ADVERTISEMENT

ഇന്ന് മോഹൻ ബഗാൻ ദിനം. എന്തുകൊണ്ടാണ് ജൂലൈ 29 മോഹൻ ബഗാൻ ദിനമായി ആചരിക്കുന്നത്? സ്വാതന്ത്രത്തിന്റെ 75–ാം വാർഷികം  ആഘോഷിക്കാൻ രാജ്യം ഒരുങ്ങുമ്പോൾ 111 വർഷം മുൻപ് മോഹൻബഗാൻ നേടിയ കിരീടം ദേശസ്നേഹം ഉയർത്തിയ കഥയാണിത്.

1911 ജൂലൈ 29. കൊൽക്കത്ത നഗരം അന്നു രാത്രി ഉറങ്ങിയതേയില്ല. പ്രകടനങ്ങളും ആഘോഷവുമൊക്കെയായി പതിനായിരങ്ങൾ നഗരത്തെ പുൽകുകയായിരുന്നു. കൊൽക്കത്തയിൽ പിറന്ന ആ ആവേശം രാജ്യമൊട്ടാകെ പടർന്നത് പെട്ടെന്നായിരുന്നു. സ്വാതന്ത്ര്യസമരത്തെ ഉത്തേജിപ്പിക്കാൻ പോന്ന ആരവങ്ങളാണ് കൊൽക്കത്ത കൊളുത്തിവിട്ടത്. ആ ഓർമകൾക്ക് ഇന്ന് 111 വയസ്.

ഇന്ത്യയിൽ ഫുട്‌ബോളിന്റെ വേരോട്ടത്തിന് വിത്തുപാകിയത് ഈ വിജയമാണ്. ഇതിന് രാജ്യം കടപ്പെട്ടിരിക്കുന്നത് കൊൽക്കത്തയുടെ സ്വന്തം മോഹൻ ബഗാൻ ഫുട്‌ബോൾ ക്ലബിനോടാണ്. ഇന്ത്യൻ ഫുട്‌ബോളിന്റെ വളർച്ച മാത്രമല്ല ഈ വിജയത്തിലൂടെ മോഹൻ ബഗാൻ സമ്മാനിച്ചത്. സ്വാതന്ത്ര്യസമരത്തിനു വീറും വാശിയും പകർന്നത് ഈ വിജയമാണ്.‌

ഇന്ത്യയുടെ സ്വാതന്ത്ര്യചിന്തകൾക്ക് വേരോട്ടമുള്ള നഗരമായിരുന്നു അന്നും കൊൽക്കത്ത. ബ്രിട്ടീഷ് ഭരണത്തോടുള്ള എതിർപ്പ് അവിടെനിന്നും പ്രസിദ്ധീകരിച്ചിരുന്ന ഏതാനും മാധ്യമങ്ങൾ ആദ്യം തന്നെ ഏറ്റെടുത്തിരുന്നു. സായുധവിപ്ലവം കൊണ്ടേ സ്വാതന്ത്ര്യം ലഭിക്കൂ എന്നു ചിന്തിച്ചിരുന്ന ഒട്ടേറെ വിപ്ലവകാരികളുടെ നാട്. ജോർജ് അഞ്ചാമൻ രാജാവ് ഇന്ത്യയുടെ തലസ്‌ഥാനം ഡൽഹിയിലേക്ക് മാറ്റുന്നതിന് 136 ദിവസം മുൻപായിരുന്നു മോഹൻ ബഗാന്റെ അനശ്വരവിജയം എന്നതും പ്രസക്‌തമാണ്.

