ADVERTISEMENT

സാവോ പോളോ∙ സൂപ്പർ താരം നെയ്മാർ ദേശീയ ടീമിനോടു വിടപറയാൻ ഒരുങ്ങുകയാണെന്നും 10–ാം നമ്പർ ജഴ്സി തനിക്കു കൈമാറാൻ സമ്മതം അറിയിച്ചു കഴിഞ്ഞതായും ബ്രസീൽ യുവതാരം റോഡ്രിഗോ. വിരമിക്കൽ സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായി പ്രചരിക്കുന്ന സാഹചര്യത്തിൽ, ഈ വർഷം ഒടുവിൽ നടക്കുന്ന ലോകകപ്പോടെ നെയ്മാർ രാജ്യാന്തര ഫുട്ബോളിനോടു വിടപറയുമെന്നാണു വിലയിരുത്തപ്പെടുന്നത്.

ഇതിനു പിന്നാലെയാണു പെലെ, റൊണാൾഡിഞ്ഞോ, കക്കാ തുടങ്ങിയ ഇതിഹാസ താരങ്ങൾ ധരിച്ചിരുന്ന ബ്രസീൽ ദേശീയ ടീമിന്റെ 10–ാം നമ്പർ ജഴ്സി കൈമാറ്റം ചെയ്യുന്നതിനുള്ള സന്നദ്ധത സംബന്ധിച്ച് നെയ്മാർ സഹതാരങ്ങളോടു മനസ്സു തുറന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നത്. താൻ ദേശീയ ടീം വിടിനുള്ള ഒരുക്കത്തിലാണെന്നും 10–ാം നമ്പർ ജഴ്സി ഇനി നിന്റേതാണെന്നും നെയ്മാർ പറഞ്ഞതായി റോഡ്രിഗോ രാജ്യാന്തര മാധ്യമത്തിനായുള്ള അഭിമുഖത്തിൽ വെളിപ്പെടുത്തി. 

‘നെയ്മാറിന്റെ വാക്കുകൾ കേട്ടു ഞാൻ സ്തബ്ധനായിപ്പോയി. എന്താണു മറുപടി നൽകേണ്ടത് എന്നുപോലും എനിക്ക് അറിയില്ലായിരുന്നു. കുറച്ചുനാൾ കൂടി ബ്രസീലിനായി കളിക്കേണ്ടതായുണ്ട്, ഇപ്പോഴേ എനിക്ക് ഇതിന്റെ ആവശ്യമില്ല തുടങ്ങിയ കാര്യങ്ങളൊക്കെ ഞാൻ പറഞ്ഞു. അപ്പോൾ നെയ്മാർ പൊട്ടിച്ചിരിച്ചു’– റോഡ്രിഗോയുടെ വാക്കുകൾ.

2010ൽ, 18–ാം വയസ്സിൽ രാജ്യാന്തര ഫുട്ബോളിൽ ബ്രസീലിനായി അരങ്ങേറ്റം കുറിച്ച താരമാണു നെയ്മാർ. യുഎസിനെതിരായ മത്സരത്തിൽ, കളത്തിലിറങ്ങി വെറും 28 മിനിറ്റിനകം ഹെഡറിലൂടെ നെയ്മാർ ഗോളടിക്കുകയും ചെയ്തിരുന്നു.

119 മത്സരങ്ങളിൽ 74 രാജ്യാന്തര ഗോളാണ് ഇതുവരെയുള്ള നേട്ടം. അതേ സമയം യുവേഫയുടെ സാമ്പത്തിക ആവശ്യങ്ങൾക്കായി വേതനത്തിൽ‌ കുറവു വരുത്തേണ്ടതായി വരുമെങ്കിലും നെയ്മാറിനു ഫ്രഞ്ച് ക്ലബ് പിഎസ്ജി വിടാൻ പദ്ധതികളില്ലെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ് വിങ്ങറായ 21കാരൻ റോ‍ഡ്രിഗോ ബ്രസീലിനായി ഇതുവരെ 5 മത്സരങ്ങൾ മാത്രമാണു കളിച്ചിട്ടുള്ളത്. 

 

English Summary: Brazil star Neymar is preparing to 'leave the national team' according to team-mate Rodrygo 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com