ADVERTISEMENT

കൊച്ചി∙ കേരള പ്രീമിയർ ലീഗ് ഫുട്ബോൾ ചാംപ്യൻമാരായ ഗോൾഡൻ ത്രെഡ്സ് എഫ്സിയുടെ ഐ ലീഗ് പ്രവേശനം വഴിമുട്ടി. സ്പോൺസർമാരെ ലഭിക്കാത്തതാണ് കൊച്ചി ആസ്ഥാനമായുള്ള ക്ലബ്ബിന്റെ പ്രതിസന്ധി. ഐ ലീഗിന് പോകാനായില്ലെങ്കിൽ ദേശീയ തലത്തിൽ കളിക്കാനുള്ള അവസരം നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ഗോൾഡൻ ത്രെഡ്സ് താരങ്ങൾ.

കലാശപ്പോരാട്ടത്തിൽ കെഎസ്ഇബിയെ തോൽപിച്ചാണ് ഗോൾ‍ഡൻ ത്രെഡ്സ് കെപിഎൽ കിരീടം ചൂടിയത്. ഇതോടെയാണ് ഐ ലീഗ് രണ്ടാം ഡിവിഷൻ കളിക്കാൻ ക്ലബ് അർഹത നേടിയത്. മിക്കവാറും ഒക്ടോബറിലായിരിക്കും ടൂർണമെന്റ് തുടങ്ങുക. അടുത്തമാസം കൊച്ചിയിൽ പരിശീലന ക്യാംപ് തുടങ്ങാനാണ് ക്ലബ്ബിന്റെ പദ്ധതി. 3 വിദേശ താരങ്ങളും ടീമിനൊപ്പം ചേരും.

ഐ ലീഗിന് ടീമിനെ കളത്തിലിറക്കണമെങ്കിൽ അരക്കോടിയോളം രൂപ വേണം. സ്പോൺസർമാരില്ലാതെ ഈ തുക കണ്ടെത്താൻ ക്ലബ്ബിന് കഴിയില്ലെന്ന് സിഇഒ എസ്.എസ്.നൗഷാദ് പറയുന്നു. നിലവിൽ സ്വന്തം നിലയിൽ ഫണ്ട് സമാഹരിച്ചാണ് ടീമിനെ ഇറക്കിയിരുന്നത്. പക്ഷേ ഇത്രയും വലിയ തുക സ്വന്തമായി കണ്ടെത്തുകയെന്നത് ക്ലബ്ബിനെ സംബന്ധിച്ച് ഇപ്പോഴത്തെ അവസ്ഥയിൽ ചിന്തിക്കാവുന്നതിനും അപ്പുറമാണ്. 2008ലും 2009ലും ക്ലബ് ഐലീഗ് സെക്കൻഡ് ഡിവിഷൻ കളിച്ചിട്ടുണ്ട്. അന്നു സ്വന്തമായി പണം സമാഹരിച്ചായിരുന്നു ടീമിനെ ഇറക്കിയിരുന്നത്. പക്ഷേ ഇന്ന് വലിയ ചെലവ് വിലങ്ങുതടിയാകുന്നു. സ്പോൺസർഷിപ്പിനായി പലരെയും സമീപിച്ചെങ്കിലും അനുകൂല നിലപാട് ഒരിടത്തുനിന്നും ലഭിച്ചിട്ടില്ലെന്ന് നൗഷാദ് പറഞ്ഞു.

താരങ്ങൾക്ക് ശമ്പളമടക്കം കൂട്ടിക്കൊടുക്കണം. കെപിഎൽ ചാംപ്യന്മാരായതിനാൽ കളിക്കാർക്ക് മറ്റു ക്ലബ്ബുകളിൽനിന്ന് ഓഫറുകളും വരുന്നുണ്ട്. പ്രധാന താരം സോയൽ ജോഷി ഐഎസ്എൽ ടീം ഹൈദരാബാദ് എഫ്സിക്കൊപ്പം ചേർന്നു. 3 പേരെ ഐ ലീഗ് ടീമുകളായ ഗോകുലം കേരളയും റിയൽ കശ്മീരും സ്വന്തമാക്കി. ടീമിലെ 3 പേർ സന്തോഷ് ട്രോഫി കളിച്ചിരുന്നു. ഐ ലീഗ് രണ്ടാം ഡിവിഷൻ പ്രവേശനം ക്ലബ്ബിലെ മറ്റുതാരങ്ങൾ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. തങ്ങളുടെ കഴിവ് ദേശീയതലത്തിൽ പ്രകടിപ്പിക്കാമെന്ന ആത്മവിശ്വാസത്തിലാണവർ. സ്പോൺസറെ കിട്ടിയാൽ ക്ലബ്ബിന്റെ സ്വപ്നം പൂവണിയും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com