ADVERTISEMENT

ലോകകപ്പ് ഫുട്ബോൾ വർഷത്തിലെ പുതിയ സീസണിലേക്കു ‘പറന്നിറങ്ങുകയാണു’ യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾ. ഇംഗ്ലിഷ് പ്രിമിയർ ലീഗ് മുതൽ ഫ്രഞ്ച് ലീഗ് വൺ വരെയുള്ള ടോപ് 5 ലീഗുകളിലെ മുൻനിര ക്ലബ്ബുകളെല്ലാം പതിനായിരത്തിലേറെ മൈലുകൾ പറന്നുള്ള പ്രീ സീസൺ പര്യടനത്തിലാണ്. ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന വൻകരയെന്ന നിലയ്ക്കും ആരാധകരുടെ എണ്ണത്തിൽ കണ്ണെറിഞ്ഞും ഏഷ്യൻ രാജ്യങ്ങളിൽ സന്നാഹമൊരുക്കുന്ന ടീമുകളുടെ എണ്ണവും ഇക്കുറിയേറെ. സിംഗപ്പൂരിലും ടോക്കിയോയിലും സോളിലുമെല്ലാം ലോകഫുട്ബോളിലെ സൂപ്പർ താരങ്ങൾ പന്തുതട്ടുന്നതാണ് കോവിഡ് കാലത്തിനു ശേഷമുള്ള വിപുലമായ പ്രീ സീസണിലെ വേറിട്ട കാഴ്ച.

∙ മൈൽ‌സ് റ്റു ഗോ...

ഇംഗ്ലിഷ് ലീഗിൽ‍ നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റി മുതൽ പ്രതാപം കൈമോശം വന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് വരെ വിദേശത്താണിപ്പോൾ. പ്രീ സീസണിൽ 2 സൗഹൃദ മത്സരം മാത്രമുള്ള സിറ്റി അറ്റ്ലാന്റിക് സമുദ്രം കടന്നു യുഎസിലേക്കു പറന്നപ്പോൾ കിരീടപ്പോരിൽ തൊട്ടടുത്തുണ്ടായിരുന്ന ലിവർപൂളിനു 3 രാജ്യങ്ങളിലായാണു മുന്നൊരുക്കം. തായ്‌ലൻഡിലും സിംഗപ്പൂരിലും ജർമനിയിലുമായാണു യൂർഗൻ ക്ലോപ്പിന്റെ സംഘത്തിന്റെ തയാറെടുപ്പ്. യുഎസിലേക്കു പറന്ന ചെൽസി ഇനി ഇറ്റലി കൂടി സന്ദർശിച്ചേ ലണ്ടനിൽ തിരിച്ചെത്തൂ.

എറിക് ടെൻ ഹാഗിന്റെ കീഴിൽ തിരിച്ചുവരവിനൊരുങ്ങുന്ന യുണൈറ്റഡിന്റേതാണ് ദൂരമേറെ താണ്ടുന്ന തയാറെടുപ്പ്. തായ്‌ലൻഡിൽ പ്രീ സീസൺ കളിച്ചു തുടങ്ങിയ റെഡ് ഡെവിൾസ് ഇപ്പോൾ ഓസ്ട്രേലിയയിലാണു തമ്പടിച്ചിട്ടുള്ളത്.നോർവേയിലും ഒരു മത്സരമുള്ള യുണൈറ്റഡ് 22,000 മൈലിലേറെ ദൂരം സഞ്ചരിച്ചാകും പ്രീ സീസൺ പൂർത്തിയാക്കുക.സൂപ്പർ താരം സൺ ഹ്യൂങ് മിന്നിന്റെ നാടായ ദക്ഷിണ കൊറിയയിൽ നിന്നു പര്യടനം തുടങ്ങിയ ടോട്ടനം ഹോട്പർ സ്കോട്‌ലൻഡിലും ഇസ്രയേലിലും സൗഹൃദം കളിച്ചാകും ലീഗിനെത്തുന്നത്.

∙ യുഎസ് ‘ക്ലാസിക്കോ’

സ്പാനിഷ് ലാലിഗയ്ക്കും മുൻപേയൊരു എൽ ക്ലാസിക്കോയ്ക്ക് ഇക്കുറി കളമൊരുങ്ങും. വേദി ലാസ് വേഗസ്. റയൽ മഡ്രിഡിനും ബാർസിലോനയ്ക്കും ഇത്തവണ യുഎസിലാണ് പ്രീ സീസൺ. യുഎസിൽ റയൽ മൂന്നും ബാർസ ആറും സൗഹൃദ മത്സരങ്ങൾ കളിച്ചു ലീഗിനെത്തുമ്പോൾ അത്‌ലറ്റിക്കോ മഡ്രിഡ് നോർവേയിലും ഇസ്രയേലിലുമായി ഓരോ  മത്സരത്തിനു വേണ്ടി മാത്രമാണു സ്പെയിൻ വിടുന്നത്.‌

ജർമൻ ബുന്ദസ്‌ലിഗ ജേതാക്കളായ ബയൺ മ്യൂണിക്കാണ് റയലിനും ബാർസയ്ക്കുമൊപ്പം യുഎസ് പ്രീ സീസൺ േകന്ദ്രമാക്കിയ മറ്റൊരു ടീം. 11 വർഷത്തിനു ശേഷം സീരി എ കിരീടമെടുത്ത എസി മിലാൻ ജർമനിയിലും ഫ്രാൻസിലും  യുവെന്റസ് യുഎസിലും ഇസ്രയേലിലുമായാണു പടയൊരുക്കം. ഫ്രഞ്ച് ചാംപ്യൻമാരായ പിഎസ്ജിക്കു ജപ്പാനിലാണു തട്ടകം. ടോക്കിയോയിലും ഒസാക്കയിലുമായി പ്രാദേശിക ടീമുകൾക്കെതിരെയാണു മെസ്സിയും നെയ്മറും എംബപ്പെയും ഉൾപ്പെടുന്ന പാരിസ് ടീമിന്റെ സന്നാഹപ്പോരാട്ടങ്ങൾ.

psg-players
ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ താരങ്ങൾ ജപ്പാനിലേക്കു പുറപ്പെടും മുൻപ്.

∙ ഇടത്താവളങ്ങളിലെ താരവരവ്

ലോകകപ്പ് മൂലം തിരക്കേറിയ പ്രീസീസണിൽ പുതിയ താരങ്ങളെ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടിൽ അവതരിപ്പിക്കുന്ന രീതി പോലും ടീമുകൾ മാറ്റിക്കഴിഞ്ഞു. ചെൽസി സ്വന്തമാക്കിയ റഹീം സ്റ്റെർലിങ്ങും കൂലിബാലിയും യുഎസിൽ പറന്നിറങ്ങിയാണു ടീമിന്റെ ഭാഗമായത്. ബയണിൽ നിന്നു ബാർസ റാഞ്ചിയ സൂപ്പർ താരം റോബർട് ലെവൻഡോവ്സ്കിയും നൂകാംപിനു പകരം യുഎസിലെ മയാമിയിലെത്തിയാണു ജഴ്സി ഏറ്റുവാങ്ങിയത്.

English Summary: Europena Football Clubs on Pre-Season Matches

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com