ADVERTISEMENT

രാജ്യാന്തര മത്സരം കളിക്കുന്നതിൽനിന്ന് ഇന്ത്യയെ ഫിഫ വിലക്കിയതോടെ കരിനിഴൽ വീഴുന്നത് രാജ്യത്തിന്റെ ഫുട്ബോൾ സ്വപ്നങ്ങൾക്ക്. 85 വർഷത്തിനിടെ, ചരിത്രത്തിൽ ആദ്യമായാണ് ഫിഫ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ (എഐഎഫ്എഫ്) വിലക്കിയത്. ഇതോടെ ഇന്ത്യയ്ക്ക് അണ്ടര്‍–17 വനിത ലോകകപ്പ് നഷ്ടമാകുന്ന സാഹചര്യമാണ്. ഭരണത്തിൽ പുറമെ നിന്നുള്ള ഇടപെടൽ ചൂണ്ടിക്കാട്ടിയാണ് ഫിഫ വിലക്കേർപ്പെടുത്തിയത്. മുൻപ് പലവട്ടം ഫിഫ എഐഎഫ്എഫിന് മുന്നറിയിപ്പ് നൽകിയതാണ്. സുപ്രീം കോടതിയുടെ ഇടപെടൽ ഉണ്ടായിട്ടുപോലും അധികാര വടംവലി തുടർന്നതോടെയാണ് ഫിഫ കടുത്ത നടപടികളിലേക്ക് കടന്നത്.

നിലവിലെ സാഹചര്യത്തിൽ ഒക്ടോബർ 11 മുതൽ 30 വരെ ഇന്ത്യയിൽ നടത്താനിരുന്ന അണ്ടർ 17– വനിതാ ഫുട്ബോൾ നടത്താൻ സാധിക്കില്ല എന്നും ഫിഫ അറിയിച്ചു. ഫുട്ബോൾ മത്സരം നടത്തുന്നതുമായി ബന്ധപ്പെട്ട അടുത്ത നടപടികളിലേക്ക് ഫിഫ കടക്കും. ഇന്ത്യയിലെ കായിക മന്ത്രാലയവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. കമ്മിറ്റി പുനഃസ്ഥാപിക്കാൻ സാധിച്ചാൽ സസ്പെൻഷൻ നീക്കുന്നത് പരിഗണിക്കുമെന്നും ഫിഫ ഇറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. 

അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ മുൻ പ്രസിഡന്റ് പ്രഫുൽ പട്ടേലിനെതിരെ കോടതിയലക്ഷ്യ നടപടികളുമായി പ്രത്യേക ഭരണ സമിതി നീങ്ങിയതോടെയാണ് കാര്യങ്ങൾ കൂടുതൽ വഷളായത്. കോടതി നിയോഗിച്ച പ്രത്യേക ഭരണസമിതിയുടെ പ്രവർത്തനങ്ങളിൽ അനാവശ്യമായി ഇടപെടുന്നുവെന്നും ഫിഫ നേതൃത്വത്തെ ഉൾപ്പെടെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നും കാട്ടിയാണു സുപ്രീംകോടതിയെ സമീപിച്ചത്. 

fifa

ഫുട്ബോൾ ഭരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിന്നു രാജ്യസഭാംഗം കൂടിയായ പ്രഫുൽ പട്ടേലിനെ വിലക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഏതാനും സംസ്ഥാന അസോസിയേഷൻ ഭാരവാഹികൾക്കെതിരെയും നടപടിയാവശ്യപ്പെട്ടിട്ടുണ്ട്. ‘ഫിഫയുടെ കൗൺസിൽ അംഗമെന്ന പദവി പ്രഫുൽ പട്ടേൽ ദുരുപയോഗം ചെയ്തുവെന്നു വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഫുട്ബോൾ ഫെഡറേഷന്റെ മികവുയർത്താൻ കോടതി നടത്തുന്ന പല ശ്രമങ്ങളെയും സംസ്ഥാന അസോസിയേഷനുകളുടെ കൂട്ടുപിടിച്ച് തകർക്കാനാണു പ്രഫുൽ പട്ടേൽ ശ്രമിക്കുന്നത്’ കോടതിയലക്ഷ്യ ഹർജിയിൽ പറയുന്നു. 

എഐഎഫ്എഫ് ഭരണത്തിൽ പുറത്തു നിന്നുള്ളവരുടെ ഇടപെടലുണ്ടെന്നു വിലയിരുത്തിയ ഫിഫ, വിലക്കു ഭീഷണിയുമായി ഏതാനും ദിവസം മുൻപു കത്തയച്ചിരുന്നു. ഫിഫ നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചതിനു പിന്നിൽ പ്രഫുൽ പട്ടേലാണെന്നു കണ്ടെത്തിയ ഭരണ സമിതി ഇത്തരം ഇടപെടലുകൾക്കെതിരെ കടുത്ത വിമർശനം ഉയർത്തി.

ഇതിനിടെ തിരഞ്ഞെടുപ്പ് ഉടൻ നടത്താനുള്ള സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലം ഫിഫ പരിശോധിച്ചു. കോടതി ഉത്തരവിന്റെ പൂർണരൂപം ആവശ്യപ്പെട്ട ഫിഫ ഇതു വിലയിരുത്തിയശേഷമാണ് നടപടി പ്രഖ്യാപിച്ചത്. ഒന്നര വർഷമായി തിരഞ്ഞെടുപ്പ് നടത്താതെ വന്നതോടെയാണ് കോടതി എഐഎഫ്എഫ് പിരിച്ചുവിട്ട് മൂന്നംഗം കമ്മിറ്റിയെ ഭരണത്തിനായി നിയോഗിച്ചത്. കാര്യങ്ങൾ വിലയിരുത്തുന്നതിന് ഫിഫയും ഏഷ്യ ഫുട്ബോൾ ഫെഡറേഷനും (എഎഫ്സി) ചേർന്ന് എഎഫ്സി ജനറൽ സെക്രട്ടറി വിൻഡ്സർ ജോണിന്റെ നേതൃത്വത്തിൽ ഒരു സംഘത്തെയും നിയോഗിച്ചിരുന്നു.  

 

English Summary: FIFA suspends All India Football Federation; Reasons

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com