പോഗ്ബയുടെ പൊല്ലാപ്പുകൾ!

pogba
പോൾ പോഗ്ബയും ദിദിയെ ദെഷാമും.
SHARE

പരുക്ക്, ശസ്ത്രക്രിയ, സഹോദരനുമായുള്ള കലഹം..ലോകകപ്പിനു മുൻപ് കളത്തിനകത്തും പുറത്തും പോൾ പോഗ്ബയ്ക്ക് പ്രശ്നങ്ങളേറെയാണ്! 

ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിലെ ‘കഷ്ടകാലം’ അവസാനിപ്പിച്ച് ഇറ്റാലിയൻ ക്ലബ് യുവന്റസിലേക്കു തിരിച്ചു പോയ ഫ്രാൻസ് മിഡ്ഫീൽഡർ പോൾ പോഗ്ബ ഏറ്റവും മിസ് ചെയ്തത് ഒരു ഇറാഖുകാരനെയാണ്; തന്റെ തലമുടിയുടെ ഡിസൈൻ അടിക്കടി മാറ്റുന്ന ബാർബർ അഹ്മദ് അൽസനാവിയെ! ‘എ–സ്റ്റാർ’ എന്ന പേരിൽ ഇംഗ്ലണ്ടിൽ സെലിബ്രിറ്റി സലൂൺ നടത്തുന്ന അൽസനാവിയുടെ അടുത്ത് ഒടുവിൽ  പരുക്കു മൂലം കിട്ടിയ ഇടവേളയിൽ പോഗ്ബ വീണ്ടും ‘തല കുനിച്ചു’. ചെവിക്കു മുകളിൽ ചെറിയൊരു ചിത്രപ്പണിയുമായി മുടി പാടേ വെട്ടുന്നതിന്റെ വിഡിയോ ട്വിറ്ററിൽ പങ്കുവച്ച് പോഗ്ബ കുറിച്ചു: ‘പരുക്കായാലും ഇല്ലെങ്കിലുമെന്ത്! നമുക്ക് ആഘോഷം ആണ് മുഖ്യം!’ 

പോഗ്ബയ്ക്ക് അങ്ങനെ പറയാം. ഇരുപത്തിയൊൻപതുകാരൻ താരത്തിന്റെ പരുക്ക് ശരിക്കും വെട്ടിലാക്കിയത് ഫ്രാൻസ് ദേശീയ ടീം പരിശീലകൻ ദിദിയെ ദെഷാമിനെയാണ്. ലോകകപ്പ് നിലനിർത്തുക എന്ന ഭാരിച്ച ഉത്തരവാദിത്തവുമായി നിൽക്കുന്ന ദെഷാമിന്റെ തലയിലേക്ക് ഇടിത്തീ പോലെയാണ് പോഗ്ബയുടെ പരുക്കും ശസ്ത്രക്രിയയും വന്നു വീണിരിക്കുന്നത്. മാ​​ഞ്ചസ്റ്റർ യുണൈറ്റഡിൽ കരയ്ക്കിരിക്കുകയായിരുന്നെങ്കിലും ഫ്രാൻസ് ടീമിൽ പോഗ്ബയുടെ സ്ഥാനം അങ്ങനെയല്ല: പോഗ്ബയും കാന്റെയും ചേർന്ന ‘ഇരട്ട എൻജിന്റെ’ കരുത്തിലാണ് ഇത്തവണയും ലോകകപ്പിൽ ഫ്രഞ്ച് പട പ്രതീക്ഷയർപ്പിക്കുന്നത്.എന്നാൽ കഴിഞ്ഞ വർഷം യൂറോ കപ്പിൽ സ്വിറ്റ്സർലൻഡിനോടു തോറ്റ മത്സരത്തിനു ശേഷം പോഗ്ബയും കാന്റെയും ഫ്രാൻസ് ടീമിൽ ഒന്നിച്ചു കളിച്ചിട്ടില്ല. 

ജൂലൈയിൽ പ്രീ സീസൺ പരിശീലനത്തിനിടെ തന്നെ പോഗ്ബയുടെ വലതു കാൽമുട്ടിനു പരുക്കേറ്റിരുന്നു. എന്നാൽ പോഗ്ബ അന്ന് ശസ്ത്രക്രിയയ്ക്കു പകരം മറ്റു റീഹാബിലേറ്റഷൻ രീതികൾ പരീക്ഷിച്ചു നോക്കി. അഞ്ചാഴ്ചയ്ക്കു ശേഷവും വേദന മാറാതെ വന്നതോടെ ശസ്ത്രക്രിയ തന്നെ വേണമെന്ന് ഡോക്ടർമാർ നിർബന്ധം പറഞ്ഞു. ഒടുവിൽ  തിങ്കളാഴ്ച ടൂറിനിൽ ശസ്ത്രക്രിയയ്ക്കു വിധേയനായ താരം വിശ്രമത്തിലാണിപ്പോൾ. എട്ടാഴ്ചയെങ്കിലും വിശ്രമം വേണ്ടി വരുമെന്നാണ് നിഗമനം. അതായത് ലോകകപ്പിനു തൊട്ടു മുൻപായിരിക്കും പോഗ്ബ കളിക്കളത്തിലേക്കു തിരിച്ചെത്തുക. വേണ്ടത്ര മത്സരപരിചയമില്ലാതെ പോഗ്ബയെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ഇപ്പോൾ തന്നെ രണ്ടഭിപ്രായമുണ്ട്. എന്നാൽ പോഗ്ബയെ ഖത്തറിലേക്കു കൊണ്ടു പോകാൻ തന്നെയാണ് ദെഷാമിന്റെ തീരുമാനം. 

പോഗ്ബയുടെ പൊല്ലാപ്പുകൾ പരുക്കിൽ തീരുന്നില്ല. ഫ്രാൻസ് ടീമിലെ സഹതാരം കിലിയൻ എംബപെയ്ക്കെതിരെ പോഗ്ബ ദുർമന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് രംഗത്തെത്തിയത് പോഗ്ബയുടെ സഹോദരൻ മാത്തിയാസ് തന്നെയാണ്. എന്നാൽ സഹോദരനും കൂട്ടുകാരും പണത്തിനു വേണ്ടി തന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്ന് പോഗ്ബ തിരിച്ചടിച്ചു. താരങ്ങൾ തമ്മിലുള്ള പടലപ്പിണക്കങ്ങൾ ഫ്രാൻസ് ടീമിൽ അസാധാരണമല്ല. സഹതാരം മാത്യു വാൽബ്യുനയെ അപകീർത്തിപ്പെടുത്താൻ കൂട്ടുനിന്നു എന്ന പേരിലാണ് കരിം ബെൻസേമയ്ക്ക് കഴി‍ഞ്ഞ ലോകകപ്പിൽ ടീമിൽ ഇടം കിട്ടാതെ പോയത്. അന്നു കർക്കശക്കാരനായ ദെഷാം പക്ഷേ ഇപ്പോഴത്തെ വിവാദം കണ്ട കാര്യം നടിക്കുന്നില്ല. കാരണം സിംപിൾ: പോഗ്ബയായിപ്പോയില്ലേ..!

English Summary: Paul Pogba, Qatar world cup 2022

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}