ADVERTISEMENT

ലോകകപ്പിനായി ഖത്തറിലേക്കു വിമാനം കയറുന്ന ഇറാൻ ഫുട്ബോൾ ടീമിന്റെ കയ്യിലുണ്ടാവുക കിറ്റും പന്തുകളും മാത്രമല്ല; പ്രശസ്തമായ പേർഷ്യൻ പരവതാനികൾ കൂടിയാണ്. എതിർ ടീമുകൾക്കും കളിക്കാർക്കും കാർപറ്റുകൾ സമ്മാനിക്കുകയെന്ന കാലങ്ങളായുള്ള ടീമിന്റെ പതിവു കാക്കുന്നതിനു വേണ്ടിയാണിത്. ഖത്തർ ലോകകപ്പിനായുള്ള സ്പെഷൽ കാർപറ്റുകളിലൊന്നിന്റെ നിർമാണം ഇറാനിയൻ നഗരമായ ടബ്‌രീസിൽ പൂർത്തിയായിക്കഴിഞ്ഞു. 2 മീറ്റർ നീളവും ഒന്നര മീറ്റർ വീതിയുമുള്ള കാർപറ്റിൽ ലോകകപ്പിൽ മത്സരിക്കുന്ന എല്ലാ ടീമുകളുടെയും പതാകയുണ്ട്. നൂറിലേറെ നിറഭേദങ്ങൾ നിറഞ്ഞ ഇത് ലോകകപ്പ് സമയത്ത് പ്രദർശിപ്പിക്കും. 

രാജ്യാന്തര നയതന്ത്രരംഗത്ത് ഇറാന്റെ ഏറ്റവും വലിയ സൗഹൃദ തന്ത്രങ്ങളിലൊന്നാണ് ഫുട്ബോൾ. അതിനവർ ഉപയോഗിക്കുന്നത് പേർഷ്യൻ പരവതാനികളും. ടീമുകൾക്കു പുറമേ വ്യക്തികൾക്കും ഇറാൻ ഇവ സമ്മാനിക്കാറുണ്ട്. ഫുട്ബോൾ ലോകത്ത് ആദ്യമായി   ഇറാനിയൻ കാർപ്പറ്റ് ലഭിച്ചത് മുൻ ഫ്രാൻസ് താരം സിനദിൻ സിദാനാണ്. 1998 ലോകകപ്പ് കാലത്ത് അന്നത്തെ ഫിഫ പ്രസിഡന്റായിരുന്ന സെപ് ബ്ലാറ്റർ വഴിയാണ് സിദാന് കാർപ്പറ്റ് സമ്മാനിച്ചത്. ഇറാന്റെ ആദ്യ ലോകകപ്പായിരുന്നു അത്. രാഷ്ട്രീയ എതിരാളികളായ അമേരിക്കയ്ക്കെതിരെ അഭിമാന ജയം നേടി ഇറാൻ ലോകകപ്പിനെ അവിസ്മരണീയമാക്കി. അന്നു പക്ഷേ മൽസരത്തിനു മുൻപ് കാർപറ്റ‌ല്ല ഇറാൻ താരങ്ങൾ അമേരിക്കൻ കളിക്കാർക്കു നൽകിയത്- വെള്ള ലില്ലിപ്പൂക്കളാണ്. ഇത്തവണയും ഇറാന് അതിന് അവസരമുണ്ട്. ലോകകപ്പിലെ ബി ഗ്രൂപ്പിൽ ഇറാന്റെ മൂന്നാം മത്സരത്തിലെ എതിരാളികൾ അമേരിക്കയാണ്. ഇംഗ്ലണ്ട്, വെയ്ൽസ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.  

2006, 2014 ലോകകപ്പുകളിലെ പതിവു തുടരുകയാണെങ്കിൽ ഇറാൻ ഈ ടീമുകൾക്കും കാർപറ്റ് സമ്മാനിക്കും. കഴിഞ്ഞ റഷ്യൻ ലോകപ്പിന് 7 കാർപ്പറ്റുകളാണ് ഇറാൻ തയാറാക്കിയത്. മൂന്നെണ്ണം ഗ്രൂപ്പിലുള്ള സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ ടീമുകൾക്ക് നൽകി. ബാക്കിയുള്ളതിൽ ഒന്ന് ഫിഫയ്ക്കും മറ്റൊന്ന് റഷ്യൻ ഫുട്ബോൾ ഫെഡറേഷനും. രണ്ടെണ്ണം ഇറാനിയൻ ഫുട്ബോൾ ഫെഡറേഷൻ തന്നെ ‘സബ്സ്റ്റിറ്റ്യൂട്ട്’ ആയി കൈവശം വച്ചു. അപ്രതീക്ഷിതമായി ആർക്കാണ് പരവതാനി കൊടുക്കേണ്ടി വരിക എന്നറിയില്ലല്ലോ! 

അർഹ്ബോ ഇർറോ! 

ദോഹ ∙ ഖത്തർ ലോകകപ്പിന് 91 ദിവസം ബാക്കി നിൽക്കെ കാൽപന്തുകളിയുടെ ഊർജം നിറയുന്ന രണ്ടാമത്തെ ഔദ്യോഗിക ഗാനവും പുറത്തിറക്കി ലോക ഫുട്ബോൾ ഭരണസമിതിയായ ഫിഫ. ഹയാ ഹയാ എന്നു തുടങ്ങുന്നതായിരുന്നു ആദ്യ ഗാനമെങ്കിൽ ഇത്തവണ അർഹ്‌ബോ എന്നതാണ് ആവേശ വരികൾ. ആഗോള ഫുട്‌ബോൾ ആരാധകരെ അറബ് നാട്ടിലേക്കു സ്വാഗതം ചെയ്യുന്ന ഗാനം ഫ്രഞ്ച്–കോംഗോ റാപ്പറായ മാട്രി ജിംസും പ്യൂർട്ടോറിക്കൻ റാപ്പർ ഒസുനയും ചേർന്നാണ് അവതരിപ്പിക്കുന്നത്. ഫിഫയുടെ ഔദ്യോഗിക യുട്യൂബ് ചാനലിൽ റിലീസ് ചെയ്ത ഗാനം ഇതുവരെ ഒന്നര ലക്ഷത്തിലധികം പേർ കണ്ടു കഴിഞ്ഞു.

 

Content Highlight: Iran's Carpet Diplomacy in World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com