ADVERTISEMENT

ന്യൂഡൽഹി ∙ കേന്ദ്ര സർക്കാർ ഇടപെടലും ഫലം കാണാതെ വന്നതോടെ, ഗോകുലം കേരള വനിത ഫുട്ബോൾ ടീമിന് എഎഫ്സി ക്ലബ് ചാംപ്യൻഷിപ് അവസരം നഷ്ടമായി. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനെ (എഐഎഫ്എഫ്) ഫിഫ സസ്പെൻഡ് ചെയ്തതാണ് ഗോകുലത്തിനു തിരിച്ചടിയായത്. വിലക്ക് തീരുമാനം വരുന്നതിനു മുൻപു തന്നെ, മത്സര പ്രതീക്ഷയിൽ ഉസ്ബെക്കിസ്ഥാനിൽ എത്തിയ ടീം നാളെ അവിടെ നിന്നു മടങ്ങും. 

ക്യാപ്റ്റൻ ആശാലത ദേവിയുടെ നേതൃത്വത്തിൽ 23 അംഗ സംഘമാണ് ഉസ്ബെക്കിസ്ഥാനിലുള്ളത്. 23ന് ഉസ്ബെക്ക് ക്ലബ്ബായ സോഗ്ദിയാനയ്ക്കും 26ന് ഇറാൻ ക്ലബ്ബായ ബാം ഖട്ടൂണിനും എതിരെയായിരുന്നു ഗോകുലം കേരളയുടെ മത്സരങ്ങൾ. സസ്പെൻഷൻ നടപടിക്കു പിന്നാലെ, ഇരു മത്സരങ്ങളും എഎഫ്സി ഒഴിവാക്കി. ഫിഫയുടെ തീരുമാനം വന്നതിനു പിന്നാലെ ഗോകുലം ടീം പ്രധാനമന്ത്രിയുടെ ഉൾപ്പെടെ ഇടപെടൽ തേടിയിരുന്നു. 

തുടർന്ന് കേന്ദ്ര കായിക മന്ത്രാലയം ഫിഫയെയും ഏഷ്യൻ ഫുട്ബോൾ ഫെഡറേഷനെയും ബന്ധപ്പെട്ടിരുന്നു.

ഇന്ത്യൻ ക്ലബ്ബുകൾക്ക് എഎഫ്സി ക്ലബ് ചാംപ്യൻഷിപ്പിൽ അവസരം നിഷേധിക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും ഇത് അംഗീകരിക്കപ്പെട്ടില്ലെന്ന് മന്ത്രാലയം തന്നെ അറിയിച്ചതായി ഗോകുലം ക്ലബ് പ്രസിഡന്റ് വി.സി.പ്രവീൺ വ്യക്തമാക്കി. ഉസ്ബെക്കിലെ താഷ്കന്റിൽ നിന്നു ഇന്ത്യയിലേക്കു നേരിട്ടു വിമാന സർ‌വീസ് ഇല്ലാത്തതിനാലാണ് മടക്കയാത്ര വൈകുന്നത്. നാളെയോ ചൊവ്വാഴ്ചയോ ഗോകുലം ടീം നാട്ടിലെത്തിയേക്കും.

 

Content Highlight: Gokulam FC, AFC Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com