ലോകകപ്പിന്റെ അറബിക്കഥ!

qatar-world-cup
വര: വിനയതേജസ്വി
SHARE

ആയിരത്തൊന്നു രാവുകളിലെ അലാവുദ്ദീനു കിട്ടിയത് അദ്ഭുത വിളക്കാണ്; ആധുനിക കാലത്ത് ഖത്തറിനു കിട്ടിയതാകട്ടെ ഒരു അദ്ഭുതക്കപ്പും– ഫുട്ബോൾ ലോകകപ്പ്! ലോക ഭൂപടമെന്ന വിശാല മൈതാനത്ത് ഒരു പെനൽറ്റി സ്പോട്ടിന്റെ വലുപ്പം പോലുമില്ലാത്ത ഒരു രാജ്യം ലോകകപ്പിന് ആതിഥ്യമരുളുന്നതിന്റെ അമ്പരപ്പും ആശ്ചര്യവും ഇപ്പോഴും പലർക്കുമുണ്ടാകാം. പക്ഷേ, ഖത്തർ അദ്ഭുതവിളക്കിലെ ജിന്നിനെപ്പോലെയാണ്. ലോകകപ്പിനു 100 ദിനം ബാക്കിനിൽക്കെ സർവം സജ്ജം. അമേരിക്കയും ഓസ്ട്രേലിയയുമെല്ലാം ആതിഥ്യമരുളാൻ കാത്തുനിന്ന ലോകകപ്പിനെ അറബിക്കഥയിലെ ഷെഹറസാദ രാജകുമാരിയെപ്പോലെ വശീകരിച്ചു കൊണ്ടു പോയ രാജ്യം കിക്കോഫിനു കാത്തിരിക്കുകയാണ്. ഫുട്ബോൾ ആരാധകരെ രാവുറങ്ങാൻ സമ്മതിക്കില്ലെന്ന ദൃഢനിശ്ചയത്തോടെ.

ലോകകപ്പ് വില്ലേജ്

ഖത്തറിന്റെ വലുപ്പത്തിന്റെ ‘ചെറുപ്പം’ ഇങ്ങനെ പറയാം: കഴിഞ്ഞ ലോകകപ്പിന് ആതിഥ്യമരുളിയ റഷ്യയ്ക്കുള്ളിൽ 1476 ഖത്തറിനെ അടുക്കി വയ്ക്കാം! സ്റ്റേഡിയങ്ങൾ തമ്മിലുള്ള ഏറ്റവും കൂടിയ ദൂരം 75 കിലോമീറ്റർ മാത്രം. കുറഞ്ഞ ദൂരം 5 കിലോമീറ്ററും. അൽ റയാൻ നഗരസഭാ പരിധിയിൽത്തന്നെയുണ്ട് 3 സ്റ്റേഡിയങ്ങൾ. നമ്മുടെ സംസ്ഥാന സ്കൂൾ കലോൽസവങ്ങൾ പോലെ ‘വേദി ഒന്നിൽ ഫ്രാൻസ്–ഓസ്ട്രേലിയ, വേദി രണ്ടിൽ ജർമനി–ജപ്പാൻ’ എന്നിങ്ങനെയെല്ലാം അനൗൺസ് ചെയ്യാവുന്ന രീതിയിലാണ് മത്സരക്രമവും. പന്തുകളി മൈതാനം പോലെ പരന്ന രാജ്യം കൂടിയാണ് ഖത്തർ. മാലദ്വീപ് കഴിഞ്ഞാൽ ലോകത്തു തന്നെ ഇക്കാര്യത്തിൽ രണ്ടാം സ്ഥാനം. ഭൂപ്രതലത്തിലെ ശരാശരി ഉന്നതി (Elevation) 28 മീറ്റർ മാത്രം. ഏറ്റവും ഉയരം കൂടിയ സ്ഥലത്തിന്റെ ഉയരം വെറും 203 മീറ്റർ!

