ആംസ്റ്റർഡാം ∙ കഴിഞ്ഞ റഷ്യൻ ലോകകപ്പിനു യോഗ്യത നേടാനാവാത്തതിന്റെ സങ്കടം തീർക്കാൻ ഓറഞ്ച് പട ഖത്തറിലേക്കു വരുന്നുണ്ട്! ലോകകപ്പിനു മുന്നോടിയായി നടക്കുന്ന പ്രധാന ചാംപ്യൻഷിപ്പുകളിലൊന്നായ യുവേഫ നേഷൻസ് ലീഗിൽ ബൽജിയത്തെ 1–0നു തോൽപിച്ച് നെതർലൻഡ്സ് സെമിയിൽ കടന്നു. പരാജയമറിയാതെ നെതർലൻഡ്സിന്റെ 15–ാം മത്സരമായിരുന്നു ഇത്. ഇതിൽ 11 കളികളും ജയിച്ചു.
ലീഗ് എയിലെ നാലാം ഗ്രൂപ്പിൽ ആറിൽ 5 കളികളും ജയിച്ച് 16 പോയിന്റോടെയാണ് നെതർലൻഡ്സ് സെമിയിലെത്തിയത്. രണ്ടാം സ്ഥാനക്കാരായ ബൽജിയത്തിനു 10 പോയിന്റ് മാത്രം. ഒന്നാം ഗ്രൂപ്പിലെ നിർണായക മത്സരത്തിൽ ഓസ്ട്രിയയെ 3–1നു തോൽപിച്ച് ക്രൊയേഷ്യയും സെമിയിലെത്തി. ഫ്രാൻസിനെ 2–0നു തോൽപിച്ച ഡെൻമാർക്കാണ് ഗ്രൂപ്പിൽ രണ്ടാമത്. ലോകകപ്പിനു ശേഷം അടുത്ത ജൂണിലാണ് നേഷൻസ് ലീഗ് സെമിഫൈനലുകൾ നടക്കുന്നത്.
വിർജിൽ വാൻദെയ്ക് 73–ാം മിനിറ്റിൽ നേടിയ ഗോളിലാണ് നെതർലൻഡ്സ് ഫിഫ റാങ്കിങ്ങിലെ രണ്ടാം സ്ഥാനക്കാരായ ബൽജിയത്തെ വീഴ്ത്തിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ പോളണ്ട് 1–0നു വെയ്ൽസിനെ തോൽപിച്ചു.
English Summary: Netherlands vs Belgium UEFA Nations League