ഇനി അൽപം ചരിത്രം. ആധുനിക ഫുട്‌ബോളിന് തുടക്കം കുറിച്ച ആദ്യ ഏഷ്യൻ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇതിന് രാജ്യം കടപ്പെട്ടിരിക്കുന്നത് ബ്രിട്ടീഷുകാരോടും അവരുടെ സൈനിക യൂണിറ്റുകളോടുമാണ്. ബ്രിട്ടീഷ് പട്ടാളക്കാരുടെ പ്രധാന വിനോദങ്ങളിലൊന്നായിരുന്നു ഫുട്‌ബോൾ. ഇന്ത്യയിൽ ഫുട്‌ബോളിന് വിത്തു പാകിയത് ബംഗാളായിരുന്നു. ലഭ്യമായ രേഖകൾ പ്രകാരം ഇന്ത്യയിൽ നടന്ന ആദ്യ മൽസരം 1854ലായിരുന്നു. ശിപായി ലഹള നടക്കുന്നതിനും മൂന്നു വർഷം മുൻപായിരുന്നു ഇത്. കൊൽക്കത്തയിൽ സിവിലിയൻമാരുടെ കൊൽക്കത്ത ക്ലബ്ബും ബരാക്‌പൂർ ജന്റിൽമാൻസും തമ്മിലായിരുന്നത്രേ ഇന്ത്യയിലെ രേഖപ്പെടുത്തപ്പെട്ട ആദ്യ മൽസരം. നാഗേന്ദ്രപ്രസാദ് സർബാധികാരി എന്ന ബംഗാളി യുവാവാണ് ഫുട്‌ബോളിന് ബംഗാളിൽ പ്രചാരം നൽകുന്നതിൽ പ്രധാന പങ്കുവഹിച്ചത്. ആദ്യ ഇന്ത്യൻ ഫുട്‌ബോൾ ക്ലബ്ബായി വിശേഷിപ്പിക്കപ്പെടുന്ന ശോഭാബസാർ ക്ലബിന്റെ നടത്തിപ്പിൽ നാഗേന്ദ്രപ്രസാദിന്റെ പങ്ക് വലുതായിരുന്നു. തുടർന്ന് ടൗൺ, നാഷണൽസ്, ആര്യൻസ്, കുമാർത്തുലി എന്നീ ക്ലബ്ബുകൾക്കും വടക്കേ കൊൽക്കത്തയിൽ തുടക്കംകുറിച്ചു. 1889ൽ മോഹൻ ബഗാൻ ക്ലബ് നിലവിൽവന്നതോടെ ഫുട്‌ബോൾ കൂടുതൽ ജനകീയമായി. 

ഇതിനിടെ ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷൻ (ഐഎഫ്‌എ) 1892ൽ രൂപീകരിച്ചതോടെ ബംഗാളിൽ, പ്രത്യേകിച്ച് കൊൽക്കത്തയിൽ ഫുട്‌ബോളിന്റെ വളർച്ചയ്‌ക്ക് വേഗതയേറി. ഐഎഫ്‌എ ബംഗാൾ ഫുട്‌ബോളിന്റെ നേതൃസംഘടനയായി.  ബ്രിട്ടീഷ് മിലിട്ടറി ക്ലബ്ബുകളും സിവിലിയൻ ക്ലബ്ബുകളുമാണ് ഐഎഫ്‌എ രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്. തൊട്ടടുത്തവർഷം 1893ൽ ഐഎഫ്‌എ ഷീൽഡ് ഫുട്‌ബോൾ ടൂർണമെന്റിന് തുടക്കമായി. ബംഗാളിൽ ഫുട്‌ബോൾ വളർത്തുക എന്ന ലക്ഷ്യവുമായി ആരംഭിച്ച ഷീൽഡ് ടൂർണമെന്റ് ഇന്ന് ബംഗാളിന്റെ ലോകകപ്പാണ്. ഡ്യൂറൻഡ് കപ്പും റോവേഴ്‌സ് കപ്പും കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും പ്രായംകൂടിയ ടൂർണമെന്റാണിത്.

1911ൽ അരങ്ങേറിയ ഐഎഫ്‌എ ഷീൽഡ് ടൂർണമെന്റിന്റെ പത്തൊൻപതാം പതിപ്പ് ഇന്ത്യൻ ഫുട്‌ബോളിന്റെ ചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ട രജതരേഖയാണ്. ജൂലൈ 29ന് നടന്ന ഫൈനൽ ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ടു. ഫൈനലിൽ കടന്നത് മോഹൻ ബഗാനും ഗാസിയാബാദ് ആസ്‌ഥാനമായ കരുത്തരായ ഈസ്‌റ്റ് യോർക്ക്‌ഷെയർ ബ്രിട്ടീഷ് റെജിമെന്റും. 80,000 കാണികൾ കൊൽക്കത്ത ഫുട്‌ബോൾ ക്ലബ് ഗ്രൗണ്ടിലേക്ക് ഒഴുകി എത്തി. പലർക്കും സ്‌റ്റേഡിയത്തിൽ കടക്കാനായില്ല. ഈസ്‌റ്റ് ഇന്ത്യൻ റയിൽവേ രണ്ട് സ്‌പെഷൽ ട്രെയിനുകൾ ഓടിച്ചു. നഗ്നപാദരായ 11 കൊൽക്കത്തക്കാരും സർവസന്നാഹങ്ങളുമായി ബ്രിട്ടീഷുകാരും വാശിയോടെ ഏറ്റുമുട്ടി. മോഹൻബഗാൻ ആദ്യം പിന്നിട്ടുനിന്നെങ്കിലും ക്യാപ്‌റ്റൻ ശിബദാസ് ഭാദുരി, അഭിലാഷ് ഘോഷ് എന്നിവരുടെ ഗോളുകളുടെ ബലത്തിൽ വിജയം കുറിച്ചു. ഒരിന്ത്യൻ ക്ലബ്ബിന്റെ ആദ്യ ജയം. മോഹൻ ബഗാൻ ഐഎഫ്‌എ ഷീൽഡിൽ മുത്തമിട്ടു. 

