ADVERTISEMENT

2004 മാർച്ച് 30നാണ് സുനിൽഛേത്രി ആദ്യമായി ഇന്ത്യയ്ക്കായി കളിച്ചത്, 20 വയസ്സിനു താഴെയുള്ളവരുടെ ചാംപ്യൻഷിപ്പിൽ. ഏപ്രിൽ 3ന് രണ്ടാമത്തെ മത്സരത്തിൽ ഇന്ത്യ ഭൂട്ടാനെ 4 – 1ന് തകർത്തപ്പോൾ അതിൽ 2 ഗോൾ ഛേത്രിയുടെ വകയായിരുന്നു. അടുത്തവർഷം പാക്കിസ്ഥാനെതിരെയുള്ള മത്സരത്തിൽ ഇന്ത്യൻ സീനിയർ ടീമിനുവേണ്ടി ആദ്യമായി അരങ്ങേറിയ ഛേത്രി ആ തലത്തിലും തന്റെ ആദ്യ ഗോൾ കുറിച്ചു.

18 വർഷത്തിനുശേഷം 38–ാം വയസ്സിലും ഇന്ത്യൻ ടീമിനായി ഗോളടിക്കാൻ ഛേത്രിയുണ്ട്, അല്ലെങ്കിൽ സ്ഥിരം ഗോളടിക്കാരനായി ഛേത്രി മാത്രമേയുള്ളൂ. ആ ഗോളുകളുടെ പിൻബലത്തിലാണ് ഇന്ത്യ തുടർച്ചയായി രണ്ടാംതവണയും എഎഫ്സി ഏഷ്യൻ കപ്പ് ചാംപ്യൻഷിപ്പിന്റെ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. അടുത്തവർഷം നടക്കുന്ന ചാംപ്യൻഷിപ്പിലേക്ക് ബെർത്ത് നേടിയതോടെ ചരിത്രത്തിൽ അഞ്ചാംതവണയാണ് ഇന്ത്യയ്ക്ക് എൻട്രിയാകുന്നത്.

24 ടീമുകളാണ് പങ്കെടുക്കുക. 65 വർഷത്തെ പാരമ്പര്യമുള്ള ഏഷ്യൻ കപ്പിന്റെ ഫൈനൽ റൗണ്ടിൽ ഇന്ത്യ നേരത്തെ തലകാണിച്ചിട്ടുള്ളത് 1964, 1984, 2011, 2019 എന്നീ വർഷങ്ങളിലാണ്.

ഇതിൽ അവസാന 2 തവണയും ഛേത്രി ഗോളടിച്ചു, 2 വീതം. ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം 1964 ലെ റണ്ണർ അപ്പ് സ്ഥാനമാണ്. ദക്ഷിണ കൊറിയയെയും ഹോങ്കോങ്ങിനെയും അന്ന് ഇന്ത്യ തോൽപ്പിച്ചു. പിന്നീട് ഇന്ത്യയ്ക്ക് ഒരു ടീമിനെതിരെ ജയിക്കാനായത് 2019ലായിരുന്നു, തായ്​ലൻഡിനെതിരെ (4 - 1). ആ വിജയത്തിൽ ഛേത്രിയുടെ വക 2 ഗോളുണ്ടായിരുന്നു.

∙ ഇതാ ടീമുകൾ

ജപ്പാൻ, ഇറാഖ്, പലസ്തീൻ, ഒമാൻ, കൊറിയൻ റിപ്പബ്ലിക്, ലെബനൻ, ഇറാൻ, ചൈന, ഖത്തർ, യുഎഇ, സൗദി അറേബ്യ, വിയറ്റ്നാം, ജോർദാൻ, ഓസ്ട്രേലിയ, സിറിയ, ഉസ്ബെക്കിസ്ഥാൻ, ബഹ്​റൈൻ, തജിക്കിസ്ഥാൻ, തായ്​ലൻഡ്, മലേഷ്യ, കിർഗിസ്ഥാൻ, ഹോങ്കോങ്, ഇന്തോനേഷ്യ എന്നിവയാണ് ഇന്ത്യയ്ക്കു പുറമെ ഏഷ്യൻ കപ്പിൽ പങ്കെടുക്കുന്ന ടീമുകൾ. ഖത്തറാണ് നിലവിലുള്ള ജേതാക്കൾ. ഏറ്റവും കൂടുതൽ തവണ ചാംപ്യന്മാരായിട്ടുള്ളത് ജപ്പാനും, 4 തവണ. 

