ADVERTISEMENT

കൊൽക്കത്ത ∙ കരിയര്‍ അവസാനിച്ചെന്ന് ഉറപ്പിച്ചിടത്തു നിന്നു തിരിച്ചെത്തി ഇന്ത്യയ്ക്കായി ഗോൾ നേടി യുവതാരം അൻവർ അലിയുടെ ഐതിഹാസിക മടങ്ങിവരവ്. ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടിലെ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ഹോങ്കോങ്ങിനെതിരെ ഇന്ത്യക്കായി ആദ്യ ഗോളടിച്ചത് അന്‍വര്‍ അലിയാണ്. അപൂര്‍വ ഹൃദ്രോഗം ബാധിച്ച അന്‍വര്‍ അലി രണ്ടുവര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയത്. ഹോങ്കോങ്ങിനെതിരായ കളിയുടെ രണ്ടാം മിനിറ്റിലാണ് ഇന്ത്യയുടെ പ്രതിരോധ ഭടനായ അന്‍വര്‍ അലി ടീമിനെ മുന്നിലെത്തിച്ചത്.

പഞ്ചാബ് സ്വദേശിയായ അൻവർ അലി മിനർവ പഞ്ചാബിന്റെ അക്കാദമി വഴിയാണു വളർന്നത്. ജന്മനാ ഹൃദയത്തിനു തകരാറുള്ള ഈ ഇരുപത്തിരണ്ടുകാരനോട് ഫുട്ബോൾ ഉപേക്ഷിക്കാൻ ഒരു ഘട്ടത്തിൽ ആവശ്യപ്പെട്ടത് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനാണ്. തുടർന്ന് കോടതി കയറിയാണ് കളി തുടരാനുള്ള അനുമതി അൻവർ അലി നേരിട്ടത്. സമാനതകളില്ലാത്ത വെല്ലുവിളികൾക്കൊടുവിൽ ഇന്ത്യൻ ജഴ്സിയിൽ ഗോളടിച്ച് അൻവർ ഹൃദയം കവരുന്നു. ഏഴാം വയസില്‍ സ്ട്രൈക്കറായി കളിതുടങ്ങിയ ഈ ഇരുപത്തിരണ്ടുകാരൻ പിന്നീട് പ്രതിരോധ ചുമതലയിലേക്കു മാറുകയായിരുന്നു.

2019ലെ ഐഎസ്എൽ സീസണിൽ മുംബൈ സിറ്റി നിരയിൽ അംഗമായിരുന്ന അൻവർ അലി, സീസൺ ആരംഭിക്കുന്നതിനു തൊട്ടുമുൻപ് ഹൃദയസംബന്ധമായ തകരാറിനെത്തുടർന്ന് കളംവിട്ടത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇന്ത്യയിൽ ഒരു കൗമാരതാരത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന തുക ചെലവഴിച്ചുള്ള റെക്കോർഡ് കരാറിലാണ് അന്ന് അൻവർ അലി മുംബൈ സിറ്റിയിൽ എത്തിയത്.ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ദേശീയ ടീമിന്റെ പരിശീലന ക്യാംപിലും ഇടംനേടിയ വേളയിലായിരുന്നു അൻവറിന്റെ അപ്രതീക്ഷിത പിൻവാങ്ങൽ. അൻവർ കളി തുടരുന്നത് അപകടമാണെന്ന നിർദ്ദേശത്തെ തുടർന്നായിരുന്നു ഇത്. മുൻപു  ഫ്രാൻസിൽ പോയി നടത്തിയ പരിശോധനയിൽ അൻവറിനു രോഗം സ്ഥിരീകരിച്ചിരുന്നു.

പരിശീലനം പോലും സാധ്യമല്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയതോടെ അന്‍വര്‍ അലി കളത്തില്‍ നിന്ന് ഇടവേളയെടുത്തു. പിന്നീട് 2021ല്‍ ഐ ലീഗിലെ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ ഡല്‍ഹിക്കൊപ്പം ചേര്‍ന്ന് മിന്നുന്ന പ്രകടനം സെന്റര്‍ ബാക്ക് സ്ഥാനത്ത് കാഴ്ചവച്ചു. ഡ്യൂറൻഡ് കപ്പില്‍ ഡല്‍ഹിയെ നോക്കൗട്ടിലെത്തിച്ചു. ഇതിനു പിന്നാലെ ഈ വര്‍ഷം മാര്‍ച്ചില്‍ ഇന്ത്യൻ ‍പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് ദേശീയ ടീമിൽ ഉൾപ്പെടുത്തി. ആദ്യം സൗഹൃദ മല്‍സരത്തില്‍ കളിപ്പിച്ചു. ബഹ്‌റൈനെതിരെ രാജ്യാന്തര ഫുട്ബോളിലെ ആദ്യ ഗോളും നേടി. ഇപ്പോഴിതാ ഹോങ്കോങ്ങിനെതിരെ ഗോളടിച്ച് അന്‍വര്‍ അലി വീണ്ടും ഹൃദയങ്ങള്‍ കീഴടക്കുന്നു.

English Summary: Anwar Ali, once stopped from playing due to a heart condition, shines bright for India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com