താരങ്ങൾക്ക് ഖത്തർ ക്രാഷ് കോഴ്സ്!

HIGHLIGHTS
  • ഖത്തറിൽ ഫുട്ബോൾ ലോകകപ്പ് തുടങ്ങാൻ ഇനി വെറും 50 ദിവസം
messi
SHARE

പരീക്ഷയ്ക്കു തൊട്ടു മുൻപ് ടെൻഷനടിച്ചിരിക്കുന്ന വിദ്യാർഥികളെപ്പോലെയാണ് ഇപ്പോൾ ലോകഫുട്ബോളിലെ സൂപ്പർ താരങ്ങൾ. അവരുടെ കരിയറിലെ ഏറ്റവും വലിയ ടെസ്റ്റ് ആണ് 50 ദിവസങ്ങൾക്കപ്പുറം ഖത്തർ എന്ന എക്സാം സെന്ററിൽ തുടങ്ങുന്നത്. ലോകകപ്പ് ഫുട്ബോൾ എന്ന ഈ പരീക്ഷയിൽ 2 ഓപ്ഷനുകളേയുള്ളൂ– കപ്പ് നേടുക അല്ലെങ്കിൽ കളിച്ചു മടങ്ങുക. ലോകകപ്പിന്റെ സിലബസിലെ സബ്ജക്ടുകൾ ഇങ്ങനെ...

GEOGRAPHY:എന്തൊരടുപ്പം!

തലസ്ഥാനമായ ദോഹയിൽനിന്ന് 55 കിലോമീറ്റർ ചുറ്റളവിലാണ് ഖത്തർ ലോകകപ്പിന്റെ എല്ലാ വേദികളും. ഉദ്ഘാടന മത്സരം നടക്കുന്ന അൽ ബൈത്ത് സ്റ്റേഡിയത്തിൽ നിന്ന് ഫൈനൽ നടക്കുന്ന ലുസൈൽ സ്റ്റേഡിയത്തിലേക്കുള്ള ദൂരം 40 കിലോമീറ്റർ മാത്രം.

CHEMISTRY: ട്രോഫിക്കുള്ളിൽ എന്താണ്?

സ്വർണക്കട്ടിയല്ല, സ്വർണപ്പാളിയാണ് ലോകകപ്പ് ട്രോഫി എന്നു പറയാം. 6.175 കിലോഗ്രാം ഭാരമുണ്ട്. ഉയരം 36.5 സെന്റി മീറ്ററും.18 കാരറ്റ് സ്വർണം കൊണ്ടാണ് ട്രോഫി നിർമിച്ചിരിക്കുന്നത്. ഇറ്റാലിയൻ ശിൽപി സിൽവിയോ ഗസ്നിയാണ് ട്രോഫി രൂപകൽപന ചെയ്തത്. ട്രോഫിയുടെ താഴെ പച്ചനിറത്തിലുള്ള രണ്ടു വലയങ്ങൾ മലകൈറ്റ് എന്ന ചെമ്പിന്റെ ധാതു കൊണ്ട് നിർമിച്ചതാണ്. രത്നക്കല്ലായും ഉപയോഗിക്കുന്ന പദാർഥമാണിത്. ട്രോഫിയുടെ ഏറ്റവും താഴെയാണ് വിജയികളുടെ പേര് എഴുതിച്ചേർക്കുന്നത്. 2038 വരെയുള്ള ജേതാക്കളുടെ പേര് എഴുതാനുള്ള സ്ഥലമേ ഇപ്പോഴത്തെ ട്രോഫിയിലുള്ളൂ.

PHYSICS: പന്ത് വളയുന്നത് എന്തു കൊണ്ട് ?

ഫ്രീകിക്കുകൾ മഴവില്ലു പോലെ ‘വളഞ്ഞു സഞ്ചരിക്കുന്നതിനു’ പിന്നിൽ ഒരു ഫിസിക്സുണ്ട്. മാഗ്നസ് ഇഫക്ട് എന്നാണ് അതിനു പേര്. പന്തിന്റെ വക്കിൽ ഒരു വശത്തായി കിക്ക് ചെയ്യുമ്പോൾ പന്ത് മുന്നോട്ടു പോകുന്നതിനോടൊപ്പം കറങ്ങിത്തിരിയുകയും ചെയ്യും. അപ്പോൾ വായു അതിനെ ഉരസിക്കൊണ്ടു പിന്നോട്ടു നീങ്ങും. കറങ്ങുന്ന പന്തിൽ ഒരു വശത്തു വായു ഉരസുന്നതു കറക്കത്തിന്റെ ദിശയിലായിരിക്കും. നേരേ മറുവശത്താണെങ്കിൽ ഇതു കറക്കത്തിനു വിപരീത ദിശയിലായിരിക്കും. അതായത്, കറങ്ങിക്കൊണ്ടു മുന്നോട്ടു നീങ്ങുന്ന പന്തിന്റെ ഇരുവശങ്ങളിലും വ്യത്യസ്ത മർദങ്ങളായിരിക്കും അനുഭവപ്പെടുക. ഫലമോ? മർദം കൂടിയ ഭാഗം പന്തിനെ മർദം കുറഞ്ഞ ഭാഗത്തേക്കു തള്ളും. ഈ തള്ളലാണ് മാഗ്നസ് ബലം. മുന്നോട്ടു പോകുന്ന പന്തിന്റെ ദിശ എത്രത്തോളം മാറും എന്നത്, പന്തിന്റെ വലുപ്പം, ഭാരം, വായുവിന്റെ സാന്ദ്രത, പന്തു കറങ്ങുന്നതിന്റെ വേഗം, അതിന്റെ മുന്നോട്ടുള്ള വേഗം എന്നിവയൊക്കെ ആശ്രയിച്ചിരിക്കും.