ബഗാന്റെ കളിക്കാരുമായി ആരാധകർ കൊൽക്കത്ത നഗരം കീഴടക്കി. ജാതിമതഭേദമന്യേ താരങ്ങളെ നഗരം സ്വീകരിച്ചു. ഇന്ത്യൻ വിജയത്തെ റോയിട്ടേഴ്‌സ് വാനോളം പുകഴ്‌ത്തി റിപ്പോർട്ടുകൾ തയാറാക്കി. ലണ്ടൻ ഡെയ്‌ലി മെയിലിലും ബംഗാളിലെ ഇംഗ്ലീഷ് പത്രങ്ങളായ അമൃത ബസാർ പത്രികയിലും ബംഗാളിയിലുമെല്ലാം വാർത്തകൾ നിറഞ്ഞു. ബഗാന്റെ വിജയം സ്വാതന്ത്ര്യസമരത്തിനുപോലും വീര്യം പകർന്ന സംഭവമാണ്. ഒരിന്ത്യൻ ഫുട്‌ബോൾ ടീമിന്റെ ആദ്യ  വിജയമായി ഇതിനെ കാണാം. അഥവാ, ഏതെങ്കിലുമൊരു കായികയിനത്തിൽ ബ്രിട്ടൻ ആദ്യമായി ഇന്ത്യയുടെ മുൻപിൽ തലകുനിച്ചത് അന്നാണെന്നു പറയാം. മോഹൻ ബഗാന്റെ ഈ ജയം ഇന്ത്യയിൽ ഫുട്‌ബോളിന്റെ വളർച്ചയ്‌ക്കു തുടക്കമിട്ടു. ശിബദാസ് ഭാദുരി നയിച്ച മോഹൻ ബഗാൻ അന്ന് ഇന്ത്യയുടെ അഭിമാനമായി മാറി. ബഗാന്റെ കളിക്കാരെല്ലാം കൊൽക്കത്തയിൽനിന്നുതന്നെയായിരുന്നു. ഹിരാലാൽ മുഖർജി, സുകുൽ, സുധീർകുമാർ ചാറ്റർജി, മൻമോഹൻ മുഖർജി, രാജേന്ദ്രനാഥ് സെൻഗുപ്‌ത, ജിതേന്ദ്രനാഥ് റോയ്, ശ്രിഷ്‌ചന്ദ്ര സർക്കാർ, അഭിലാഷ് ഘോഷ്, ബിജോയ് ഭാദുരി തുടങ്ങിയ താരങ്ങളാണ് മോഹൻ ബഗാനുവേണ്ടി കളിച്ചത്. ഈ ജയത്തിന്റെ ഓർമയ്‌ക്കായി എല്ലാ വർഷവും ജൂലൈ 29 മോഹൻ ബഗാൻ ദിനമായി കൊണ്ടാടുന്നു. ഈ ജയത്തിന്റെ ഓർമയ്‌ക്കായി 1989ൽ ഇന്ത്യൻ തപാൽ വകുപ്പ് സ്‌റ്റാംപ് പോലും പുറത്തിറക്കി. 

മോഹൻ ബഗാന്റെ താരമായിരുന്ന സുധീപ് ചാറ്റർജി വർഷങ്ങൾക്കുശേഷം പറഞ്ഞ ഒരു കഥ ദേശീയ പ്രസ്‌ഥാനത്തെ ഈ വിജയം എങ്ങനെ സ്വാധീനിച്ചു എന്നതിന്റെ തെളിവായി. ബഗാന്റെ അനശ്വര വിജയത്തിനുശേഷം ജഴ്‌സി മാറാനായി പ്രസിഡൻസി കോളജിലേക്ക് പോയ ചാറ്റർജിയെ വഴിയരികിൽനിന്ന പ്രായംചെന്ന ഒരു ബ്രാഹ്‌മണൻ തടഞ്ഞുനിർത്തി അഭിനന്ദിച്ചു. ‘‘കൊള്ളാം, നന്നായിരിക്കുന്ന ഈ ജയം’’. തൊട്ടടുത്തുളള ഫോർട്ട് വില്യംസ് കെട്ടിടത്തിൽ തൂങ്ങിക്കിടക്കുന്ന യൂണിയൻ ജാക്കിനെ ചൂണ്ടിക്കാട്ടി ഇങ്ങനെയും ചോദിച്ചു– ‘‘ഇനി ഇതിന്റെ കാര്യം എന്ന് തീരുമാനിക്കപ്പെടും.???’’

English Summary: History of Mohun Bagan Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com