ന്യൂഡൽഹി ∙ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ഇടക്കാല ഭരണസമിതി തിരഞ്ഞെടുപ്പ് 30 ദിവസത്തിനുള്ളിൽ നടത്താൻ സുപ്രീം കോടതി നിർദേശം. ഫുട്ബോൾ ഫെഡറേഷൻ ഭരണസമിതിയിൽ കായികതാരങ്ങളെ 50 ശതമാനം ഉൾപ്പെടുത്താനുള്ള നിർണായകമായ ശുപാർശയും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ശരിവച്ചിട്ടുണ്ട്.ഇതോടെ 36 സംസ്ഥാന അസോസിയേഷനുകളുടെ പ്രതിനിധികൾക്കൊപ്പം 36 താരങ്ങളും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ഭരണസമിതിയിൽ ഭാഗമാകും. ഈ മാസം 28നു തിരഞ്ഞെടുപ്പു നടത്തി 29നു വോട്ടെണ്ണൽ നടത്തണം. ഇടക്കാല ഭരണസമിതിക്കു 3 മാസമായിരിക്കും കാലാവധി. ഇതിനുള്ളിൽ കരട് ഭരണഘടനയിൽ കോടതി അന്തിമ തീരുമാനമെടുക്കും.
അതിനിടെ, ഹോക്കി ഇന്ത്യയുടെ ഭരണം പ്രത്യേക സമിതിയെ ഏൽപിക്കാനുള്ള ഡൽഹി ഹൈക്കോടതിയുടെ തീരുമാനവും സുപ്രീം കോടതി ശരിവച്ചു.