ADVERTISEMENT

ഖത്തറിലെ അൽ വക്രയിലുള്ള അൽ ജനൂബ് സ്റ്റേഡിയത്തിൽ നവംബർ 22ന് ഫ്രാൻസ്–ഓസ്ട്രേലിയ ലോകകപ്പ് മത്സരം നടക്കുമ്പോൾ അതു കാണാൻ പതിനായിരക്കണക്കിന് കാണികളുണ്ടാകും. പക്ഷേ സ്റ്റേഡിയത്തിന്റെ ചരിത്രമറിയുന്നവർ അന്നോർക്കുക അവിടെയില്ലാതെ പോയ ഒരാളെക്കുറിച്ചായിരിക്കും– അതിമനോഹരമായ ഈ സ്റ്റേഡിയത്തിന്റെ ഡിസൈനറായ സാഹ ഹദീദിനെ. തന്റെ മനസ്സിൽ വിരിഞ്ഞ ഈ ഉജ്വല നിർമിതി കാണാൻ ബ്രിട്ടിഷ്–ഇറാഖി ആർക്കിടെക്റ്റായ സാഹ ഇന്ന് ജീവിച്ചിരിപ്പില്ല. ഹൃദയാഘാതത്തെത്തുടർന്ന് 2016ൽ അവർ ജീവൻ വെടിഞ്ഞു. സാഹയ്ക്കുള്ള സ്മരണാഞ്ജലിയാകും അൽ ജനൂബ് സ്റ്റേഡിയത്തിലെ ഓരോ ലോകകപ്പ് മത്സരവും. 

ദോഹയ്ക്കു തെക്കുള്ള തുറമുഖ പട്ടണമായ അൽ വക്രയിലാണ് അൽ ജനൂബ് സ്റ്റേഡിയം. ‘തെക്കിന്റെ സ്റ്റേ‍ഡിയം’ എന്നാണ് അർഥം. 575 ദശലക്ഷം യുഎസ് ഡോളർ (ഏകദേശം നാലായിരം കോടി രൂപ) ചെലവിട്ടു നിർമിച്ച സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരം 2019 മേയ് 17നായിരുന്നു. അമീർ കപ്പ് ഫൈനലിസ്റ്റുകളായ അൽ സാദ് ക്ലബ്ബും അൽ ദുഹൈൽ ക്ലബ്ബും തമ്മിൽ. അൽ സാദ് ക്ലബ്ബിനു വേണ്ടി മുൻ ബാർസിലോന താരവും ഇപ്പോൾ പരിശീലകനുമായ ചാവി ഹെർണാണ്ടസിന്റെ വിടവാങ്ങൽ മൽസരം കൂടിയായിരുന്നു ഇത്. അത്രത്തോളം വൈകാരികമായ മറ്റൊരു വിടവാങ്ങലിനു കൂടിയാണ് അന്നു സ്റ്റേ‍ഡിയം സാക്ഷ്യം വഹിച്ചത്. മത്സരത്തിനിടയ്ക്ക് സ്റ്റേഡിയത്തിന്റെ കൂറ്റൻ സ്ക്രീനിൽ സാഹ ഹദീദിന്റെ ചിത്രം തെളിഞ്ഞപ്പോൾ നാൽപതിനായിരത്തോളം കാണികൾ നിശബ്ദരായി കൈകൂപ്പി. 

al janub stadium
അൽ ജനൂബ് സ്റ്റേഡിയം. ചിത്രം: ട്വിറ്റർ

ഇറാഖി തലസ്ഥാനമായ ബാഗ്ദാദിൽ ജനിച്ച സാഹ ഹദീദ് വാസ്തുരംഗത്തെ നൊബേൽ എന്നറിയപ്പെടുന്ന പ്രിറ്റ്സ്കർ പുരസ്കാരം നേടിയ ആദ്യ വനിതയാണ്. ഒഴുക്കുള്ള ഡിസൈനുകളാണ് സാഹയുടെ നിർമിതികളുടെ പ്രത്യേകത. ‘ക്വീൻ ഓഫ് ദ് കർവ്’ എന്നാണ് അതു കൊണ്ട് അവർ അറിയപ്പെടുന്നത്. 2012 ലണ്ടൻ ഒളിംപിക്സിന്റെ അക്വാട്ടിക് സെന്റർ, ഗ്വാങ്ചൗ ഓപ്പറ ഹൗസ് തുടങ്ങിയവയാണ് സാഹയുടെ മറ്റു പ്രശസ്ത നിർമിതികൾ. 2016 മാർച്ച് 31ന് അമേരിക്കൻ നഗരമായ മയാമിയിലായിരുന്നു അറുപത്തഞ്ചുകാരി സാഹയുടെ അപ്രതീക്ഷിത മരണം.

Content Highlights: Zaha Hadid, World Cup Stadium

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com