ADVERTISEMENT

ന്യൂഡൽഹി ∙ ആഭ്യന്തര കാര്യങ്ങളിൽ ബാഹ്യ ഇടപെടൽ ചൂണ്ടിക്കാട്ടി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനെ (എഐഎഫ്എഫ്) രാജ്യാന്തര ഫുട്ബോൾ ഭരണസമിതിയായ ഫിഫ സസ്പെൻഡ് ചെയ്തു. ഫെഡറേഷന്റെ 85 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നടപടി. തിങ്കളാഴ്ച ചേർന്ന ഫിഫ കൗൺസിൽ ബ്യൂറോ ഏകകണ്ഠമായാണു തീരുമാനമെടുത്തത്. സസ്പെൻഷൻ വന്നതോടെ ഒക്ടോബർ 11 മുതൽ 30 വരെ ഇന്ത്യ ആതിഥ്യം വഹിക്കേണ്ടിയിരുന്ന അണ്ടർ 17 വനിതാ ലോകകപ്പ് നടത്താനാവില്ലെന്നു ഫിഫ വ്യക്തമാക്കി.

ഫെഡറേഷന്റെ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കാൻ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക ഭരണസമിതി സ്വീകരിച്ച നടപടികളാണ് ഫിഫയുടെ നടപടിക്കു വഴിയൊരുക്കിയത്. പ്രത്യേക ഭരണസമിതി പിരിച്ചുവിടുകയും ഫെഡറേഷന്റെ ഭരണസമിതി പൂർണ ചുമതലയേറ്റെടുക്കുകയും ചെയ്താൽ മാത്രമേ സസ്പെൻഷൻ പിൻവലിക്കുകയുള്ളൂവെന്നു വാർത്താക്കുറിപ്പിൽ ഫിഫ അറിയിച്ചു. ബാഹ്യ ഇടപെടൽ ഫിഫ ചട്ടങ്ങളുടെ ഗുരുതര ലംഘനമാണെന്നും വ്യക്തമാക്കി.

ഫിഫയുടേത് കടുത്ത നടപടിയാണ്. രാജ്യത്തെ ഫുട്ബോൾ നടത്തിപ്പിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഫെ‍ഡറേഷനും സംസ്ഥാന അസോസിയേഷനുകളും കേന്ദ്ര കായിക മന്ത്രാലയവും ഒന്നിച്ചു ശ്രമിക്കണം. 

എന്താണ് ബാഹ്യ ഇടപെടൽ?

ഇന്ത്യയുടെ ഫുട്ബോൾ സംഘടനയിൽ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക ഭരണസമിതി ഇടപെടുന്നതിനെയാണു ബാഹ്യ ഇടപെടലായി ഫിഫ കണ്ടത്. ഫുട്ബോൾ ഫെഡറേഷന്റെ പുതിയ ഭരണഘടനയ്ക്കു രൂപം നൽകുക, ഭാരവാഹികളെ കണ്ടെത്താൻ തിരഞ്ഞെടുപ്പ് നടത്തുക എന്നതായിരുന്നു റിട്ട. ജസ്റ്റിസ് എ.ആർ. ദവെ, മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ എസ്.വൈ. ഖുറേഷി, ദേശീയ പുരുഷ ടീം മുൻ ക്യാപ്റ്റൻ ഭാസ്കർ ഗാംഗുലി എന്നിവരുൾപ്പെട്ട ഭരണസമിതിയുടെ ചുമതലകൾ.

എന്തുകൊണ്ട് അംഗീകാരം റദ്ദാക്കി?

എൻസിപി നേതാവും രാജ്യസഭാംഗവുമായ പ്രഫുൽ പട്ടേലിനെ കഴിഞ്ഞ മേയിൽ ഫെഡറേഷന്റെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് സുപ്രീം കോടതി നീക്കിയിരുന്നു. 3 തവണകളായി 12 വർഷം പ്രസിഡന്റ് പദവി വഹിച്ച പ്രഫുൽ, രാജ്യത്തെ കായിക ചട്ടപ്രകാരം ഒരു പദവിയിൽ പരമാവധി കാലാവധി പൂർത്തിയാക്കിയെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. പിന്നാലെ ഫെ‍ഡറേഷനിലെ ദൈനംദിന പ്രവർത്തനങ്ങളുടെ ചുമതല പ്രത്യേക ഭരണസമിതിയെ ഏൽപിച്ചു. മിനർവ പഞ്ചാബ് എഫ്സി ഉടമ രഞ്ജിത് ബജാജിനെ അധ്യക്ഷനാക്കി 12 അംഗ ഉപദേശക സമിതിക്കു ഭരണസമിതി രൂപം നൽകിയെങ്കിലും നിയമവിരുദ്ധമാണെന്ന് ഫിഫ ചൂണ്ടിക്കാട്ടിയതോടെ പിരിച്ചുവിട്ടു.

ഫെഡറേഷന്റെ നിർവാഹക സമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭരണസമിതി രൂപം നൽകിയ വ്യവസ്ഥകളാണ് ഫിഫയെ ചൊടിപ്പിച്ചത്. സംസ്ഥാന അസോസിയേഷനുകളിലെ 36 പ്രതിനിധികളും 36 പ്രമുഖ ഫുട്ബോൾ താരങ്ങളും അടങ്ങിയ സംഘം നിർവാഹക സമിതി ഭാരവാഹികളെ തിരഞ്ഞെടുക്കുമെന്ന നിർദേശം സുപ്രീം കോടതി അംഗീകരിച്ചെങ്കിലും ഫിഫ എതിർത്തു.

ഇന്ത്യൻ ഫുട്ബോളിന്റെ നഷ്ടങ്ങൾ

∙ഇന്ത്യയ്ക്ക് രാജ്യാന്തര മത്സരങ്ങൾ കളിക്കാനാവില്ല.

∙ഒക്ടോബർ 11 മുതൽ 30 വരെ ഇന്ത്യ ആതിഥ്യം വഹിക്കാനിരുന്ന വനിതകളുടെ അണ്ടർ 17 ലോകകപ്പ് നടത്താനാവില്ല. മറ്റൊരു രാജ്യത്തേക്കു വേദി മാറ്റിയാലും ഇന്ത്യൻ ടീമിനു പങ്കെടുക്കാനാവില്ല.

∙എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളിൽ പുരുഷ അണ്ടർ 17, അണ്ടർ 18 ടീമുകൾക്കു പങ്കെടുക്കാനാവില്ല.

∙അടുത്തയാഴ്ച നടക്കുന്ന വനിതകളുടെ എഎഫ്സി ക്ലബ് ചാംപ്യൻഷിപ്പിൽ ഗോകുലം കേരള എഫ്സി ടീമിനു പങ്കെടുക്കാനാവില്ല.

∙സെപ്റ്റംബറിൽ നടക്കുന്ന സാഫ് വനിതാ ചാംപ്യൻഷിപ്പിൽ ദേശീയ ടീമിനു പങ്കെടുക്കാനാവില്ല.

English Summary: Why has FIFA banned India, and what happens to Indian football now?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com