ADVERTISEMENT

ജക്കാർത്ത ∙ ഇന്തൊനീഷ്യയിലെ മലാങ്ങിൽ അരെമ എഫ്സിയും പെർസബയയും തമ്മിൽ നടന്ന ഫുട്ബോൾ മത്സരത്തിനു ശേഷം സംഭവിച്ച ദുരന്തത്തിനു കാരണമെന്താണ്? ഔദ്യോഗിക കണക്ക് അനുസരിച്ചു 125 പേരാണ് കിഴക്കൻ ജാവയിലെ കഞ്ജുരുഹാൻ സ്റ്റേ‍ഡിയത്തിൽ മരിച്ചത്. എങ്ങനെയാണ് നിയന്ത്രണാതീതമായ നിലയിലേക്ക് ഈ ദുരന്തം കൈവിട്ടു പോയത്?

indonesia-stadium
മത്സരശേഷം അരെമ ആരാധകർ മൈതാനത്തേക്ക് ഇരച്ചുകയറിയപ്പോൾ.

കൈവിട്ട ആരാധന

ഫിഫ പുരുഷ റാങ്കിങ്ങിൽ 155–ാം സ്ഥാനത്താണ് ഇന്തൊനീഷ്യ. എന്നാൽ ഫുട്ബോളിലെ തെമ്മാടി സംസ്കാരം (ഹൂളിഗനിസം) കൊടികുത്തി വാഴുന്ന രാജ്യങ്ങളിലൊന്നു കൂടിയാണിത്. ചിരവൈരികളായ ക്ലബ്ബുകളുടെ മത്സരങ്ങളിൽ ആരാധകപ്പോര് അതിരു കടക്കുന്നത് പതിവ്. മലാങ് നഗരത്തിൽ നിന്നുള്ള അരെമ എഫ്സിയും സുറബയ നഗരത്തിലെ പെർസെബയ ക്ലബ്ബും തമ്മിലുള്ള മത്സരം ‘സൂപ്പർ ഈസ്റ്റ് ജാവ ഡാർബി’ എന്നാണ് അറിയപ്പെടുന്നത്. അരെമാനിയ എന്നാണ് അരെമ എഫ്സിയുടെ ആരാധകർ അറിയപ്പെടുന്നത്.

indonesia-football-tragedy
മത്സരശേഷം അരെമ ആരാധകർ മൈതാനത്തേക്ക് ഇരച്ചുകയറിയപ്പോൾ.

പെർസബയയുടെ ആരാധകർ ബോണെക് എന്നും. ഫുട്ബോളിനൊപ്പം ബോക്സിങ് കൂടിയായിരുന്നു മലാങ്ങിലെ യുവത്വത്തിന്റെ ഇഷ്ട കായികവിനോദം. ഇരുക്ലബ്ബുകളുടെയും ആരാധകർ തമ്മിലുള്ള പോര് 1994ൽ ഇന്തൊനീഷ്യൻ പ്രഫഷനൽ ഫുട്ബോൾ ലീഗ് തുടങ്ങും മുൻപേയുണ്ട്. 1988ൽ തന്നെ ഗാലറിയിൽ ഇരുടീമുകളും ആരാധകർ ഒന്നിച്ചിരിക്കുന്നത് അധികൃതർ വിലക്കിയതുമാണ്. അക്രമം ഉണ്ടാവുന്നതു കൊണ്ടു തന്നെ ശനിയാഴ്ച അരെമയുടെ മൈതാനത്തു നടന്ന മത്സരത്തിലേക്ക് പെർസബയ ആരാധകർക്കു പ്രവേശനമുണ്ടായിരുന്നില്ല. എന്നിട്ടും സംഭവിച്ചത് മഹാദുരന്തം!

