ADVERTISEMENT

മ്യൂണിക് ∙ ബയൺ മ്യൂണിക്കിന്റെ മൈതാനമായ അലിയാൻസ് അരീനയിൽ ഇത്ര ആത്മവിശ്വാസത്തോടെ അടുത്ത കാലത്തെങ്ങും ബാർസിലോന കളിച്ചിട്ടില്ല; ഇത്ര നഷ്ടബോധത്തോടെ അവർ തോറ്റിട്ടുമില്ല! കളിയിലെ ആധിപത്യം ഗോളാക്കാനാവാതെ പോയ സ്പാനിഷ് ക്ലബ്ബിനെ 2–0നു തോൽപിച്ച് ബയൺ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടാം ജയം കുറിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ (50, 54 മിനിറ്റുകൾ) വന്ന രണ്ടു ഗോളുകളാണ് ജർമൻ ക്ലബ്ബിനു വിജയം സമ്മാനിച്ചത്. ലിവർപൂൾ, ഇന്റർ മിലാൻ, സ്പോർട്ടിങ്, ക്ലബ് ബ്രുഹെ, ഐൻട്രാക്റ്റ്, ലെവർക്യുസൻ ടീമുകളും ഇന്നലെ ജയം കുറിച്ചു. 

വെൽഡൺ മാറ്റിപ് ! 

അയാക്സിനെതിരെ സ്വന്തം മൈതാനത്ത് 89–ാം മിനിറ്റിൽ ജോയൽ മാറ്റിപ് നേടിയ ഗോളിലാണ് ലിവർപൂൾ 2–1 ജയവുമായി രക്ഷപ്പെട്ടത്. സീസണിൽ തട്ടിയും തടഞ്ഞും മുന്നേറുന്ന ലിവർപൂളിനെയാണ് ആൻഫീൽഡിലും കണ്ടത്. 17–ാം മിനിറ്റിൽ മുഹമ്മദ് സലായുടെ ഗോളിൽ ആതിഥേയർ മുന്നിലെത്തിയെങ്കിലും 27–ാം മിനിറ്റിൽ മുഹമ്മദ് കുഡസിന്റെ ഗോളിൽ അയാക്സ് തിരിച്ചടിച്ചു. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ നാപ്പോളിയോടു തോറ്റമ്പിയ ലിവർപൂൾ അയാക്സിനെതിരെയും രക്ഷപ്പെടില്ല എന്നു കരുതിയിരിക്കെയാണ് അവസാന നിമിഷം മാറ്റിപ്പിന്റെ ഗോൾ വന്നത്. ഗോൾലൈൻ ടെക്നോളജി സഹായത്തോടെയാണ് മാറ്റിപ്പിന്റെ ഹെഡർ ഗോൾവര കടന്നെന്ന് റഫറി വിധിച്ചത്. ഗ്ലാസ്ഗോയിൽ നടക്കേണ്ടിയിരുന്ന ഗ്രൂപ്പിലെ റേഞ്ചേഴ്സ്–നാപ്പോളി മത്സരം എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തെത്തുടർന്ന് മാറ്റി വച്ചിരുന്നു. ബൽജിയത്തിൽ‌ നിന്നുള്ള ക്ലബ് 

ബ്രുഹെ ആണ് ചൊവ്വാഴ്ച രാത്രി ഏറ്റവും ഞെട്ടിക്കുന്ന ജയം കുറിച്ചത്. പോ‍ർച്ചുഗീസ് ക്ലബ് പോർട്ടോയെ അവരുടെ മൈതാനത്ത് ബ്രുഹെ തകർത്തത് 4–0ന്. ബി ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ജർമൻ ക്ലബ് ബയെർ ലെവർക്യുസൻ 2–0ന് അത്‌ലറ്റിക്കോ മഡ്രിഡിനെ തോൽപിച്ചു. ഡി ഗ്രൂപ്പിൽ സ്പോർട്ടിങ് 2–0ന് ടോട്ടനമിനെയും ഐൻട്രാക്റ്റ് ഫ്രാങ്ക്ഫുർട്ട് 1–0ന് മാഴ്സെയെയും തോൽപിച്ചു.

