ന്യൂനസിന് ചുവപ്പുകാര്‍ഡ്; ലിവർപൂളിനെ പിടിച്ചുകെട്ടി ക്രിസ്റ്റൽ പാലസ്: സമനില

Mail This Article
ലിവർപൂൾ∙ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് തിരിച്ചടി. സീസണിലെ രണ്ടാം മത്സരത്തിലും ലിവര്‍പൂള്‍ സമനില വഴങ്ങി. ക്രിസ്റ്റല്‍ പാലസാണ് ലിവര്‍ പൂളിനെ സമനിലയില്‍ തളച്ചത്. 2012–2013 സീസണ് ശേഷം ആദ്യമായാണ് ലിവര്‍പൂള്‍ സീസണിലെ ആദ്യ രണ്ടു മല്‍സരങ്ങള്‍ ജയിക്കാതിരിക്കുന്നത്.
ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ സീസണിലെ ആദ്യജയം തേടിയിറങ്ങിയ ലിവര്‍പൂളിനെ 32ാം മിനിറ്റില്‍ വില്‍ഫ്രഡ് സാഹ ഞെട്ടിച്ചു. കളിയുടെ ഗതിക്ക് വിപരീതമായി ആദ്യം സ്കോര്‍ ചെയ്തത് ക്രിസ്റ്റല്‍ പാലസ്. സാഹയുടെ കൗണ്ടര്‍ അറ്റാക്ക് ഗോളി അലിസന്‍ ബെക്കറരെ കീഴടക്കി ഗോളിലേക്ക്. ആദ്യ അരമണിക്കൂറില്‍ ഉജ്വല പ്രകടനമാണ് ലിവര്‍പൂള്‍ ആന്‍ഫീല്‍ഡ് നിറഞ്ഞ ആരാധകര്‍ക്ക് മുന്നില്‍ കാഴ്ച വച്ചത്.
ലൂയിസ് ഡയസും മുഹമ്മദ് സലായും ഡാര്‍വിന്‍ ന്യൂനസും ക്രിസ്റ്റല്‍ പാലസ് ഗോള്‍മുഖത്ത് നിരന്തരം ആക്രമണം നടത്തി. എന്നാല്‍ ഗോള്‍ മാത്രം നേടാനായില്ല. ഒരു ഗോളിന്‍റെ കടവുമായി രണ്ടാം പകുതി തുടങ്ങിയ ലിവര്‍പൂളിന്‍റെ ഗോള്‍ മടക്കാനുളള ശ്രമത്തിനിടെ പരുക്കന്‍ അടവുകളില്‍ കലാശിച്ചു. 57ാം മിനിറ്റില്‍ ക്രിസ്റ്റല്‍ പാലസിന്‍റെ ആന്‍ഡേഴ്സനെ തലകൊണ്ടിടിച്ചതിന് ഡാര്‍വിൻ ന്യൂനസിന് ചുവപ്പ് കാര്‍ഡ്. പത്തുപേരായി ചുരുങ്ങിയിട്ടും ആക്രമണം തുടര്‍ന്ന ലിവര്‍പൂള്‍ 61ാം മിനിറ്റില്‍സമനില ഗോള്‍ കണ്ടെത്തി. ലൂയിസ് ഡയാസിന്‍റെ മനോഹര മുന്നേറ്റം സമനിലഗോളില്‍ കലാശിച്ചു. കളിയുടെ 73 ശതമാനം സമയവും പന്തവകാശം ഉണ്ടായിട്ടും ജയിക്കാന്‍ കഴിയാത്തത് പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ്പിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. പോയിന്‍റ് പട്ടികയില്‍ 12 ാം സ്ഥാനത്താണ് ലിവര്‍പൂള്‍.
English Summary: Liverpool vs Crystal Palace, Premier League