ADVERTISEMENT

ലണ്ടൻ∙ ഇംഗ്ലിഷ് പ്രീമീയർ ലീഗിൽ മോശം പെരുമാറ്റത്തിന്റെ പേരിൽ ടോട്ടനം ഹോട്സ്പൂർ പരിശീലകൻ അന്റോണിയോ കോണ്ടെയ്ക്കും ചെൽസി പരിശീലകൻ തോമസ് ടച്ചലിനും ചുവപ്പു കാർഡ്. കഴിഞ്ഞ ദിവസം ഇരു ടീമുകളും തമ്മിൽ നടന്ന വാശിയേറിയ പോരാട്ടത്തിനിടെയാണ് പരിശീലകരും ഗ്രൗണ്ടിനു വെളിയിൽ ‘ഏറ്റുമുട്ടിയത്’. സറ്റാംഫോർഡ് ബ്രിജിൽ ഞായറാഴ്ച നടന്ന മത്സരത്തിനിടെ രണ്ടു തവണയാണ് സ്പർസ്– ചെല്‍സി ടീമുകളുടെ പരിശീലകർ തമ്മിൽ തർക്കത്തിലായത്.

മത്സരം 2–2ന് സമനിലയിൽ പിരി‍ഞ്ഞു. 19–ാം മിനിറ്റിൽ കലിദു കുലിബാലിയിലൂടെ ചെൽസി മുന്നിലെത്തിയെങ്കിലും 68–ാം മിനിറ്റിൽ എമിലെ ഹോജെർഗിലൂടെ ടോട്ടനം സമനില പിടിച്ചു. ഈ ഗോളിനു സെക്കൻഡുകൾക്കു മുൻപാണ് പ്രശ്നങ്ങളുടെ തുടക്കം. ചെൽസിയുടെ കായ് ഹാവെ‍ര്‍ട്സ് സ്പർസ് താരം റോഡ്രിഗോ ബെന്റൻകൂർ ഫൗള്‍ ചെയ്തെന്ന പരാതി ഉയർത്തി. പിന്നാലെ ചെല്‍സിയുടെ ബെഞ്ചിലുള്ള താരങ്ങളും പരിശീലകനും പ്രകോപിതരായി.

സമനില ഗോള്‍ നേടിയതോടെ ടോട്ടനം പരിശീലകൻ ചെല്‍സി പരിശീലകന്റെ സമീപം ആഘോഷവുമായെത്തിയതും പ്രശ്നങ്ങൾക്കിടയാക്കി. വാർ പരിശോധന പൂർത്തിയാക്കിയാണ് ടോട്ടനത്തിനു ഗോൾ അനുവദിച്ചത്. എന്നാൽ ആഘോഷം അധികം നീണ്ടു നിന്നില്ല. 77–ാം മിനിറ്റിൽ റീസ് ടോപ്‍ലിയിലൂടെ ചെൽസി വീണ്ടും ലീഡെടുത്തു. ഈ ഗോൾ ചെൽസി പരിശീലകൻ വൻ ആഘോഷമാക്കി മാറ്റി. ചെൽസി വിജയിക്കുമെന്നു തോന്നിച്ച ഇടത്താണ് ഹാരി കെയ്ൻ ടോട്ടനത്തിനായി സമനില പിടിച്ചത്. അധിക സമയത്തെ ആറാം മിനിറ്റിൽ ഇവാൻ പെരിസിച്ചിന്റെ കോർണർ കിക്കിൽ ഹെഡ് ചെയ്താണ് ഹാരി കെയ്ൻ ടോട്ടനത്തിനായി ഗോൾ നേടിയത്.

മത്സര ശേഷം പരസ്പരം കൈകൊടുക്കുന്ന നേരത്തും രണ്ടു പരിശീലകരും വാക്കേറ്റത്തിലായി. കൈവിടാതിരുന്ന പരിശീലകർ തർക്കിക്കാൻ തുടങ്ങിയതോടെ ഇരു ടീമുകളുടെയും താരങ്ങളും ചുറ്റുംകൂടി. ഇതു വീണ്ടും ഉന്തിലും തള്ളിലുമെത്തിയതോടെ റഫറി ആന്റണി ടെയ്‍ലർ രണ്ടു പരിശീലകർക്കും ചുവപ്പു കാർഡ് നൽകുകയായിരുന്നു.

English Summary: Conte, Tuchel get red cards in fiery Tottenham vs Chelsea 2-2 draw

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com