വെൽകം റോബർട്ട് ! 

ബയൺ വിട്ട് ബാർസയിലേക്കു പോയതിനു ശേഷം ആദ്യമായി മ്യൂണിക്കിൽ കളിക്കാനെത്തിയ പോളണ്ട് സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കിയായിരുന്നു അലിയാൻസ് അരീനയിലെ ശ്രദ്ധാകേന്ദ്രം. ബയൺ ജഴ്സിയിൽ താൻ ഒട്ടേറെ വൻ വിജയങ്ങളിൽ പങ്കാളിയായ മൈതാനത്തേക്കു കാലെടുത്തു വച്ച ലെവൻഡോവ്സ്കിക്ക് ഗാലറിയിൽ നിന്ന് കയ്യടിയും കൂവലും സമ്മിശ്രമായിട്ടാണ് കിട്ടിയത്. ആ കൂവലുകളെക്കൂടി കയ്യടികളാക്കി മാറ്റാനുള്ള അവസരം ആദ്യ പകുതിയിൽ താരത്തിനു കിട്ടിയതാണ്. എന്നാൽ പഴയ കൂട്ടുകാരൻ മാനുവൽ നോയർ ഗോൾമുഖത്ത് മതിലായി നിന്നു. 

 യുവതാരങ്ങളായ പെദ്രിയും ഗാവിയും മിഡ്ഫീൽഡ് നിയന്ത്രിച്ച കളിയുടെ തുടക്കത്തിൽ ബാർസ ബയണിനെ വരച്ച വരയിൽ നിർത്തി. എന്നാൽ പന്തു ഗോൾവര കടത്താൻ മാത്രം അവർക്കായില്ല. പെദ്രിയുടെ ഷോട്ടും ലെവൻഡോവ്സ്കിയുടെ ഒരു ഹെഡറും നോയർ രക്ഷപ്പെടുത്തി. ലെവൻഡോവ്സ്കിയുടെ ഒരു വോളി ക്രോസ് ബാറിനു മുകളിലൂടെ പോവുകയും ചെയ്തതോടെ ബാർസ കോച്ച് ചാവി ഹെർണാണ്ടസ് തലയിൽ കൈവച്ചു. 

രണ്ടാം പകുതിയിൽ മാർസൽ സാബിറ്റ്സറിനു പകരം ലിയോൺ ഗോറെറ്റ്സ്ക വന്നതോടെ ബയണിന്റെ കളി മാറി. ജോഷ്വ കിമ്മിക്കിന്റെ കോർണറിൽ നിന്ന് ഹെഡറിലൂടെ ലൂക്കാസ് ഹെർണാണ്ടസ് ബയണിനെ മുന്നിലെത്തിച്ചു. ബാർസ ആ ഞെട്ടലിൽ നിന്നുണരും മുൻപ് അടുത്ത ഗോളും വന്നു. ജമാൽ മുസിയാലയുമൊത്തുള്ള ഒരു മുന്നേറ്റത്തിനൊടുവിൽ ഓടിക്കയറി ലിറോയ് സാനെ ബാർസ ഗോൾകീപ്പർ ടെർസ്റ്റെഗനെയും കബളിപ്പിച്ച് പന്തു ഗോളിലെത്തിച്ചു. ബയണിനെതിരായ മത്സരത്തിനിടെ ബാർസ സ്ട്രൈക്കർ ലെവൻഡോവ്സ്കിയുടെ നിരാശ. ബയൺ വിട്ടതിനു ശേഷം അവർക്കെതിരെ ലെവൻഡോവ്്സ്കിയുടെ ആദ്യ മത്സരമായിരുന്നു ഇത്. 

English Summary: Bayern Munich Triumph Over Barcelona On Robert Lewandowski's Return

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com