India's football captain Sunil Chhetri (front) vibes for the ball during the World Cup 2022 and 2023 AFC Asian Cup qualifying football match between India and Bangladesh at the Vivekananda Yuba Bharati Krirangan in Kolkata on October 15, 2019. (Photo by Dibyangshu SARKAR / AFP)
India's football captain Sunil Chhetri (front) vibes for the ball during the World Cup 2022 and 2023 AFC Asian Cup qualifying football match between India and Bangladesh at the Vivekananda Yuba Bharati Krirangan in Kolkata on October 15, 2019. (Photo by Dibyangshu SARKAR / AFP)

∙ പരുക്കിൽനിന്ന് മടങ്ങിവന്ന് ഛേത്രി

ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഗോൾവേട്ടക്കാരനാണ് ബെംഗളൂരു എഫ്സി താരമായ സുനിൽ ഛേത്രി (51 ഗോൾ). എന്നാൽ അവസാന സീസൺ അത്ര മികച്ചതായിരുന്നില്ല. 4 ഗോൾ മാത്രമാണ് നേടാനായത്. 2 പെനൽറ്റിയടക്കം പല ഓപ്പൺ ചാൻസുകളും നഷ്ടപ്പെടുത്തിയ ഛേത്രി ആകെ പകച്ച നിലയിലായിരുന്നു സീസണിൽ കാണപ്പെട്ടത്. തുടർന്ന് പരുക്ക് ബുദ്ധിമുട്ടിച്ച ചെറിയൊരു ഇടവേള. അതിനുശേഷമാണ് ഛേത്രി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളിൽ പങ്കെടുത്തത്. എന്നാൽ ദേശീയ ടീമിലേക്കുള്ള ആ തിരിച്ചുവരവിന് ഗോളാഘോഷത്തിന്റെ സൗന്ദര്യമുണ്ടായിരുന്നു.

3 കളിയിൽനിന്ന് 4 ഗോൾ. കംബോഡിയയ്ക്കെതിരെയുള്ള ആദ്യ മത്സരത്തിൽ ഇരട്ടഗോൾ നേട്ടത്തിലൂടെ ടീമിനെ വിജയിപ്പിച്ച ഛേത്രി, അഫ്ഗാനിസ്ഥാനും ഹോങ്കോങ്ങിനും എതിരായ  മത്സരങ്ങളിലും ഓരോ ഗോളുകൾനേടി ടീമിന്റെ സമ്പൂർണ വിജയത്തിന് മുന്നിൽനിന്ന് പോരാടി. ഇതോടെ ഛേത്രിയുടെ രാജ്യാന്തര ഗോൾനേട്ടം 84 ആയി. ഹംഗറിയുടെ ഇതിഹാസതാരം ഫെറങ്ക് പുഷ്കാസിനൊപ്പം. സജീവ ഫുട്ബോളിലെ ഗോൾക്കണക്കിൽ ഇനി മുൻപിൽ ക്രിസ്റ്റ്യാനോ റെണാൾഡോയും (117 ഗോൾ) മെസ്സിയും (86) മാത്രം. 

∙ 4 രാജ്യങ്ങളിൽ ഒന്നാമൻ, പണ്ട്

ഇന്ത്യ റണ്ണർ അപ്പ് ആയ 1964ൽ ചാംപ്യൻഷിപ്പിൽ പങ്കെടുത്തത് വെറും 4 ടീമുകൾ മാത്രമായിരുന്നു. ഇസ്രയേലിൽ നടന്ന ചാംപ്യൻഷിപ്പിൽ ആതിഥേയർ കിരീടം ചൂടി. ദക്ഷിണ കൊറിയ (2 - 0), ഹോങ്കോങ് (3 - 1)എന്നീ ടീമുകളെയാണ് ഇന്ത്യ തോൽപ്പിച്ചത്. 2 ഗോളുമായി ഇന്ദർ സിങ് ടോപ് സ്കോററായി. ഏകപക്ഷീയമായ 2 ഗോളുകൾക്ക് ഇന്ത്യയെ തോൽപിച്ച് ഇസ്രയേൽ ജേതാക്കളും. ഇന്ദർ സിങ്, അപ്പാലരാജു എന്നിവരായിരുന്നു കൊറിയയ്ക്കെതിരെ ഗോളടിച്ചത്.