BIOLOGY: പരുക്കിന്റെ പിടിയിലുള്ള പ്രധാന താരങ്ങൾ

നെതർലൻഡ്സ്: ഫ്രെങ്കി ഡി യോങ്

സെനഗൽ: എഡ്വേഡ് മെൻഡി

ഇംഗ്ലണ്ട്: കാൽവിൻ ഫിലിപ്സ്

വെയ്ൽസ്: ആരോൺ റാംസി

മെക്സിക്കോ: ജിസ്യൂസ് കൊറോണ

ഫ്രാൻസ്: പോൾ പോഗ്ബ

സ്പെയിൻ: അയ്മെറിക് ലപോർട്ട്

ജർമനി: മാർക്കോ റ്യൂസ്

ബൽജിയം: റൊമേലു ലുക്കാകു

പോർച്ചുഗൽ: ജോവ ഫെലിക്സ്

ഘാന: തോമസ് പാർട്ടി

MATHEMATICS: കപ്പിലെ കിലുക്കം

ജേതാക്കൾ: 4.2 കോടി (ഏകദേശം 342 കോടി രൂപ)

റണ്ണർ അപ്പ്: 3 കോടി (ഏകദേശം 244 കോടി രൂപ)

മൂന്നാം സ്ഥാനം: 2.7 കോടി (ഏകദേശം 220 കോടി രൂപ)

നാലാം സ്ഥാനം: 2.5 കോടി (ഏകദേശം 203 കോടി രൂപ)

ക്വാർട്ടർ ഫൈനൽ: 1.7 കോടി (ഏകദേശം 138 കോടി രൂപ)

പ്രീ ക്വാർട്ടർ: 1.3 കോടി (ഏകദേശം 106 കോടി രൂപ)

ഗ്രൂപ്പ് ഘട്ടം: 90 ലക്ഷം (ഏകദേശം 73 കോടി രൂപ)

വൊളന്റിയർമാർ: വാംഅപ്പിലാണ്!

പരിശീലകരെ സഹായിക്കാനുള്ള സംഘത്തിൽ 11 മലയാളികൾ

ദോഹ ∙ ലോകകപ്പിന് ഇനി 50 ദിവസം ശേഷിക്കെ ദോഹയിൽ കളിക്കാരെപ്പോലെത്തന്നെ കഠിന പരിശീലനത്തിലാണ് ഇവരും– ലോകകപ്പ് വൊളന്റിയർമാർ! 45 സേവന മേഖലകളിലായി 20,000 വൊളന്റിയർമാരാണ് ലോകകപ്പിനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇവരുടെ പരിശീലനം ദോഹ എക്‌സിബിഷൻ സെന്ററിൽ പുരോഗമിക്കുകയാണ്. ഈ മാസം അവസാനം പൂർത്തിയാകും. 

ഫിഫയുടെ വിദഗ്ധസംഘമാണു വൊളന്റിയർമാർക്കു പരിശീലനം നൽകുന്നത്. പരിശീലകരുടെ സഹായികളായി 30 അംഗ വൊളന്റിയർ ടീം വേറെയുണ്ട്. ഇവരിൽ 11 പേരും മലയാളികളാണ്. വൊളന്റിയർമാർക്കുള്ള ഔദ്യോഗിക യൂണിഫോം സെപ്റ്റംബർ ആദ്യവാരം പുറത്തിറക്കിയിരുന്നു. 

ലോകകപ്പ് വൊളന്റിയർമാരായി തിരഞ്ഞെടുക്കപ്പെട്ട 20000 പേരിൽ 16,000 പേരും ഖത്തറിൽ നിന്നുള്ളവരാണ്. ഇതിൽ ആയിരത്തോളം മലയാളികളുണ്ട്.

English Summary: 50 more days to Qatar world cup

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}