ADVERTISEMENT

പാരിസ്∙ 5–ാം മിനിറ്റിലെ പെനൽറ്റി. ഒരൊറ്റ ഷോട്ടിൽ ക്രൊയേഷ്യൻ നായകൻ ലൂക്കാ മോഡ്രിച്ച് ഫ്രാൻസിന്റെ കഥ തീർത്തു! നേഷൻ ലീഗ് ഫുട്ബോളിൽ നിലവിലെ ജേതാക്കളായ ഫ്രാൻസ്, ക്രൊയേഷ്യയോടു തോറ്റു (1–0) ടൂർണമെന്റിനു പുറത്ത്. ക്രൊയേഷ്യയ്ക്കെതിരായ തോൽവിയോടെ നേഷൻസ് ലീഗിലെ അവസാന നാലിൽ ഇടംപിടിക്കാമെന്ന ഫ്രാൻസിന്റെ പ്രതീക്ഷ പൊലിഞ്ഞു. ഗ്രൂപ്പിൽ അവശേഷിക്കുന്ന 2 മത്സരങ്ങൾ ജയിച്ചാൽപ്പോലും ഇനി ഫ്രാൻസിനു രക്ഷയില്ല.

2018 ലോകകപ്പ് ഫൈനലിന്റെ ‘തനിയാവർത്തനത്തിൽ’, ഫുട്ബോൾ ചരിത്രത്തിൽത്തന്നെ ഫ്രാൻസിനെതിരായ ആദ്യ വിജയമാണു ക്രൊയേഷ്യ സ്വന്തമാക്കിയതും. ഗ്രൂപ്പ് ഒന്നിൽ 2 മത്സരങ്ങൾ തോൽക്കുകയും 2 സമനില വഴങ്ങുകയും ചെയ്ത ഫ്രാൻസ് 2 പോയിന്റോടെ പട്ടികയുടെ ഏറ്റവും ഒടുവിലാണ്. 4 മത്സരങ്ങൾ പിന്നിടുമ്പോൾ ഡെൻമാർക്ക് (9), ക്രൊയേഷ്യ (7), ഓസ്ട്രിയ (4) എന്നീ ടീമുകൾക്കു വളരെ പിന്നാലാണു ഫ്രാൻസ്. 

മുൻ മത്സരങ്ങളിലെപ്പോലെ ടീം ലൈനപ്പ് പാടേ മാറ്റിമറിച്ച കോച്ച് ദിദിയെ ദെഷമിന്റെ തന്ത്രങ്ങൾ വീണ്ടും പാളുന്നതാണു ക്രൊയേഷ്യയ്ക്കെതിരെ കണ്ടത്. പ്രമുഖ താരങ്ങൾക്കു വിശ്രമം അനുവദിക്കുന്നതിൽ ദെഷം ശ്രദ്ധ പതിപ്പിച്ചപ്പോൾ ഫ്രാൻസിനായി മികച്ച ഇലവൻ ഒരിക്കൽക്കൂടി കളത്തിലിറങ്ങിയില്ല. ഫ്രഞ്ച് പ്രതിരോധനിര താരം ഇബ്രഹിമ കൊനാട്ടെ, ആന്റെ ബുദിമിറിനെ ഫൗൾ ചെയ്തു വീഴ്ത്തിയതിനു ലഭിച്ച പെനൽറ്റിയിൽനിന്നായിരുന്നു മോഡ്രിച്ചിന്റെ വിജയഗോൾ.

ഗോൾ മടക്കാൻ കിലിയൻ എംബപെയ്ക്കു 2 അവസരങ്ങൾ ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ തിരിച്ചടിയായി. ഗോൾ നേടിയതിനു ശേഷവും ക്രൊയേഷ്യയ്ക്കു തന്നെയായിരുന്നു മത്സരത്തിൽ മേൽക്കെ. മത്സരം അവസാനിക്കാൻ 10 മിനിറ്റുള്ളപ്പോൾ മധ്യനിത താരം മാറ്റിയോ ഗുൻഡോസിയെ വലിച്ച് ദെഷം സ്ട്രൈക്കർ ആന്റോയ്ൻ ഗ്രീസ്മാനെ ഇറക്കിയെങ്കിലും ഫ്രാൻസിനു സമനില ഗോൾ നേടാനായില്ല.

 

 

English Summary: UEFA Nations League: Luka Modric penalty seals 1-0 win for Croatia, France miss out on final 4 berth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com