ADVERTISEMENT

മലപ്പുറം ∙ ഇരച്ചെത്തിയ കാണികൾ സൂപ്പർ ഹിറ്റാക്കിയ സന്തോഷ് ട്രോഫിക്കു ശേഷം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലേക്ക്  വീണ്ടും ഫുട്ബോൾ ആവേശം വിരുന്നെത്തുന്നു. നിലവിലെ ചാംപ്യന്മാരായ ഗോകുലം എഫ്സി  പുതിയ സീസൺ ഐ ലീഗിൽ ആദ്യത്തെ 6 ഹോം മാച്ചുകൾ പയ്യനാട്ട്  കളിക്കും. ഈ മാസം 29നു മുഹമ്മദൻസിനെതിരെയായിരിക്കും ആദ്യ മത്സരമെന്നാണു സൂചന. ഫെഡറേഷൻ കപ്പിനും സന്തോഷ് ട്രോഫിക്കും വേദിയൊരുക്കിയ പയ്യനാട് സ്റ്റേഡിയത്തിൽ ആദ്യമായാണ് ഐ ലീഗ് മത്സരം. കാണികൾക്കു പ്രവേശനമുണ്ട്. 

2017ൽ മലപ്പുറം ആസ്ഥാനമാക്കിയാണു ഗോകുലം എഫ്സി ക്ലബ് റജിസ്റ്റർ ചെയ്തത്. എന്നാൽ, ജില്ലയിൽ ഐ ലീഗ് നിലവാരമുള്ള സ്റ്റേഡിയം ലഭ്യമല്ലാത്തതിനാൽ ഹോം ഗ്രൗണ്ട്  കോഴിക്കോട്ടെ ഇഎംഎസ് സ്റ്റേഡിയത്തിലേക്കു മാറ്റുകയായിരുന്നു. പയ്യനാടിനു പുറമേ, ഹോം മത്സരങ്ങൾക്ക് ഇത്തവണയും കോഴിക്കോട് വേദിയാകും. 

കഴിഞ്ഞ മേയിൽ നടന്ന സന്തോഷ് ട്രോഫി ടൂർണമെന്റിൽ കേരളത്തിന്റെ മത്സരങ്ങൾക്കു കാണികൾ  നിറഞ്ഞൊഴുകിയ പയ്യനാട് സ്റ്റേഡിയം ദേശീയ തലത്തിൽ ശ്രദ്ധ നേടിയിരുന്നു.  ആരാധകർക്കിടയിൽ ‘മലബാറിയൻസ്’ എന്ന് വിളിപ്പേരുള്ള ഗോകുലം ചുരുങ്ങിയ കാലയളവിൽ ഒട്ടേറെ ട്രോഫികൾ ഷോകേസിലെത്തിച്ച ടീമാണ്. രണ്ടു ഐ ലീഗ് കിരീടവും ഡ്യുറാൻഡ് കപ്പും ഇതിനകം ടീം സ്വന്തമാക്കിക്കഴിഞ്ഞു. ആദ്യമായി ഐ ലീഗ് കിരീടം നിലനിർത്തിയ ടീം, ലീഗ് ചാംപ്യന്മാരായ ആദ്യ കേരള ടീം എന്നീ റെക്കോർഡുകളും ഗോകുലത്തിനു സ്വന്തം. 12 ടീമുകളാണു ഇത്തവണ ഐ ലീഗിലുള്ളത്. ജേതാക്കൾക്ക് അടുത്ത സീസണിലെ ഐഎസ്എലിൽ പ്രവേശനം ലഭിക്കും.

 

English Summary: I League football in Manjeri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com