ADVERTISEMENT

മെക്സിക്കോ സങ്കടത്തിലാണ്. ഖത്തർ ലോകകപ്പിനുള്ള ടീമിൽ കൊറോണയുണ്ടാവില്ല എന്നതാണ് കാരണം! അതിനു സന്തോഷിക്കുകയല്ലേ വേണ്ടത് എന്നു ചോദിക്കല്ലേ.. ഇത് ലോകത്തെ വരച്ച വരയിൽ നിർത്തിയ കൊറോണ വൈറസല്ല. എതിർ ഡിഫൻഡർമാരെ വരച്ച വരയിൽ നിർത്തുന്ന മെക്സിക്കൻ ടീമിലെ വിങ്ങർ ഹെസ്യൂസ് മാനുവൽ കൊറോണയാണ്. സ്പാനിഷ് ക്ലബ് സെവിയ്യയുടെ താരമായ കൊറോണയ്ക്കു ക്ലബ്ബിനു വേണ്ടിയുള്ള പരിശീലനത്തിനിടെയാണ് ഇടംകാലിനു പരുക്കേറ്റത്. 

രണ്ടു വർഷം മുൻപ് സൗഹൃദ മത്സരത്തിൽ മെക്സിക്കോ കരുത്തരായ നെതർലൻഡ്സിനെ അവരുടെ തട്ടകത്തിൽ 1–0നു തോൽപിച്ചപ്പോൾ ആ അട്ടിമറിയുടെ സൂത്രധാരനായിരുന്നു മൈതാനത്തു പറന്നു കളിച്ച കൊറോണ. ‘ഞങ്ങളുടെ നെടുംതൂൺ’ എന്നാണ് മത്സരശേഷം കൊറോണയെ മെക്സിക്കൻ പരിശീലകൻ ടാറ്റ മാർട്ടിനോ വിശേഷിപ്പിച്ചത്. ആ തൂണാണിപ്പോൾ തകർന്നു വീണിരിക്കുന്നത്. ലോകകപ്പിനു മുൻപ് അതു ‘പുനർനിർമിക്കാൻ’ ഡോക്ടർമാർ കഠിനപരിശ്രമം നടത്തുന്നുണ്ടെങ്കിലും ആരാധകർക്ക് അത്ര ശുഭാപ്തി വിശ്വാസം പോര.

കഴിഞ്ഞ ലോകകപ്പിൽ ജർമനിയെ അട്ടിമറിച്ച് പുറത്തേക്കുള്ള വഴി കാണിച്ചു കൊടുത്ത മെക്സിക്കോ ഇത്തവണ അർജന്റീന, സൗദി അറേബ്യ, പോളണ്ട് എന്നിവരുൾപ്പെടുന്ന സി ഗ്രൂപ്പിലാണ്. ലയണൽ മെസ്സിയും റോബർട്ട് ലെവൻഡോവ്സ്കിയുമെല്ലാം കളിക്കുന്ന ഗ്രൂപ്പിൽ നിന്നു രക്ഷപ്പെടണമെങ്കിൽ കഠിനാധ്വാനം ചെയ്യേണ്ടി വരുമെന്ന് ആരെക്കാളും നന്നായി മെക്സിക്കൻ പരിശീലകൻ മാർട്ടിനോയ്ക്കറിയാം. അർജന്റീന ദേശീയ ടീമിന്റെ മുൻ പരിശീലകനായ മാർട്ടിനോ, ലയണൽ മെസ്സിയുടെ നാട്ടുകാരനുമാണ്. എന്നാൽ ആ പത്രാസ് വീട്ടിൽ വച്ചിട്ടു വന്നാൽ മതി എന്നാണ് മെക്സിക്കൻ ആരാധകർ മാർട്ടിനോയോടു പറയുന്നത്. കഴിഞ്ഞ ദിവസം പാരഗ്വായ്ക്കെതിരെ സൗഹൃദ മത്സരത്തിൽ മെക്സിക്കോ പരാജയപ്പെട്ടപ്പോൾ ആരാധകർ കൂട്ടത്തോടെ മാർട്ടിനോയെ കൂവി. ‘താങ്കൾ ആരാധകരുടെ പൊതുശത്രുവാണല്ലേ’ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തോടു മാർട്ടിനോ പ്രതികരിച്ചതിങ്ങനെയാണ്: ‘ആണെന്നോ..ഒന്നാം നമ്പർ ശത്രു എന്നു തന്നെ പറയണം!’

English Summary: Mexico star Jesus Corona to miss 2022 World Cup after breaking fibula, tearing ankle ligaments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com