ADVERTISEMENT

വീട്ടിലേക്ക് വലിയൊരു വിരുന്നുപട വരുന്നതിന്റെ തത്രപ്പാടിലാണ് ഖത്തർ; ലോകകപ്പ് സമയത്തു കളി കാണാനെത്തുന്ന എല്ലാവർക്കും താമസവും ഭക്ഷണവുമൊരുക്കണമല്ലോ! ലക്ഷക്കണക്കിനു കാണികൾക്കായി ഒരു പുതുമ കൂടി കാഴ്ച വയ്ക്കാനൊരുങ്ങുകയാണ് കുഞ്ഞൻ അറബ് രാജ്യം– താമസിക്കാൻ മരുഭൂമിയിൽ മനോഹരമായ കൂടാരങ്ങൾ! 

എല്ലാവർക്കും ആതിഥ്യമരുളാൻ ഹോട്ടലുകൾ മതിയാവില്ല എന്നതു കൊണ്ടു മാത്രമല്ല ഖത്തർ ടെന്റുകളിലേക്കു തിരിയുന്നത്. രാജ്യത്തിന്റെ സംസ്കാരം മറ്റുള്ളവർക്കു കൂടി അനുഭവിച്ചറിയാൻ വേണ്ടിയാണ്. പരമ്പരാഗത രീതിയിലുള്ള ആയിരത്തോളം ‘ബദൂയിൻ ടെന്റുകളാണ്’ ഇതിനായി നിർമിക്കുക. അറബ് രാജ്യങ്ങളിലെ നാടോടി ഗോത്രവിഭാഗമാണ് ബദൂയിനുകൾ. ഖത്തർ ലോകകപ്പ് വേദികളിലൊന്നായ അൽ ബയ്ത് സ്റ്റേഡിയം ബദൂയിൻ ടെന്റുകളുടെ മാതൃകയിലാണ്. 

al-beit
അൽ ബയ്ത് സ്റ്റേഡിയം.

ഇരുനൂറോളം ടെന്റുകൾ അത്യാഡംബര സൗകര്യങ്ങൾ ഉള്ളവയായിരിക്കും. പരമ്പരാഗത അറബ് ഭക്ഷണവും പാനീയങ്ങളും സംഗീതവുമെല്ലാം ടെന്റിലുണ്ടാകുമെന്ന് ലോകകപ്പിനെത്തുന്നവരുടെ താമസസൗകര്യത്തിന്റെ ഏകോപനച്ചുമതലയുള്ള ഒമർ അൽ ജാബർ പറയുന്നു. 

ഖത്തർ ടൂറിസത്തിന്റെ കണക്കനുസരിച്ച് രാജ്യത്താകെയുള്ളത് മുപ്പതിനായിരത്തോളം ഹോട്ടൽ മുറികളാണ്. ലോകകപ്പ് കാണാനെത്തുമെന്നു പ്രതീക്ഷിക്കുന്നത് 12 ലക്ഷത്തോളം പേരും. ഖത്തർ ജനസംഖ്യയുടെ ഏകദേശം പകുതിയാണിത്. 

ഹോട്ടൽ മുറികൾക്കും വില്ലകൾക്കും പുറമേ കാണികൾക്ക് ആതിഥ്യമരുളാൻ സ്വദേശികൾക്കും രാജ്യത്തെ പ്രവാസികൾക്കും ഖത്തർ അവസരം നൽകുന്നുണ്ട്. ഒരാൾക്കു പരമാവധി 10 പേരെ വരെ വീട്ടിൽ താമസിപ്പിക്കാം. രണ്ട് ആഡംബരക്കപ്പലുകളും കാണികളുടെ താമസത്തിനായി ഒരുക്കുന്നുണ്ട്. ഇതിനു പുറമെ അയൽ രാജ്യങ്ങളിൽ നിന്ന് പോയി വരാവുന്ന രീതിയിൽ ‘ഷട്ടിൽ വിമാനസർവീസു’മുണ്ടാകും. നവംബർ 21 മുതൽ ഡിസംബർ 18 വരെയാണു ലോകകപ്പ്.

English Summary: Tent facility for stay in Qatar for World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com