ADVERTISEMENT

ആറിത്തണുക്കുന്തോറും രുചിയേറുന്ന വിഭവമാണു പ്രതികാരമെന്നു ബംഗാൾ കേരളത്തെ ബോധ്യപ്പെടുത്തി. 6 മാസം മുൻപു സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനലിൽ കേരളത്തോടേറ്റ തോൽവിക്കു പ്രതികാരമായി ദേശീയ ഗെയിംസ് ഫുട്ബോൾ ഫൈനലിൽ ബംഗാൾ നേടിയത് 5–0ന്റെ വൻവിജയം. മലപ്പുറത്തെ സന്തോഷ് ട്രോഫിയിൽ ആതിഥേയർക്കു വേണ്ടി ‘കളിച്ച’ പന്ത്രണ്ടാമനെ കേരളം വല്ലാതെ ‘മിസ്’ ചെയ്തു; കാണികളെ. ആളനക്കം കുറഞ്ഞ സ്റ്റേഡിയത്തിൽ ആർത്തലച്ചു കളിച്ച ബംഗാളിനു മുന്നിൽ പ്രതിരോധമുയർത്താൻ പോലും കേരളത്തിനായില്ല. ഹാട്രിക്കുമായി ബംഗാൾ ക്യാപ്റ്റൻ നാരോ ഹരിശ്രേഷ്ഠ മുന്നിൽ നിന്നു പടനയിച്ചു. 

തുല്യശക്തികളുടെ പോരാട്ടമാകുമെന്നു പ്രതീക്ഷിച്ചെങ്കിലും ആദ്യ മിനിറ്റുകളിൽ‌ തന്നെ കളിയുടെ ഗതി പ്രകടമായിരുന്നു.  കണിശമായ പാസുകളുമായി ബംഗാളിന്റെ മധ്യനിരയിൽ നിന്നു പന്തുകൾ കൃത്യമായി കേരളത്തിന്റെ ബോക്സിനു നേർക്കെത്തി. 16–ാം മിനിറ്റിൽ കേരളത്തിന്റെ ഗോളി വി. മിഥുൻ തട്ടിയകറ്റിയ പന്ത് പഴുതില്ലാത്തവിധം വലയിലെത്തിച്ചു റോബി ഹൻസ്ഡയാണു ബംഗാളിനെ മുന്നിലെത്തിച്ചത്. ആദ്യ ഗോളിന്റെ നടുക്കംവിടും മുൻപ് 29–ാം മിനിറ്റിൽ രണ്ടാം ഗോളെത്തി. ഫ്രീകിക്കിൽ നിന്നു റീബൗണ്ട് ചെയ്ത പന്ത് ബംഗാൾ ക്യാപ്റ്റൻ നാരോ ഹരി ശ്രേഷ്ഠ വലയിലെത്തിച്ചു. 

ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ശേഷിക്കെ നാരോ ഹരിശ്രേഷ്ഠ വീണ്ടും ആഞ്ഞടിച്ചു.  ആദ്യ പകുതി പിരിഞ്ഞത് 3–0 എന്ന നിലയിൽ. രണ്ടാംപകുതിയിൽ കേരളം തിരിച്ചടിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും 51–ാം മിനിറ്റിൽ നാരോ ഹാട്രിക് തികച്ചു. ബോക്സിലേക്കു ചാഞ്ഞിറങ്ങിയ വോളിക്കു നേരെ ചാടിയുയർന്നൊരു ഹെഡർ. 

 74–ാം മിനിറ്റിൽ ബംഗാളിന്റെ ഗോൾവല കുലുക്കാൻ കേരളത്തിനു കഴിഞ്ഞെങ്കിലും ഓഫ്സൈഡ് ആയി. 85–ാം മിനിറ്റിൽ പ്രതിരോധ നിര താരം അമിത് ചക്രബർത്തി നേടിയ അപ്രതീക്ഷിത ഗോളിലൂടെ ബംഗാൾ പട്ടിക പൂർത്തിയാക്കി.  ബംഗാൾ സ്വർണവുമായി മടങ്ങിയപ്പോൾ കേരളത്തിന് ആശ്വാസ വെള്ളി.

English Summary: National games 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com