ADVERTISEMENT

നിങ്ങളുടെ സ്വപ്നം മാറ്റരുത്, ഈ ലോകത്തെ മാറ്റിയെടുക്കൂ’ എന്ന വാചകത്തിനൊപ്പം കളിച്ചു വിയർത്ത മുഖവുമായി അലക്സിയ പ്യൂട്ടയാസ്; സ്പെയിനിലെ ആൻസെം ക്ലേവ് സ്കൂളിലെ ഓരോ ക്ലാസ് മുറിയിലും ഈ ചിത്രമുണ്ട്. തുടർച്ചയായ രണ്ടാം വർഷവും യൂറോപ്യൻ ഫുട്ബോൾ ഭരണസമിതി ‘യുവേഫ’യുടെ വനിതാ ഫുട്ബോളർ പുരസ്കാരം നേടി അലക്സിയ ചിരിച്ചപ്പോൾ ആൻസെമിലെ അധ്യാപകർ സമൂഹമാധ്യമത്തിൽ കുറിച്ചു: ‘ഇവൾ ഞങ്ങളുടെ അലക്സ്, ഞങ്ങളുടെ സ്വകാര്യ അഹങ്കാരം, ഞങ്ങളുടെ പൂർവവിദ്യാർഥി, ഞങ്ങളുടെ തീപ്പന്ത്.’

യുവേഫ അവാർഡ്, കഴിഞ്ഞ വർഷം ബലോൻ ദ് ഓർ, ഇക്കൊല്ലം ആദ്യം ഫിഫ ദ് ബെസ്റ്റ് അങ്ങനെ ബാർസിലോനയുടെ മിഡ്ഫീൽഡറും ക്യാപ്റ്റനുമായ ക്യാപ്റ്റൻ അലക്സിയ പ്യൂട്ടയാസ് നേട്ടങ്ങൾ ഗോളുകൾ പോലെത്തന്നെ അടിച്ചു പറത്തുകയാണ്. എല്ലാ പുരസ്കാരങ്ങളും അവർ സമർപ്പിക്കുന്നത് മരിച്ചുപോയ അച്ഛൻ ജോമിനാണ്. ഓരോ ഗോളിനു ശേഷവും ആകാശത്തേക്കു വിരൽ ചൂണ്ടുന്നതും അച്ഛൻ അവിടെ ഉണ്ടെന്ന ഉറപ്പിലാണെന്നും ഇരുപത്തൊൻപതുകാരി അലക്സിയ പറയുന്നു.

ക്ലാസിലെ ഇന്റർവെൽ സമയങ്ങളിൽ ഗ്രൗണ്ടിൽ, സ്കൂൾ വിട്ടാൽ തെരുവിൽ– ആൺകുട്ടികൾക്കൊപ്പം ചറപറ പന്തു കളിച്ച് കയ്യും കാലും മുറിഞ്ഞ്, മുഖത്തു ചെളിയുമായി മകൾ വന്നു കയറുന്നതു പതിവായപ്പോൾ അമ്മ എലിസബത്താണ് അവളെ ക്ലബ്ബിൽ ചേർക്കാൻ ആവശ്യപ്പെട്ടത്. അച്ഛൻ ജോമിന്റെ ഫുട്ബോൾ ഭ്രാന്ത് അതേപോലെ കിട്ടിയ അലക്സിയയെ അങ്ങനെ 7–ാം വയസ്സിൽ സഡാഡെലിൽ ചേർത്തു. 8 വയസ്സുള്ളവർക്കേ പ്രവേശനം കൊടുക്കൂ എന്നറിഞ്ഞപ്പോൾ വയസ്സു കൂട്ടിപ്പറഞ്ഞ് അഡ്മിഷൻ തേടി. അച്ഛനൊപ്പം ക്ലബ് യാത്ര, പിന്നെ മനസ്സും ശരീരവും ഒരുക്കിയെടുക്കാൻ അദ്ദേഹത്തിന്റെ ‘സ്പെഷൽ ക്ലാസ്’ വീട്ടിൽ. കായികക്ഷമത കൂട്ടാനും കളിശൈലി രൂപപ്പെടുത്താനുമായി ബാസ്കറ്റ്ബോളും ഹോക്കിയും ടെന്നിസുമെല്ലാം ഇതിനിടയിൽ..

