ADVERTISEMENT

ലണ്ടൻ∙ കഴിഞ്ഞ വർഷത്തെ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ഫുട്ബോളിൽ സെനഗലിനു വേണ്ടി കളിക്കുന്നതിനിടെ, മരണം സംഭവിച്ചാൽ അതിന്റെ പരിപൂർണ ഉത്തരവാദിത്തം ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചു കൊണ്ടുള്ള കരാർ ഒപ്പിടാൻ താൻ തയാറായിരുന്നെന്നു വെളിപ്പെടുത്തി ജർമൻ ബുന്ദസ്‌‍‌ലിഗ ക്ലബ് ബയേൺ മ്യൂണിക്ക് താരം സാദിയോ മാനെ. 

കേപ് വേർദെയ്ക്കെതിരായ പ്രീ ക്വാർട്ടർ മത്സരത്തിൽ പന്തിനായുള്ള പോരാട്ടത്തിനിടെ, കേപ് വേർദെ ഗോളി വോസിഞ്ഞയുമായി കൂട്ടിയിടിച്ചു വീണു പരുക്കേറ്റ മാനെയെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യേണ്ടിവന്നിരുന്നു. മാനെയുടെ തലയ്ക്കായിരുന്നു പരുക്ക്. മത്സരത്തിൽ തുടരാനാകില്ലെന്ന് ബോധ്യമായതോടെയാണു കോച്ച് മാനെയെ പിൻവലിക്കാൻ സന്നദ്ധനായതും. എന്നാൽ പരുക്കിനെ കുറിച്ചുള്ള ആശങ്കകൾ വിട്ടൊഴിയാഞ്ഞിട്ടും, ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ടീമിലേക്കു മടങ്ങിയെത്താൻ അതീവ താൽപര്യം പ്രകടിപ്പിച്ചതായാണു മാനെയുടെ വെളിപ്പെടുത്തൽ. 

ഒടുവിൽ ഇക്വറ്റോറിയൽ ഗിനിയയ്ക്കെതിരായ ക്വാർട്ടർ മത്സരം കളിക്കാൻ ടീം ഡോക്ടറുടെ അനുമതി ലഭിച്ചെങ്കിലും, മത്സരത്തിനിടെ തനിക്കു മരണം സംഭവിച്ചാൽ അത് ആരുടെയും കുഴപ്പംകൊണ്ടല്ല എന്ന കരാറിൽ ഒപ്പുവയ്ക്കാനും സന്നദ്ധത അറിയിച്ചിരുന്നതായി മാനെ വെളിപ്പെടുത്തി. 

‘കളിക്കാൻ പറ്റിയ അവസ്ഥയിലല്ല എന്ന് എനിക്കു നന്നായി അറിയാം. അതുകൊണ്ട് നമുക്ക് ഒരു കരാറിലെത്താം. പൂർണമായും എന്റെ ഉത്തരവാദിത്തിൽ ആയിരിക്കും ഇത്. ഞാൻ ഒപ്പിടാം. ഞാൻ മരിച്ചാൽ അത് എന്റെതന്നെ കുഴപ്പം കൊണ്ടാണെന്നു പറയണം. മറ്റാരും അതിന് ഉത്തരവാദികളല്ല എന്നും. പക്ഷേ അവർ എന്നോടു പറഞ്ഞു സാദിനോ നിനക്കു കളിക്കാനാകില്ല എന്ന്. കളിക്കുന്ന കാര്യം തീർച്ചപ്പെടുത്തിയതാണ് എന്ന് ഞാനും മറുപടി നൽകി. 

രാത്രി 1–2 മണിയായി കാണും. എല്ലാവരും ഭീതിയോടെ നിൽക്കുകയാണ്. ഞാൻ പറഞ്ഞു, കോച്ച് എനിക്കറിയാം നിങ്ങൾക്കെല്ലാം ഭയമുണ്ടെന്ന്. ഞാൻ പറഞ്ഞു നിങ്ങൾ ഒരു കടലാസെടുത്ത് ഇങ്ങനെ എഴുതൂ, എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ കളിക്കാനുള്ള തീരുമാനം ഞാൻ സ്വമേധയാ എടുത്തതാണെന്ന്. ഞാൻ കടലാസിൽ ഒപ്പുവച്ചില്ല. കാരണം അതു സാധ്യമല്ലെന്നാണു കോച്ചും സഹതാരങ്ങളും അറിയിച്ചത്.

ഒടുവിൽ ടീം ഡോക്ടർ പറഞ്ഞു, നാളെ, മത്സരദിവസം പുലർച്ചെ ഒരുവട്ടം കൂടി സ്കാൻ ചെയ്തു നോക്കിയശേഷം തീരുമാനിക്കാം എന്ന്. പിറ്റേദിവസം സ്കാനിങ്ങിനു ശേഷം നിങ്ങൾക്കു കളിക്കാം എന്നു കോച്ച് തന്നെ എന്നോടു പറഞ്ഞു. 

കാരണം ഞാൻ അത്തരത്തിലൊരു സമ്മതപത്രം ഒപ്പിടുന്നത് ഡോക്ടറെക്കൂടി ബാധിക്കുമല്ലോ, ഭാഗ്യത്തിന് എല്ലാം നന്നായി നടന്നു’– മാനെയുടെ വാക്കുകള്‍. ഫൈനലിൽ പെനൽറ്റി ഷൂട്ടൗട്ടിൽ ഈജിപ്റ്റിനെ 4–2നു കീഴടക്കി സെനഗൽതന്നെയാണു കിരീടം ഉയർത്തിയത്. ടൂർണമെന്റിൽ സെനഗലിനായി ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങളിൽ ഒരാളും മാനെതന്നെയായിരുന്നു. 

 

English Summary: "If I die, they have to say it is my fault" - Liverpool legend Sadio Mane says he wanted to sign contract in case he died after suffering concussion during 2022 AFCON

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com