ADVERTISEMENT

കോഴിക്കോട് ∙ ഫിഫ ലോകകപ്പ് ഫുട്ബോളിനു സമ്മാനമായി  ആയിരം ‘ഉരു’ ഖത്തറിലേക്ക്. ബേപ്പൂരിലെ ഉരു നിർമാതാക്കളുടെ കരവിരുതിലൊരുങ്ങുന്ന കുഞ്ഞുമാതൃകകളാണു കടൽ കടക്കുന്നത്. ഫിഫയുടെ ഔദ്യോഗിക ഹോളോഗ്രാം പതിച്ച ഇത്തരം 1000 ഉരുക്കളാണു നിർമിക്കുക.

ലോകകപ്പിനായി ഫിഫ നാലു തരം സമ്മാനങ്ങൾക്കാണ് അനുമതി നൽകിയിട്ടുള്ളത്. ഇതിൽ സാംസ്കാരിക വിഭാഗത്തിൽപെട്ട സമ്മാനങ്ങളുടെ ഔദ്യോഗിക പങ്കാളിത്തം ‘ബ്ലാക്ക് ആരോ ഗിഫ്റ്റ്സ് ആൻഡ് നോവൽറ്റീസ്’ കമ്പനിക്കാണ്. 

ഖത്തറിന്റെ ചരിത്രവും സംസ്കാരവുമായി ബന്ധപ്പെട്ടതാണ് എല്ലാ സമ്മാനങ്ങളും. ബേപ്പൂരിലെ ശിൽപികൾ മരത്തിൽ പണി തീർത്തയയ്ക്കുന്ന ഉരുക്കൾ നൂറ്റാണ്ടുകളായി ഖത്തറിൽ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടു കൂടിയാണു സമ്മാനങ്ങളിലൊന്നായി ഉരുവിന്റെ മാതൃക തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യമായാണ് ഫിഫ ലോകകപ്പിന്റെ സമ്മാന വിഭാഗത്തിൽ കേരളത്തിനു പ്രാതിനിധ്യമുണ്ടാവുന്നത്.പ്രകാശ്‍ മരോളിയാണ് ബ്ലാക്ക് ആരോ കമ്പനിയുടെ സിഇഒ. ഖത്തർ ലോകകപ്പിന്റെ സന്ദേശമുൾക്കൊള്ളുന്ന രീതിയിൽ ഉരു രൂപകൽപന ചെയ്തത് അഭിലാഷ് ചാക്കോ. ബ്ലാക്ക് ആരോയുടെ സോഴ്സിങ് കൺസൽറ്റന്റായ ബിനു കോട്ടയിൽ തിരുമഠത്തിൽ മേൽനോട്ടം വഹിക്കുന്നു.

ബേപ്പൂർ പ്രദേശത്തെ 15 കലാകാരൻമാർ തങ്ങളുടെ വീടുകളിലിരുന്നാണ് ആയിരം ഉരുക്കളും നിർമിക്കുന്നത്. പൂർണമായും ഫിഫയുടെ മാനദണ്ഡങ്ങൾ പാലിച്ചാണു നിർമാണം. കായിക–സാംസ്കാരിക മേഖലയിൽ ശ്രദ്ധേയമായ സ്ഥാനത്തേക്ക് ഈ ലോകകപ്പോടെ ബേപ്പൂരിലെ  കരകൗശല കലാകാരൻമാരും ഉരുവിനൊപ്പം യാത്ര തുടങ്ങുകയാണ്.

English Summary: FIFA World Cup 2022 Qatar: Black Arrow company slelects gifts from Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com