ADVERTISEMENT

ലണ്ടൻ ∙ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നീലക്കടലായെത്തിയ മാഞ്ചസ്റ്റർ സിറ്റി ആരാധകർ ആഗ്രഹിച്ചതും അവർക്കിടയിൽ മഞ്ഞത്തുരുത്തു പോലെ നിന്ന ഡോർട്മുണ്ട് ആരാധകർ പേടിച്ചതും 84–ാം മിനിറ്റിൽ സംഭവിച്ചു. തീർന്നു പോകുന്ന സമയത്തെയും അകന്നു പോയ പന്തിനെയും ഉയർന്നു ചാടി കാലെത്തിപ്പിടിച്ച് എർലിങ് ഹാളണ്ടിന്റെ ഒരു കിടിലൻ ഗോൾ! ഒന്നടങ്കം എഴുന്നേറ്റു നിന്ന ഗാലറിക്കു മുന്നിൽ തന്റെ ആനന്ദം ഹാളണ്ട് ചെറിയൊരു സല്യൂട്ടിൽ ഒതുക്കി; സിറ്റിയിലെത്തും മുൻപ്, തന്നെ താരമാക്കി മാറ്റിയ ഡോർട്മുണ്ടിനോടുള്ള കടപ്പാട് പോലെ! സി ഗ്രൂപ്പിലെ നിർണായക മത്സരത്തിൽ 2–1നാണ് സിറ്റിയുടെ ജയം.

56–ാം മിനിറ്റിൽ ഇംഗ്ലിഷ് താരം ജൂഡ് ബെല്ലിങ്ങാമിന്റെ ഗോളിൽ ആദ്യം മുന്നിലെത്തിയത് ഡോർട്മുണ്ടാണ്. എല്ലാവരും ഹാളണ്ടിന്റെ കാലുകളിലേക്കു നോക്കിയിരിക്കെ സിറ്റിയുടെ മറുപടി ഗോൾ വന്നത് ഡിഫൻഡർ ജോൺ സ്റ്റോൺസിന്റെ ബൂട്ടിൽ നിന്നാണ്. 80–ാം മിനിറ്റിൽ ബോക്സിനു പുറത്തു നിന്നുള്ള ബുള്ളറ്റ് ഷോട്ട് ഡോർട്മുണ്ട് വല കുലുക്കി. നാലു മിനിറ്റിനകം ഹാളണ്ടിന്റെ ‘കുങ്ഫു കിക്ക്’ ഗോളും വന്നു. 

സൂപ്പർ സ്റ്റാർ ജയം 

സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, കിലിയൻ എംബപെ, നെയ്മാർ എന്നിവരെല്ലാം ഗോൾ നേടിയ മത്സരത്തിൽ ഇസ്രയേൽ ക്ലബ് മക്കാബി ഹെയ്ഫയ്ക്കെതിരെ പിഎസ്ജി 3–1നു ജയിച്ചു. 24–ാം മിനിറ്റിൽ ജാരോൺ ചെറിയുടെ ഗോളിൽ സ്വന്തം മൈതാനത്ത് മക്കാബി മുന്നിലെത്തിയ ശേഷമായിരുന്നു പിഎസ്ജിയുടെ തിരിച്ചടി. 

ജർമൻ ക്ലബ് ലൈപ്സീഗിനെതിരെ കളിയുടെ അവസാനം നേടിയ രണ്ടു ഗോളുകളിൽ റയൽ മഡ്രിഡ് ജയിച്ചു കയറി. ഫെഡെറിക്കോ വാൽവെർദെ (80–ാം മിനിറ്റ്), മാർക്കോ അസെൻസിയോ (90+1) എന്നിവരാണ് ഗോൾ നേടിയത്. 

എലിസബത്ത് രാജ്ഞിയുടെ നിര്യാണം മൂലം വൈകി നടത്തിയ മത്സരത്തിൽ സ്കോട്ടിഷ് ക്ലബ് റേഞ്ചേഴ്സിനെ ഇറ്റാലിയൻ ക്ലബ് നാപ്പോളി 3–0നു തോൽപിച്ചു. പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയോട് സ്വന്തം മൈതാനത്ത് 1–2നു തോറ്റതോടെ യുവന്റസിന്റെ നോക്കൗട്ട് സാധ്യത മങ്ങി. കഴിഞ്ഞ മത്സരത്തിൽ പിഎസ്ജിയോടും യുവെ തോറ്റിരുന്നു. 

സീരി എയിൽ യുവെയുടെ പ്രധാന എതിരാളികളായ എസി മിലാൻ ക്രൊയേഷ്യൻ ക്ലബ് ഡൈനമോ സാഗ്രെബിനെതിരെ 3–1നു ജയിച്ചു. പുതിയ പരിശീലകൻ ഗ്രഹാം പോട്ടറുടെ ആദ്യ മത്സരത്തിൽ ചെൽസി സാൽസ്ബർഗിനോട് 1–1 സമനില വഴങ്ങി. ഷക്തർ ഡൊണസ്ക്–സെൽറ്റിക് (1–1) മത്സരവും കോപ്പൻഹേഗൻ–സെവിയ്യ മത്സരവും (0–0) സമനിലയിൽ അവസാനിച്ചു.

English Summary: Manchester City, Real Madrid, PSG register wins; Chelsea held

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com