ADVERTISEMENT

ഇഷ്ടമാകാത്ത കുപ്പായവുമായി തുണിക്കടയിൽ തിരിച്ചെത്തുന്നവരുടെ മനസ്സാണ് ഇപ്പോൾ യുഎസ് ഫുട്ബോൾ ടീമിന്റെ ആരാധകർക്ക്. ദേശീയ ടീമിനായി നൈക്കി പുറത്തിറക്കിയ വെള്ള ഹോം ജഴ്സി കണ്ട് എല്ലാവരും ചോദിക്കുന്നു: ഇതെന്താ ടീ ഷർട്ടോ? മറ്റു പല ടീമുകളുടെയും എവേ ജഴ്സിയുടെ നിറമായ വെളളയ്ക്കു പകരം അമേരിക്കയെ വേറിട്ടു തിരിച്ചറിയുന്ന നിറമാണ് വേണ്ടിയിരുന്നത് എന്നാണ് പൊതു അഭിപ്രായം. ആരാധകർ മാത്രമല്ല, ജഴ്സി ഇഷ്ടമാകാത്തവരിൽ കളിക്കാരുമുണ്ട്. ‘എനിക്കു ദേഷ്യം വരുന്നു’ എന്നാണ് കഴിഞ്ഞ മാസം തന്നെ ലീക്കായ ജഴ്സി കണ്ട് ഫോർവേഡ് ടിം വിയ കുറിച്ചത്. ‘അവരോടു പറഞ്ഞു..എന്നിട്ടും..’– മിഡ്ഫീൽഡർ വെസ്റ്റൻ മക്കെനിയും ഒപ്പം ചേർന്നു. ക്രൊയേഷ്യയുടെ ചെക്ക് ഡിസൈനിലുള്ള ഒരു ജഴ്സിയാണ് അമേരിക്കക്കാരുടെ സ്വപ്നം. അതിനായി change.org വെബ്സൈറ്റിൽ പ്രചാരണവും തുടങ്ങിക്കഴിഞ്ഞു.

Jersey
ഫിലിപെ കുടിഞ്ഞോ ബ്രസീൽ ജഴ്സിയിൽ (ഇടത്ത്). ക്രിസ്റ്റ്യാനോ പോർച്ചുഗൽ ജഴ്സിയിൽ.

ലോകകപ്പിനുള്ള ടീമുകളുടെ കിറ്റുകൾ നിർമാതാക്കൾ പുറത്തിറക്കിയപ്പോൾ ലൈക്കും ഡിസ്‌ലൈക്കും മാറിമറിയുകയാണ്. ബ്രസീലും ഫ്രാൻസും പോർച്ചുഗലും ഉൾപ്പെടെ ലോകപ്പിനുള്ള 13 ടീമുകളുടെ കിറ്റുകൾ നൈക്കിയാണ് നിർമിക്കുന്നത്. നൈക്കിയുടെ എതിരാളികളായ അഡിഡാസ് അർജന്റീന, ജർമനി, സ്പെയിൻ എന്നിവരുൾപ്പെടെ ഏഴു ടീമുകളുടെയും പ്യൂമ ആറു ടീമുകളുടെയും കിറ്റ് നിർമിക്കുന്നു. കോസ്റ്ററിക്കയുടെയും പാനമയുടെയും ജഴ്സി നിർമാതാക്കൾ ന്യൂ ബാലൻസ് ആണ്. ഐസ്‌ലൻഡ്, ‍ഡെന്മ‍ാർക്ക്, ഇക്വഡോർ, ഇറാൻ ടീമുകളുടേത് ഇതൊന്നുമല്ലാതെ മറ്റു നിർമാതാക്കൾ.

ബ്രസീൽ, സ്പെയിൻ, നെതർലൻഡ്സ് എന്നിവരെല്ലാം തങ്ങളുടെ കാലങ്ങളായുള്ള നിറങ്ങളിൽ തുടരുമ്പോൾ പോർച്ചുഗൽ ടീം ഡിസൈൻ നന്നായൊന്നു മാറ്റി. മെറൂണും പച്ചയും കോണായി പകുത്ത ഡിസൈൻ ആണ് പോർച്ചുഗൽ ഹോം ജഴ്സിക്ക്. ജപ്പാന്റെ ജഴ്സിയിൽ അവരുടെ സ്വന്തം കലാരൂപമായ ഒറിഗാമിയുടെ സ്വാധീനമുണ്ട്. രാജ്യത്തിന്റെ അസ്ടെക് പാരമ്പര്യം പ്രതിഫലിക്കുന്ന ഡിസൈനാണ് മെക്സിക്കോയുടെ ഹോം, എവേ ജഴ്സികൾക്ക്.

ബ്രസീലിന്റെ എവേ ജഴ്സിയിലുള്ള പുള്ളിപ്പുലി ഡിസൈൻ എല്ലാവർക്കും അത്ര ഇഷ്ടപ്പെട്ടിട്ടില്ല. സ്പെയിനിന്റെ എവേ ജഴ്സിയിലുള്ള ഗ്രാഫിക്സ് ഓവറായിപ്പോയി എന്നും അഭിപ്രായമുണ്ട്. അതേസമയം, ആഫ്രിക്കൻ ടീമുകളുടെ ജഴ്സികൾ നന്നായി സ്വീകരിക്കപ്പെട്ടു. ഘാനയുടെ, കണ്ണിൽ കുത്തുന്ന ചുവപ്പു നിറത്തിലുള്ള എവേ ജഴ്സി കണ്ട് ആരാധകരെല്ലാം ഒരേ സ്വരത്തിൽ പറയുന്നു: ചുമ്മാ തീ! ആ തീ ഖത്തർ ലോകകപ്പിൽ ആളിപ്പടരുമോയെന്നു കണ്ടറിയാം!

 

Content Highlight: Fans Criticise USA's world cup Jersey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com