ADVERTISEMENT

മഡ്രിഡ് ∙ യുവേഫ ചാംപ്യൻസ് ലീഗിൽ കരുത്തരായ ലിവർപൂളിനെ ‘പൊളിച്ചടുക്കുന്ന’ പ്രകടനവുമായി ഇറ്റാലിയൻ ക്ലബ് നാപ്പോളി. ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ നാപ്പോളിയുടെ മൈതാനത്ത് ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ലിവർപൂൾ തോറ്റത്. ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ സൂപ്പർതാരം റോബർട്ടോ ലെവൻഡോവസ്കിയുടെ ഹാട്രിക് മികവിൽ ബാർസലോന വിക്ടോറിയ പ്ലാസനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ചു. മറ്റു മത്സരങ്ങളിൽ അത്‍ലറ്റിക്കോ മഡ്രിഡ് എഫ്‍സി പോർട്ടോയെയും (2–1), ടോട്ടനം മാഴ്സയെയും (2–0), സ്പോർട്ടിങ് ലിസ്ബൺ ഫ്രാങ്ക്ഫർട്ടിനെയും (3–0), ബയൺ മ്യൂണിക്ക് ഇന്റർ മിലാനെയും (2–0), അയാക്സ് റേഞ്ചേഴ്സിനെയും (4–0) തോൽപ്പിച്ചു.

ഗോൾകീപ്പർ അലിസൻ ഒരു പെനൽറ്റി രക്ഷപ്പെടുത്തുകയും, പ്രതിരോധത്തിലെ കരുത്തൻ വിർജിൻ വാർ ദെയ്ക് ഒരു ഗോൾസൈൻ സേവുമായി രക്ഷകനാകുകയും ചെയ്ത മത്സരത്തിലാണ് ലിവർപൂൾ കൂറ്റൻ തോൽവി വഴങ്ങിയത്. ഇരുവരുടെയും രക്ഷാപ്രവർത്തനമില്ലായിരുന്നെങ്കിൽ ലിവർപൂളിന്റെ തോൽവി കൂടുതൽ ദയനീയമാകുമായിരുന്നു. ആദ്യ പകുതിയിൽ ലിവർപൂൾ 3–0ന് പിന്നിലായിരുന്നു. പീറ്റർ സീലിൻസ്കിയുടെ ഇരട്ടഗോളും (5 – പെനൽറ്റി, 47), സാംബോ അൻഗൂയിസ്സ (31), ജിയോവാന്നി സിമിയോണി (44) എന്നിവരുടെ ഗോളുകളുമാണ് നാപ്പോളിക്ക് തകർപ്പൻ വിജയം സമ്മാനിച്ചത്. ലിവർപൂളിന്റെ ആശ്വാസഗോൾ 49–ാം മിനിറ്റിൽ ലൂയിസ് ഡയസ് നേടി.

അടുത്തയാഴ്ച തന്റെ മുൻ ക്ലബ് ബയൺ മ്യൂണിക്കിനെതിരെ കളത്തിലിറങ്ങാനിരിക്കെയാണ് വിക്ടോറിയ പ്ലാസനെതിരായ ഗ്രൂപ്പ് സി മത്സരത്തിൽ റോബർട്ട് ലെവൻഡോവ്സ്കി ഹാട്രിക്കുമായി കരുത്തുകാട്ടിയത്. 34, 45+3, 67 മിനിറ്റുകളിലായിരുന്നു ലെവൻഡോവ്സ്കിയുടെ ഗോളുകൾ. ചാംപ്യൻസ് ലീഗിൽ മൂന്നു വ്യത്യസ്ത ക്ലബുകൾക്കായി ഹാട്രിക് നേടുന്ന ആദ്യ താരമാണ് ലെവൻഡോവ്സ്കി. ഇതിനു മുൻപ് ബൊറൂസിയ ഡോർട്മുണ്ട്, ബയൺ മ്യൂണിക്ക് എന്നീ ടീമുകൾക്കായാണ് താരം ഹാട്രിക് നേടിയത്. ഫ്രാങ്ക് കെസ്സി (13), ഫെറാൻ ടോറസ് (71) എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്. വിക്ടോറിയ പ്ലാസന്റെ ആശ്വാസഗോൾ 44–ാം മിനിറ്റിൽ യാൻ സികോറ നേടി.

ഇന്നലെ നടന്ന മത്സരങ്ങളിൽ ഇരട്ടഗോളുകളുമായി മിന്നിയ ഇരുപത്തിരണ്ടുകാരൻ എർലിങ് ഹാളണ്ടിന്റെ മികവിൽ മാഞ്ചസ്റ്റർ സിറ്റിയും ഇരുപത്തിമൂന്നുകാരൻ കിലിയൻ എംബപെയുടെ മികവിൽ പിഎസ്ജിയും ഉജ്വലവിജയങ്ങളുമായി ചാംപ്യൻസ് ലീഗ് സീസണിനു തുടക്കമിട്ടിരുന്നു. സിറ്റി 4–0നു സെവിയ്യയെ തകർത്തപ്പോൾ പിഎസ്ജി 2–1നു യുവന്റസിനെ മറികടന്നു.

ഇരുപത്തിരണ്ടുകാരൻ വിനീസ്യൂസ് ജൂനിയർ ഗോൾ നേടിയ മത്സരത്തിൽ റയൽ മഡ്രിഡ് 3–0നു സെൽറ്റിക്കിനെ തോൽപിച്ചു. ഇരുപത്തിയഞ്ചുകാരൻ മരിയൻ ഷ്വെദ് ഇരട്ടഗോൾ നേടിയ മത്സരത്തിൽ യുക്രെയ്ൻ ക്ലബ് ഷക്തർ ഡോണസ്ക് ജർമൻ ക്ലബ് ലൈപ്സീഗിനെ 4–1നു വീഴ്ത്തി. എസി മിലാൻ സാൽസ്ബർഗിനോടു 1–1 സമനില വഴങ്ങിയപ്പോൾ ചെൽസി 0–1ന് ഡൈനമോ സാഗ്രെബിനോടു തോറ്റു. ബൊറൂസിയ ഡോർട്മുണ്ട് 3–0ന് കോപ്പൻഹേഗനെയും ബെൻഫിക്ക 2–0നു മക്കാബി ഹെയ്ഫയെയും തോൽപിച്ചു.

∙ ചാംപ്യൻസ് ലീഗിൽ ചൊവ്വാഴ്ച രാത്രി നടന്ന 8 മത്സരങ്ങളിൽ പിറന്നത് 23 ഗോളുകൾ. ഇതിൽ 16 ഗോളുകളും നേടിയത് 25ൽ താഴെ പ്രായമുള്ളവർ. കോപ്പൻഹേഗനെതിരെ ബൊറൂസിയ ഡോർട്മുണ്ടിനു വേണ്ടി ഗോളടിച്ച പത്തൊൻപതുകാരൻ ജൂഡ് ബെല്ലിങ്ഹാമാണ് ഏറ്റവും പ്രായം കുറഞ്ഞയാൾ.

English Summary: UEFA Champions League 2022-23, Live Scores

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com