ADVERTISEMENT

മൈതാനത്തേക്ക് ഓടിക്കയറിയ ഒരു തെരുവുനായ ലോകകപ്പ് ഭാഗ്യം കൊണ്ടു വരുമോ? അതെ എന്നു പറയുന്നു മുൻ ബ്രസീലിയൻ ഫുട്ബോൾ താരം ഗരിഞ്ച. ബൈ എന്ന നായ ബ്രസീലിന്റെ മഹാഭാഗ്യമായ കഥയിങ്ങനെ: 1962 ഫുട്ബോൾ ലോകകപ്പ്. ക്വാർട്ടർ ഫൈനലിൽ ബ്രസീലും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്നു. ചെക്കോസ്‌ലൊവാക്യയ്ക്കെതിരെ ഗ്രൂപ്പ് മത്സരത്തിൽ പരുക്കേറ്റതിനാൽ ഇതിഹാസതാരം പെലെ ബ്രസീലിയൻ നിരയിലുണ്ടായിരുന്നില്ല. പകരം അവസരത്തിനൊത്തുയർന്നത് ഗരിഞ്ച. 

ഇംഗ്ലിഷ് പ്രതിരോധത്തെ ഗരിഞ്ച കീറിമുറിച്ചു കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു മൈതാനത്തേക്ക് ഒരു നായയുടെ നുഴഞ്ഞുകയറ്റം. ഓടിക്കയറിയ കറുത്ത ഈ കുഞ്ഞുനായ ഗരിഞ്ചയെപ്പോലെ എല്ലാവരെയും ഡ്രിബിൾ ചെയ്തു കൊണ്ടിരുന്നു. റഫറിക്കു മത്സരം തൽക്കാലം നിർത്തേണ്ടി വന്നു. ഒടുവിൽ ഇംഗ്ലണ്ട് താരം ജിമ്മി ഗ്രീവ്സാണ് നായയെ പിടികൂടിയത്. ഗാലറിയുടെ ആരവങ്ങൾക്കിടെ ഗ്രീവ്സ് നായയെ വാരിയെടുത്തു. എന്നാൽ അതിനിടയിൽ നായ ഗ്രീവ്സിന്റെ ജഴ്സിയിൽ മൂത്രമൊഴിച്ചു.

ഗരിഞ്ച
ഗരിഞ്ച

‘‘മത്സരത്തിനിടെ മാറ്റാൻ എനിക്കു മറ്റൊരു ജഴ്സിയുണ്ടായിരുന്നില്ല. ആ ജഴ്സിയണിഞ്ഞു കൊണ്ടു തന്നെ ഞാൻ കളിച്ചു. അതു കൊണ്ടു പക്ഷേ മറ്റൊരു ഉപകാരമുണ്ടായി. ബ്രസീലിയൻ കളിക്കാർ എന്റെ അടുത്തേക്കു വരാൻ ഒന്നു മടിച്ചു നിന്നു..’’– തമാശരൂപേണ ഗ്രീവ്സ് പിന്നീടു പറഞ്ഞു. നായയുടെ കഥ അവിടെ തീർന്നില്ല. ഗരിഞ്ചയുടെ 2 ഗോളുകളിൽ ബ്രസീൽ 3–1നു ജയിച്ചു.

തനിക്കും ടീമിനും ഭാഗ്യം കൊണ്ടുവന്നത് നായയാണെന്ന വിശ്വാസത്തിൽ ഗരിഞ്ച അതിനെ ഒപ്പം കൂട്ടുകയും ചെയ്തു. പിന്നീട് ബ്രസീൽ ലോകകപ്പ് നേടുകയും താൻ ടൂർണമെന്റിലെ മികച്ച താരവും ടോപ് സ്കോററും ആയതോടെ ആ വിശ്വാസം ദൃഢമായി. ബ്രസീൽ ലോകകപ്പ് ട്രോഫി നാട്ടിലേക്കു കൊണ്ടുപോയപ്പോൾ ബ്രസീലിയൻ മാസികയായ ഒ ക്രുസെയ്റോ കൊണ്ടുപോയത് ആ നായയെയാണ്. 

അപ്പോഴേക്കും നായയ്ക്ക് ബ്രസീലിയൻ കളിക്കാർ ഒരു പേരുമിട്ടിരുന്നു– ബൈ! ബൈകാംപിയനാറ്റോ എന്നതിന്റെ ചുരുക്കം (രണ്ടാം ട്രോഫി എന്നർഥം; ബ്രസീലിന്റെ രണ്ടാം ലോകകപ്പ് നേട്ടമായിരുന്നു അത്). ബൈയെ പിന്നീടു ഗരിഞ്ചയ്ക്കു തന്നെ കിട്ടി. വീട്ടിലേക്കു കൊണ്ടു പോയി ഗരിഞ്ച അതിനെ ഓമനയായി വളർത്തുകയും ചെയ്തു.

English Summary: Garrincha, Jimmy Greaves, a dog during 1962 World Cup quarter-final

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com