ഗുഡ്ബൈ

ലോക ഫുട്ബോളിലെ സൂപ്പർ താരങ്ങളുടെ വിടപറയൽ മൈതാനമായിരിക്കും ഖത്തർ. മുപ്പത്തിയേഴുകാരനായ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും മുപ്പത്തിയഞ്ചുകാരനായ അർജന്റീന താരം ലയണൽ മെസ്സിക്കും ഇനിയൊരു ലോകകപ്പിന് ബാല്യമുണ്ടാകുമോ എന്നതു സംശയം. ഇപ്പോഴില്ലെങ്കിൽ പിന്നെപ്പോൾ എന്ന മനസ്സോടെയാണ് ലാറ്റിനമേരിക്കൻ ടീമുകളായ അർജന്റീനയും ബ്രസീലുമെല്ലാം ലോകകപ്പിന് ഇറങ്ങുക. എന്നാൽ, നാലു ലോകകപ്പുകളായി കപ്പിൽ കൈവച്ചു നിൽക്കുകയാണ് യൂറോപ്പ്.

കണ്ണീരും കിനാവും

ലോകകപ്പിൽ നിന്നു തുളുമ്പി വീണ ഇറ്റലിയും ചിലെയുമെല്ലാം ഖത്തറിലെ കളികൾ കണ്ണീരോടെ കാണും. യൂറോ കപ്പ് ജേതാക്കളായിട്ടും അസൂറിപ്പടയ്ക്കു ലോകകപ്പിനു യോഗ്യത നേടാനായില്ല. തുടരെ രണ്ടാം ലോകകപ്പാണ് ഇറ്റലിക്കും ചിലെയ്ക്കും നഷ്ടമാകുന്നത്. ഇവർക്കു പകരം കപ്പിലെ മധുരം കിനാവു കണ്ടെത്തുന്ന ടീമുകളുണ്ട്. 36 വർഷം മുൻപ് കാനഡ അവസാനമായി 9ലോകകപ്പ് കളിക്കുന്നതു കണ്ട ആരും ഇപ്പോഴത്തെ ടീമിലില്ല. വെയ്ൽസ് കളിക്കുന്നത് കളിക്കാരുടെ മാതാപിതാക്കൾ പോലും കണ്ടു കാണില്ല; 64 വർഷം മുൻപായിരുന്നു അത്!

കേരള കപ്പ്

നാട്ടിലെവിടെയാ? ലോകകപ്പ് കാലത്ത് ഖത്തറിൽ അങ്ങുമിങ്ങും കേൾക്കാൻ പോകുന്ന ഒരു ചോദ്യം ഇതായിരിക്കും! വീട്ടുമുറ്റത്തു വിരുന്നെത്തുന്ന പോലെയാണ് മലയാളികൾ ഈ ലോകകപ്പിനെ വരവേൽക്കുന്നത്. മെസ്സിയെയും റൊണാൾഡോയെയും നെയ്മാറെയുമെല്ലാം ഇത്രയടുത്ത് ഇനി കാണാൻ കിട്ടുമോ?

ഖത്തറിലെ ജനസംഖ്യയിൽ ഭൂരിഭാഗവും പ്രവാസികളാണ്. അതിലധികവും മലയാളികൾ. ലോകകപ്പ് കാലത്ത് ഈ കണക്ക് ഇതിലും കൂടും. ചിട്ടി പിടിച്ചും സ്വർണം വിറ്റുമെല്ലാം പലരും ലോകകപ്പിനു പോകാൻ ഒരുങ്ങിക്കഴിഞ്ഞു. അവർക്കായി നിറഞ്ഞ മനസ്സോടെ, വാതിൽ തുറന്നിട്ടു കാത്തിരിക്കുന്നു ഖത്തറിലെ മലയാളി സമൂഹം.

qatar-world-cup.
ദോഹയിലെ ലോകകപ്പ് കൗണ്ട്ഡൗൺ‌ ക്ലോക്കിനരികെ ആരാധകർ

ഖത്തർ നൂറേനൂറിൽ!

