ADVERTISEMENT

ശ്രീനഗർ∙ ഫുട്ബോളിന്റെ വളര്‍ച്ചയ്ക്കായി ലഭിച്ച ലക്ഷക്കണക്കിന് രൂപ ‘ബിരിയാണി വാങ്ങാൻ’ ഉപയോഗിച്ച് ജമ്മു കശ്മീർ ഫുട്ബോൾ അസോസിയേഷൻ. ആരാധകരുടെ പരാതിയിൽ അഴിമതി വിരുദ്ധ വിഭാഗം ഫുട്ബോൾ അസോസിയേഷനെതിരെ അന്വേഷണം തുടങ്ങിയതായാണ് കശ്മീരിലെ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്തെ ഫുട്ബോളിന്റെ വളർച്ചയ്ക്കായി ജമ്മു കശ്മീർ സ്പോർട്സ് കൗണ്‍സിൽ നൽകിയ തുകയാണ് ഉദ്യോഗസ്ഥർ തിരിമറി നടത്തിയത്.

ജെകെഎഫ്എ പ്രസിഡന്റ് സമീർ താക്കൂർ, ട്രഷറർ സുരിന്ദർ സിങ് ബണ്ടി, ചീഫ് എക്സിക്യൂട്ടിവ് എസ്.എ. ഹമീദ്, ജെകെഎഫ്എ അംഗം ഫയാസ് അഹമ്മദ് എന്നിവർക്കെതിരെ കേസെടുത്തു. കൃത്രിമമായി ഉണ്ടാക്കിയ ബില്ലുകൾ ഉപയോഗിച്ച് പണം തട്ടിയെടുത്തെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഖേലോ ഇന്ത്യ, മുഫ്തി മെമ്മോറിയൽ ഗോൾഡ് കപ്പ് തുടങ്ങിയ ടൂർണമെന്റുകൾ സംഘടിപ്പിക്കാനാണു ലക്ഷക്കണക്കിനു രൂപ ഫുട്ബോൾ അസോസിയേഷന് അനുവദിച്ചത്.

43,06,500 രൂപ ഫുട്ബോൾ അസോസിയേഷൻ ശ്രീനഗറിലെ മുഗൾ ദർബാർ, പോളോ വ്യൂ തുടങ്ങിയ റസ്റ്റോറന്റുകൾക്കു നൽകിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ടീമംഗങ്ങൾക്കു കഴിക്കാനായി ഇത്രയും തുകയ്ക്ക് ബിരിയാണി വാങ്ങിയെന്നാണ് അസോസിയേഷന്റെ നിലപാട്. എന്നാല്‍ കശ്മീരിലെ ഒരു ടീമിനും ഇത്തരത്തിൽ ബിരിയാണി കിട്ടിയില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 1,41,300 രൂപ ഹിന്ദുസ്ഥാൻ ഫോട്ടോസ്റ്റാറ്റ് എന്ന സ്ഥാപനത്തിനും അസോസിയേഷൻ നല്‍കിയിട്ടുണ്ട്. ഇതിനു വേണ്ടിയും വ്യാജ രേഖ തയാറാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തി.

English Summary: Football Association Consumed Biryani For Rs 43 Lakh, ACB Starts Investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com