങ്കിലും മികച്ച ഗോള്‍ ശരാശരിയാണു ഹോങ്കോങ്ങിനെ ഒന്നാമതെത്തിച്ചത്.ഫിലിപ്പൈൻസിന്റെ വമ്പൻ തോൽവിയാണ് ഇന്ത്യയ്ക്കു തുണയായത്. ഇതോടെ ഗ്രൂപ്പിലെ ഏറ്റവും മികച്ച 2–ാം സ്ഥാനക്കാരായെങ്കിലും ഇന്ത്യയ്ക്കു യോഗ്യത ഉറപ്പായി.
6 ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാർക്കൊപ്പം ഏറ്റവും മികച്ച 5 രണ്ടാം സ്ഥാനക്കാർക്കും ടൂർണമെന്റിനു യോഗ്യത നേടാം. 13 ടീമുകൾ നേരത്തെതന്നെ യോഗ്യത നേടിയിരുന്നു. ആകെ 24 ടീമുകളാണു ടൂർണമെന്റിൽ കളിക്കുക. 5–ാം തവണയാണ് ഇന്ത്യ ഏഷ്യൻ കപ്പിനു യോഗ്യത നേടുന്നത്.
English Summary: India qualifies for 2023 AFC Asian Cup as Palestine beats Philippines