ADVERTISEMENT

അൽഫോൺസോ ഡേവിസ് എതിർ ഗോൾമുഖത്തേക്കുള്ള വഴി മറക്കാറില്ല; ജീവിതത്തിൽ താൻ കടന്നു വന്ന വഴികളും! ഖത്തർ ലോകകപ്പ് കളിക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനം മുഴുവനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കാൻ ഒരുങ്ങുകയാണ് ഘാനയിൽ ജനിച്ച് ഇപ്പോൾ കാനഡയുടെ സൂപ്പർ താരമായി മാറിയ ഡേവിസ്. 

തനിക്കും കുടുംബത്തിനും സുരക്ഷിതത്വവും സാമ്പത്തിക ഭദ്രതയും നൽകിയ രാജ്യത്തോടുള്ള നന്ദി സൂചകമായാണ് ഡേവിസിന്റെ ജീവകാരുണ്യ പ്രവ‍ർത്തനം. ഘാനയിലെ ബുദുബുരാമിൽ ഐക്യരാഷ്ട്ര സംഘടനയുടെ അഭയാർഥി ക്യാംപിൽ നിന്ന് കനേഡിയൻ ദേശീയ ടീമിലേക്കുള്ള ഡേവിസിന്റെ യാത്ര ഫുട്ബോളിനേക്കാളേറെ നാടകീയത നിറഞ്ഞതാണ്. രണ്ടാം ലൈബീരിയൻ ആഭ്യന്തര യുദ്ധത്തെ തുടർന്ന് അവിടെ നിന്ന് പലായനം ചെയ്ത നാലര ലക്ഷം അഭയാർഥികളിൽ പെട്ടവരായിരുന്നു ഡേവിസിന്റെ മാതാപിതാക്കൾ. രണ്ടായിരത്തിൽ ഘാനയിൽ ജനിച്ച ഡേവിസ് പിന്നീട് കുടുംബത്തോടൊപ്പം കാനഡയിലേക്കു കുടിയേറുകയായിരുന്നു.   

2017ൽ കനേഡിയൻ പൗരത്വം ലഭിച്ച ഡേവിസ് രാജ്യത്തിനായി ബൂട്ട് കെട്ടിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മാറി. 16-ാം വയസ്സിൽ കുറാക്കാവോയ്ക്കെതിരെ അരങ്ങേറിയ അദ്ദേഹം  കോൺകകാഫ് ഗോൾഡ് കപ്പിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. 2019 ജനുവരിയിൽ ജർമൻ ക്ലബ് ബയൺ മ്യൂണിക്കിൽ ചേക്കേറിയ താരം ബയണിന്റെ ചാംപ്യൻസ് ലീഗ് വിജയത്തിൽ നിർണായക പങ്കു വഹിച്ചു. 

1986നുശേഷം ആദ്യമായി ലോകകപ്പിന് യോഗ്യത നേടിയ കാനഡ ടീമിന്റെ പ്രധാന താരങ്ങളിലൊരാളാണ് ലെഫ്റ്റ് ബായ്ക്ക് ആയ  ഡേവിസ്. ബൽജിയം, ക്രൊയേഷ്യ, മൊറോക്കോ എന്നിവർക്കൊപ്പം ഗ്രൂപ്പ് എഫിലാണ് കാനഡ. നവംബർ 24ന് ബൽജിയത്തിനെതിരെയാണ് ആദ്യ മൽസരം.

English Summary: Alphonso Davies will donate his earnings from playing in the 2022 World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com