പിടിവിട്ട പൊലീസ്

police-indonesia
ആരാധകർ തകർത്ത പൊലീസ് വാഹനങ്ങളിലൊന്ന്

അരെമ എഫ്സി 2–3ന് പെർസെബയോടു തോറ്റതോടെ അരെമയുടെ ആരാധകർ ഗ്രൗണ്ടിലേക്കു കയറി. 23 വർഷത്തിനു ശേഷം പെർസെബയയ്ക്കെതിരെ അരെമ സ്വന്തം മൈതാനത്തു തോറ്റതാണ് ആരാധകരെ ചൊടിപ്പിച്ചത്. ആരാധകരെ നിയന്ത്രിക്കാനായി പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചതോടെ കാര്യങ്ങൾ പിടിവിട്ടു. 38,000 ഗാലറി ശേഷിയുള്ള സ്റ്റേഡിയത്തിൽ നാലായിരത്തോളം കാണികൾ കൂടുതലുണ്ടായിരുന്നു. ഇതിനിടയിലേക്കായിരുന്നു പൊലീസിന്റെ കണ്ണീർ വാതക പ്രയോഗം. ഇതോടെ സ്റ്റേഡ‍ിയത്തിൽ നിന്നു പുറത്തു കടക്കാനായി കാണികൾ പരക്കം പാഞ്ഞു. തുടർന്നുള്ള തിക്കിലും തിരക്കിലും കണ്ണീർവാതക പ്രയോഗം മൂലമുള്ള ശ്വാസതടസ്സം മൂലവും 34 പേർ സംഭവസ്ഥലത്തു തന്നെ മരിച്ചു.  മുന്നൂറോളം പേർ മലാങ്ങിലെ എട്ട് ആശുപത്രികളിലായി ചികിൽസയിലാണ്. അവരിൽ പലരും    ഗുരുതരനിലയിലും. 

ഫുട്ബോൾ മൈതാനങ്ങളിലെ വൻദുരന്തങ്ങൾ

1964 മെയ് 24: പെറുവിലെ ലിമ നാഷണൽ സ്റ്റേഡിയത്തിൽ അർജന്റീന–പെറു ഒളിംപിക്സ് യോഗ്യതാ മത്സരത്തിനിടെ ഉണ്ടായ കലാപത്തിൽ 318 മരണം. പെറുവിന് അനുവദിക്കാതിരുന്ന ഗോളിനെച്ചൊല്ലിയുള്ള തർക്കമാണ് കലാപമായി മാറിയത്. 

2001 മേയ് 9: ഘാന ദേശീയ ലീഗ് മൽസരത്തിനിടെ ആരാധക അക്രമം നിയന്ത്രിക്കാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചതിനെത്തുടർന്നുണ്ടായ തിക്കിലും തിരക്കിലും 130 മരണം. 

1989 ഏപ്രിൽ 15: ഇംഗ്ലണ്ടിലെ ഷെഫീൽഡിലെ ഹിൽസ്ബറൊ സ്റ്റേഡിയത്തിൽ ലിവർപൂൾ–നോട്ടിങ്ങാം ഫോറസ്‌റ്റ് എഫ്എ കപ്പ് സെമിഫൈനലിനിടെയുണ്ടായ തിരക്കിൽ പെട്ട് 97 പേർ മരിച്ചു. 

2012 ഫെബ്രുവരി 1: ഈജിപ്‌തിലെ പോർട്ട് സെയ്‌ദ് സ്റ്റേഡിയത്തിൽ മൽസരത്തിനിടെ കാണികൾ തമ്മിൽ ഏറ്റുമുട്ടൽ. 80 മരണം. 

1996 ഒക്‌ടോബർ 16: ഗ്വാട്ടിമാലയിലെ മാറ്റിയോ ഫ്ലോറെ നാഷണൽ സ്റ്റേഡിയത്തിൽ കോസ്‌റ്റാറിക്ക–ഗ്വാട്ടിമാല ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ തിക്കിലും തിരക്കിലും 78 മരണം.

English Summary: What led to the football tragedy in Indonesia, killing 125 people

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com