ദോഹ ∙ ലോകകപ്പിന്റെ 100 ദിന കൗണ്ട് ഡൗൺ ആഘോഷമാക്കാനൊരുങ്ങി ഖത്തർ. രാജ്യത്തെ 3 പ്രധാന ഷോപ്പിങ് മാളുകളിലായാണ് 3 ദിവസത്തെ ആഘോഷ പരിപാടികൾ നടക്കുന്നത്. ദോഹ ഫെസ്റ്റിവൽ സിറ്റിയിലും പ്ലേസ് വിൻഡോമിലും ആഘോഷങ്ങൾക്ക് ഇന്നലെത്തന്നെ തുടക്കമായി. മാൾ ഓഫ് ഖത്തറിൽ ഇന്നാണ് തുടക്കം. ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ.

അലങ്കാരങ്ങൾക്ക് സമ്മാനം

ഖത്തറിലെ ആരാധകർക്കു കൗണ്ട് ഡൗൺ ആഘോഷ പരിപാടികൾ ഭാഗ്യപരീക്ഷണം കൂടിയാണ്. ഫുട്‌ബോൾ സ്കിൽ മത്സരങ്ങളിൽ ഓരോ ദിനവും ഏറ്റവുമധികം സ്‌കോർ നേടുന്നവർക്ക് ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റ് സ്വന്തമാക്കാം. ലോകകപ്പിനെ വരവേൽക്കാൻ ഖത്തർ പൗരന്മാർക്കും പ്രവാസികൾക്കും വീടുകളും പാർപ്പിട യൂണിറ്റുകളുമെല്ലാം അലങ്കരിക്കുകയുമാവാം. സ്‌കൂളുകൾ, സർവകലാശാലകൾ, പൊതുസ്ഥാപനങ്ങൾ, നഗരസഭകൾ എന്നിവയ്ക്കും തങ്ങളുടെ കെട്ടിടങ്ങളിൽ ഫുട്‌ബോൾ ആവേശം നിറയ്ക്കാം. അലങ്കാരങ്ങൾ എങ്ങനെയാകണം, ഏതു പ്രമേയം സ്വീകരിക്കണം തുടങ്ങിയ കാര്യങ്ങളിൽ കൃത്യമായ നിബന്ധനകളും വ്യവസ്ഥകളും ഉണ്ടെന്നു മാത്രം. ഏറ്റവും മികച്ച അലങ്കാരങ്ങൾക്ക് നല്ലൊരു തുക സമ്മാനമായും ലഭിക്കും.

കൗണ്ട് ഡൗൺ രക്തദാനം

ബ്രസീൽ, അർജന്റീന, പോർച്ചുഗൽ, ഫ്രാൻസ് ടീമുകളുടെ ഫാൻ ഗ്രൂപ്പുകൾ ഖത്തറിൽ സജീവമാണ്. 100 ദിനവും രാജ്യത്തുടനീളമായി വ്യത്യസ്ത പരിപാടികളാണ് നടത്തുന്നത്. രക്തദാനം മുതൽ ഫുട്‌ബോൾ ലീഗ് മത്സരങ്ങൾ വരെ ഇതിലുണ്ട്. ഖത്തറിലെയും അയൽ രാജ്യമായ സൗദി അറേബ്യയിലെയും ഫാൻ ഗ്രൂപ്പുകൾ തമ്മിലുള്ള ഏകോപനം സംബന്ധിച്ചു വരെ ചർച്ചകൾ നടന്നു കഴിഞ്ഞു. ‘വീട്ടുമുറ്റത്തെ ലോകകപ്പ്’ കാണാനുള്ള ആവേശത്തിലാണ് ഖത്തറിലെ പ്രവാസി മലയാളികളും.

Content Highlight: Qatar World Cup, FIFA World Cup

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}