ADVERTISEMENT

മലപ്പുറം ∙ മെസ്സിയുടെ ജൻമദിനത്തിൽ മലപ്പുറത്തെ ആരാധകർ നടത്തിയ ആഘോഷം ഏറ്റെടുത്ത് അർജന്റീന മാധ്യമങ്ങൾ‌. സ്പാനിഷ് ഭാഷയിലുള്ള എൽ ഡെസ്റ്റോപ് എന്ന ഓൺലൈൻ മാധ്യമമാണ് ഇതിന്റെ വിഡിയോ പങ്കുവച്ച് വാർത്ത നൽകിയത്. ടിവൈസി സ്പോർട്സ് എന്ന മാധ്യമത്തിലും വാർത്ത വന്നിട്ടുണ്ട്. അരീക്കോട് പത്തനാപുരത്തെ മെസ്സി ആരാധകരുടെ കൂട്ടായ്മ വെള്ളിയാഴ്ച അർധരാത്രി വെടിക്കെട്ട് പശ്ചാത്തലത്തിൽ കേക്ക് മുറിച്ചു നടത്തിയ ആഘോഷമാണ് ഇഷ്ടതാരത്തിന്റെ നാട്ടിലും വൈറലായത്.

മെസ്സിയുടെ ജൻമദിനത്തിൽ ഇന്ത്യയിൽ നടന്ന ഉന്മാദാഘോഷം എന്ന തലക്കെട്ടോടെയാണ് വാർത്ത. ‘സൗത്ത് ഇന്ത്യയിലെ കേരളത്തിൽ പത്തനാപുരത്ത് നടന്നതെ’ന്ന പരാമർശവും വാർത്തയിലുണ്ട്. ഇതിന്റെ ലിങ്കും വിഡിയോയും അവരുടെ സമൂഹ മാധ്യമ പേജുകളിലും പങ്കുവച്ചിട്ടുണ്ട്. ഫെയ്സ്ബുക്ക് പേജിലിട്ട പോസ്റ്റിൽ മെസ്സി ഇതു കാണുമോയെന്ന അടിക്കുറിപ്പുണ്ട്. ഇൻസ്റ്റഗ്രാം വിഡിയോയും ആയിരങ്ങൾ കണ്ടിട്ടുണ്ട്. അർജന്റീനയിലെ സ്പോർട്സ് മാധ്യമമാണ് എൽ ഡെസ്റ്റോപ്.

മെസ്സി ഫാൻസ് പത്തനാപുരം (എംഎഫ്പി) എന്ന പേരിലായിരുന്നു ആഘോഷം. മെസ്സിയുടെ ചിത്രം പതിച്ച കേക്കാണ് മുറിച്ചത്. മിനി കരിമരുന്നു പ്രയോഗവും കൂടിയായപ്പോൾ ആഘോഷം വർണാഭമായി. പത്തനാപുരം ടർഫിനു സമീപത്തുവച്ചായിരുന്നു ആഘോഷം. ഇതിന്റെ വിഡിയോ ഓൾ കേരള മെസ്സി ഫാൻസ് അസോസിയേഷൻ, ഓൾ കേരള അർജന്റീന ഫാൻസ് അസോസിയേഷൻ എന്നിവയുടെ പേജുകളിലും വന്നിരുന്നു. ഇതിൽ നിന്നാണ് അർജന്റീന മാധ്യമവും വിഡിയോ പങ്കിട്ടത്.

മെസ്സിയുടെ ജൻമദിനമായ വെള്ളിയാഴ്ച പകലും ആഘോഷം തുടർന്നതായി ആരാധകർ പറയുന്നു. പത്തനാപുരം ജിഎൽപി സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും ഉച്ചയ്ക്ക് ബിരിയാണി വിതരണം ചെയ്തതായി ആഘോഷങ്ങൾക്കു നേതൃത്വം കൊടുത്ത കെ.മുഹമ്മദ് ഫാസിൽ പറഞ്ഞു. ഇതിനു പുറമേ മധുരവിതരണവും നടത്തി. മെസ്സി ആരാധകരുടെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്താറുണ്ടെന്നും ഫാസിൽ പറഞ്ഞു. കഴിഞ്ഞ ജൻമദിനം കീഴുപറമ്പ് കാഴ്ചവെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസ കേന്ദ്രത്തിൽ അന്നദാനം നടത്തിയാണ് ആഘോഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.

English Summary: Argentina media report on Messi fans birthday celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com