ADVERTISEMENT

കൊച്ചി ∙ ‘കേറിവാടാ മക്കളേ...’ എന്ന ഹിറ്റ് ഫുട്ബോൾ സിനിമയുടെ രണ്ടാം ഭാഗം റിലീസ് ഒക്ടോബർ 7ന്. കേരളത്തിൽ ഒരൊറ്റ കേന്ദ്രത്തിൽ മാത്രമാവും റിലീസ്. സിനിമയുടെ ട്രെയിലർ കഴിഞ്ഞ ദിവസം ഇറങ്ങി. ടിക്കറ്റുകളും വിറ്റു തീർന്നു.

ഈ സിനിമയുടെ ആദ്യഭാഗം റിലീസായതു ഗോവയിൽ വച്ചായിരുന്നു. കഴിഞ്ഞ മാർച്ച് 20ന്. ഐഎസ്എൽ 8–ാം സീസണിന്റെ ഫൈനൽ  മഡ്ഗാവിലെ ഫറ്റോർദ നെഹ്റു സ്റ്റേഡിയത്തിൽ ആയിരുന്നു. 2 സീസൺ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തിയ ലീഗ് ഒടുവിൽ കാണികൾക്കായി വാതിലുകൾ തുറന്ന നാൾ. ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലകൻ ഇവാൻ വുക്കൊമനോവിച് എന്ന സെർബിയക്കാരൻ ആരാധകരോടു പച്ചമലയാളത്തിൽ പറഞ്ഞു: ‘കേറിവാടാ മക്കളേ..’ മലയാളികളുള്ള നാട്ടിലെങ്ങും വിഡിയോ വഴി അതു പാട്ടായി. കേട്ടപാതി കേൾക്കാത്ത പാതി മലയാളികൾ കേരളത്തിൽ നിന്നും മറ്റു ഭാഗങ്ങളിൽനിന്നും വണ്ടി കേറി. 

ആശാനെന്നാൽ സിദ്ദിഖ്–ലാൽ സിനിമയിലെ ഗർവാസീസ് ആശാനല്ല, സിദ്ദിഖ്–ലാൽ സിനിമയിലെ ഗോഡ്ഫാദർ വേഷം എടുത്തണിഞ്ഞ വുക്കൊമനോവിച് തന്നെ. മലയാളി ആരാധകർ ഇവാനെ വിളിക്കുന്നത് ആശാനെന്നാണ്. അങ്ങനെ ഫറ്റോർദ നെഹ്റു സ്റ്റേഡിയം നിറഞ്ഞു. ഇക്കുറിയും പച്ചമലയാളത്തിൽ ഇവാൻ വുക്കൊമനോവിച് ‘കേറിവാടാ മക്കളേ...’ എന്നു വിളിക്കുന്ന വിഡിയോ പുറത്തിറങ്ങി, അതും ഹിറ്റായി. അതിനു പിന്നാലെ ഉദ്ഘാടന മത്സരത്തിനുള്ള മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു. കലൂർ സ്റ്റേഡിയത്തിൽ ഏറ്റവും നല്ല കളിക്കാഴ്ചയുള്ള കിഴക്കേ ഗാലറിയിലെ ടിക്കറ്റുകൾ വിറ്റു തീർന്നതു വെറും 6 മിനിറ്റിനുള്ളിൽ. ആദ്യമത്സരം കാണണമെങ്കിൽ ഇനിയൊരു മാർഗമേയുള്ളൂ. സീസൺ ടിക്കറ്റ് വാങ്ങുക. 

ഗോവയിലെ ഫൈനലിൽ കണ്ണീർ വീണ പെനൽറ്റി ഷൂട്ടൗട്ട് ഓർത്തുപോകുന്നു. ഹൈദരാബാദിനെതിരെ തോറ്റിട്ടും വിട്ടുപിരിയാൻ മനസ്സില്ലാതെ അർധരാത്രി വരെ സ്റ്റേഡിയത്തിന്റെ വടക്കേ ഗേറ്റിൽ കാത്തുനിന്ന ആരാധകരെ മറക്കാനാവില്ല.  

തോൽവിക്കുമപ്പുറത്തുള്ള ആനന്ദത്തിലേക്കു ചുവടുവയ്ക്കുകയാണു മഞ്ഞപ്പട. താരങ്ങളുടെ കാലുകൾ പന്തുതട്ടാൻ തരിക്കുമ്പോൾ ആരാധകരുടെ മനസ്സ് അതു കാണാൻ തുടിക്കുന്നു. വരട്ടെ, ഒക്ടോബർ 7.

English Summary: Kerala blasters, ISL, Football

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com