17–ാം വയസ്സിൽ സ്പാനിഷ് ക്ലബ് ലെവാന്തെയ്ക്കൊപ്പമായി അലക്സിയ. മകളുടെ കളി കാണാൻ ആഴ്ചതോറും 3 മണിക്കൂർ യാത്ര ചെയ്തു മുടങ്ങാതെ ജോം വലൻസിയ ഗ്രൗണ്ടിലെത്തും. ബഹളങ്ങളിൽ നിന്നൊഴിഞ്ഞു മാറിയിരുന്നു കളി നിരീക്ഷിക്കും, പോയിന്റുകൾ കുറിച്ചെടുത്ത് പിന്നീടു പറഞ്ഞുകൊടുക്കും.

എസ്പന്യോളിലേക്കും സ്പെയിനിന്റെ ദേശീയ ടീമിലേക്കും അലക്സിയ കുതിക്കുന്നതിനിടെയാണ് ഹൃദ്രോഗത്തെത്തുടർന്ന് അച്ഛന്റെ മരണം. ‘ഡോക്ടർ ആയാൽ മതിയായിരുന്നു. എന്നാൽ അടുത്തിരുന്നു ചികിത്സിക്കാമായിരുന്നല്ലോ എന്നു ഞാൻ പറഞ്ഞപ്പോൾ അച്ഛൻ ദേഷ്യപ്പെട്ടു, ഫുട്ബോളാണ് നിന്റെ ചോരയിൽ, അതിനെ തമാശയ്ക്കു പോലും തള്ളിപ്പറയരുതെന്ന് അദ്ദേഹം പറഞ്ഞു’– അലക്സിയ പിന്നീടൊരിക്കൽ പറഞ്ഞു.

ബാർസിലോനയെന്ന വലിയ സ്വപ്നത്തെ കൈപ്പിടിയിലൊതുക്കിയ അലക്സിയ, രണ്ടു കാലുകൾക്കും ഒരേ കരുത്തുള്ള കളിക്കാരിയെന്നു പേരെടുത്തു. ചെറുപ്പത്തിൽ ഇടംകാലിനു മാത്രമേ കരുത്തുള്ളോ എന്ന കോച്ചിന്റെ ചോദ്യത്തെത്തുടർന്ന് നിരന്തര പരിശീലനത്തിലൂടെ വലംകാലിനെയും മെരുക്കിയെടുത്തതാണ്!

മുൻപൊരിക്കൽ ചാംപ്യൻസ് ലീഗ് മത്സരത്തിൽ തുടയെല്ലിലെ വലിയ പരുക്കു വകവയ്ക്കാതെ ഗോൾ അടിച്ചുകൂട്ടിയതും ഇതേ മനക്കരുത്തു കൊണ്ടാണ്. ഇക്കൊല്ലം വനിതാ ചാംപ്യൻസ് ലീഗിൽ 11 ഗോളുകൾ, 2 അസിസ്റ്റുകൾ. ഇപ്പോൾ പരുക്കിന്റെ പിടിയിൽ നിന്ന് പഴയ പവറോടെ തിരിച്ചെത്താനുള്ള ഒരുക്കത്തിൽ.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ ആദ്യമായി തെളിഞ്ഞ പെൺമുഖമാണ് അലക്സിയ. ബലോൻ ദ് ഓർ നേടിയ സമയത്തു ദുബായ് ഭരണകൂടം ആദരസൂചകമായി ബുർജിൽ അവരുടെ രൂപത്തിൽ പ്രകാശവിതാനം ഒരുക്കുകയായിരുന്നു. അതെ, കളിക്കളത്തിൽ സിങ്കപ്പെണ്ണ് ആകാൻ കൊതിക്കുന്ന ഓരോ പെൺകുട്ടിയുടെയും മനസ്സിലുണ്ട് അലക്സിയ എന്ന ബാർസയിലെ രാജ്ഞി.

 

Content Highlight: UEFA best player Alexia Putellas, Football

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com