ADVERTISEMENT

ജനീവ ∙ ഖത്തർ ഫുട്ബോൾ ലോകകപ്പിൽ ഓഫ്സൈഡ് വിവാദങ്ങൾ ഒഴിവാക്കാൻ നിർമിതബുദ്ധിയെ കൂട്ടുപിടിച്ച് ഫിഫ. കളിക്കളത്തിൽ സ്ഥാപിക്കുന്ന 12 ക്യാമറകൾ ഉപയോഗിച്ച് കളിക്കാരുടെയും പന്തിന്റെയും ചലനം മനസ്സിലാക്കി ഓഫ്സൈഡ് ആയോ എന്നു നിർമിതബുദ്ധി വഴി കണ്ടെത്തുന്ന സാങ്കേതിക വിദ്യയാണ് ഖത്തർ ലോകകപ്പിൽ നടപ്പാക്കുക. സെമി ഓട്ടമേറ്റഡ് ഓഫ്സൈഡ് ടെക്നോളജി (എസ്എഒടി) എന്നാണ് ഇതിന്റെ പേര്.

പന്തിൽ സെൻസറും 12 ക്യാമറകളും വഴിയാണ് ഇതു നടപ്പാക്കുക. ഓരോ കളിക്കാരന്റെയും ശരീരത്തിലെ 29 പോയിന്റുകളാണു ക്യാമറ ട്രാക്ക് ചെയ്യുക. ഓഫ്സൈഡ് ആവുമ്പോൾ സസൂക്ഷ്മം മനസ്സിലാക്കാൻ ഇതുവഴി സാധിക്കും. ഓരോ സെക്കൻഡിലും 50 തവണയാണ് ഈ നിരീക്ഷണം. കളിക്കാരൻ ഓഫ്സൈഡ് ആയാൽ ഉടൻ ഈ വിവരം വിഡിയോ അസിസ്റ്റന്റ് റഫറിക്കു ലഭിക്കും. അവർ ഇക്കാര്യം ഗ്രൗണ്ടിലുള്ള പ്രധാന റഫറിയെ അറിയിക്കും. ഓഫ്സൈഡിന്റെ ത്രീഡി ദൃശ്യം സ്റ്റേഡിയത്തിലെ സ്ക്രീനിൽ റീപ്ലേ പോലെ പിന്നീടു തെളിയുമെന്നതിനാൽ കാണികൾക്കും ഇതു മനസ്സിലാക്കാം. അറബ് കപ്പിലും ക്ലബ് ലോകകപ്പിലും എസ്എഒടി പരീക്ഷണാർഥത്തിൽ നടപ്പാക്കിയിരുന്നു.

വിഡിയോ അസിസ്റ്റന്റ് റഫറി (വിഎആർ) വന്നിട്ടും ഓഫ്സൈഡ് വിവാദങ്ങൾ അവസാനിക്കുന്നില്ല എന്നതു കൊണ്ടാണ് ഫിഫ നിർമിതബുദ്ധിയിലേക്കു തിരിയുന്നത്. പെട്ടെന്ന് ഓഫ്സൈഡ് കണ്ടെത്താനാവുമെന്നതും നേട്ടമാണ്. നിലവിൽ ശരാശരി 70 സെക്കൻഡാണ് വിഎആർ വഴിയുള്ള ഓഫ്സൈഡ് നിർണയത്തിനു വേണ്ടി വരുന്നത്. എസ്എഒടി വഴി ഇത് 20–25 സെക്കൻഡ് ആയി കുറയും.

∙ മൈതാനം മൊത്തം കവർ ചെയ്യുന്ന രീതിയിൽ കണ്ണുതുറന്നു നിൽക്കുന്ന 12 ക്യാമറകൾ. ഇരുവശത്തും 6 എണ്ണം വീതം.
∙ ഈ ക്യാമറ ദൃശ്യങ്ങൾ ഉപയോഗിച്ച് നിർമിത ബുദ്ധി ഓരോ കളിക്കാരന്റെയും ശരീരത്തിലെ 29 പോയിന്റുകൾ വിലയിരുത്തുന്നു.
∙ പന്തിന്റെ ചലനവും കിക്ക് എടുക്കുന്ന കൃത്യമായ സമയവും നിർണയിക്കാൻ സെൻസർ
∙ ഈ ഡേറ്റ പ്രോസസ് ചെയ്ത് ഓഫ്സൈഡ് തീരുമാനമെടുക്കാൻ വേണ്ടി വരുന്ന സമയം ഒരു സെക്കൻഡിൽ താഴെ.
∙ നിർമിതി ബുദ്ധി യുടെ തീരുമാനം വിഎആർ റഫറിക്ക്. അവർ വഴി മൈതാനത്തുള്ള റഫറിയിലേക്ക്.

English Summary: World Cup in Qatar to use semi-automated offside system

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com