India captain Sunil Chhetri vies for the ball during the Hero Intercontinental Cup football match between India and Kenya in Mumbai on June 4, 2018. - India's football international against Kenya on June 4  was sold out in hours following captain Sunil Chhetri's emotional plea for fans to support the team after barely 2,500 people turned up to watch them play last week. (Photo by PUNIT PARANJPE / AFP)
India captain Sunil Chhetri vies for the ball during the Hero Intercontinental Cup football match between India and Kenya in Mumbai on June 4, 2018. - India's football international against Kenya on June 4 was sold out in hours following captain Sunil Chhetri's emotional plea for fans to support the team after barely 2,500 people turned up to watch them play last week. (Photo by PUNIT PARANJPE / AFP)

ഇന്ദർ സിങ്, ചുനിഗോ സ്വാമി, സുകുമാർ സമാജപതി എന്നിവരായിരുന്നു ഹോങ്കോങ്ങിനെതിരെയുള്ള സ്കോറർമാർ. 1984ൽ യുഗോസ്ലാവിയൻ പരിശീലകൻ സിറിക് മിലോവന്റെ നേതൃത്വത്തിൽ കളത്തിലിറങ്ങിയ ഇന്ത്യക്കു ലഭിച്ചത് ഒരൊറ്റ പോയിന്റുമാത്രം – ഇറാനെ സമനിലയിൽ തളച്ചതിലൂടെ ലഭിച്ചത്. ഗ്രൂപ്പിലെ മറ്റു ടീമുകളായ ചൈന, യുഎഇ, സിംഗപ്പൂർ ടീമുകളോട് തോൽക്കാനായിരുന്നു യോഗം. കൃഷാനുഡേ അടക്കമുള്ള അതികായരുടെ ഇന്ത്യയാണ് അന്നു തോറ്റമ്പിയത്.  2011ൽ നീലക്കടുവകൾ വീണ്ടും ഫൈനൽ റൗണ്ടിലെത്തിയെങ്കിലും ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയോടെ മടങ്ങാനായിരുന്നു വിധി.

‘സംപൂജ്യ’ രായായിരുന്നു മടക്കം. ഓസ്ട്രേലിയയോട് എതിരില്ലാത്ത 4 ഗോളിന് തോറ്റ ഇന്ത്യ, ബഹ്റൈൻ (5 – 2), ദക്ഷിണ കൊറിയ (4 – 1) എന്നീ ടീമുകളോടും പരാജയപ്പെട്ടു. അതോടെ പരിശീലകൻ ബോബ് ഹൂട്ടൻ ഔട്ട്. സുനിൽ ഛേത്രി, ഗൗരമാംഗി സിങ് എന്നിവരാണ് ബഹ്റൈനെതിരെ ഗോളുകൾ നേടിയത്. ദക്ഷിണ കൊറിയയ്ക്കെതിരെയുള്ള ഏക ഗോൾ ഛേത്രിയുടെ വകയായിരുന്നു, പെനൽറ്റിയിൽനിന്ന്. സ്റ്റീഫൻ കോൺസ്റ്റന്റൈനിന്റെ ശിക്ഷണത്തിൽ  2019 ൽ വീണ്ടും ഏഷ്യൻ കപ്പിനിറങ്ങിയ ഇന്ത്യ പ്രാഥമിക ഘട്ടത്തിൽത്തന്നെ പുറത്തായി.

ഉദ്ഘാടന മത്സരത്തിൽ  4 - 1ന് തായ്​ലൻഡിനെ തോൽപ്പിച്ചെങ്കിലും യുഎഇ, ബഹ്റൈൻ ടീമുകളോട് തോറ്റു. തായ്​ലൻഡിനെതിരെ സുനിൽ ഛേത്രി 2 ഗോളടിച്ചു. ജെജെ ലാൽപെഖുലയും അനിരുദ്ധ ഥാപ്പയും ഒന്നുവീതം. യുഎഇയോട് 2 ഗോളിനും ബഹ്റൈനിനിനോട് ഒരു ഗോളിനുമായിരുന്നു തോൽവി. ഫിഫ ലോക റാങ്കിങ്ങിൽ 104–ാം സ്ഥാനത്തുള്ള ഇന്ത്യയുടെ ഏഷ്യൻ റാങ്കിങ് 19 ആണ്. ഇറാനാണ് ഏഷ്യയിലെ നമ്പർ വൺ (ഫിഫ ലോക റാങ്ക് 23). ഇറാനു തൊട്ടുപിന്നിൽ ജപ്പാൻ (ഫിഫ റാങ്ക് 24), കൊറിയൻ റിപ്പബ്ലിക് (28), ഓസ്ട്രേലിയ (39), ഖത്തർ (49), സൗദി അറേബ്യ (53) എന്നിങ്ങനെ പോകുന്നു. ഇവരോടാണ് ഇഗോർ സ്റ്റിമാച്ചിന്റെയും ഛേത്രിയുടെയും ഇന്ത്യയ്ക്ക് പോരാടാനുള്ളത്.

 

English Summary: Sunil Chhetri aims triple brace at Asian cup football

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com