ബയണിനോടു തോറ്റ ബാർസ ചാംപ്യൻസ് ലീഗ് നോക്കൗട്ടിനില്ല; അത്‍ലറ്റിക്കോ മഡ്രിഡും പുറത്ത്

atletico-madrid-sad
ഇൻജറി ടൈമിൽ ലഭിച്ച പെനൽറ്റി നഷ്ടമാക്കിയ കാരസ്കോയുടെ നിരാശ (യുസിഎൽ ട്വീറ്റ് ചെയ്ത ചിത്രം)
SHARE

മിലാൻ ∙ യുവേഫ ചാംപ്യൻസ് ലീഗിന്റെ നോക്കൗട്ട് ഘട്ടത്തിൽ ആവേശസാന്നിധ്യമായി ഇത്തവണ സ്പാനിഷ് വമ്പൻമാരും മുൻ ചാംപ്യൻമാരുമായ ബാർസിലോനയും അത്‍ലറ്റിക്കോ മഡ്രിഡുമില്ല. ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ നിർണായക മത്സരത്തിൽ ജർമൻ കരുത്തരായ ബയൺ മ്യൂണിക്കിനോടു തോറ്റ ബാർസ, നോക്കൗട്ട് കാണാതെ പുറത്തായി. ഗ്രൂപ്പ് ബിയിൽ ഇൻജറി ടൈമിലെ പെനൽറ്റി പാഴാക്കി ബയർ ലെവർകൂസനോടു സമനില വഴങ്ങിയതാണ് അത്‍ലറ്റിക്കോയ്ക്ക് തിരിച്ചടിയായത്. ഇരു ടീമുകളും ഇനി യൂറോപ്പ ലിഗയിൽ കളിക്കും.

എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ബാർസയെ ബയൺ വീഴ്ത്തിയത്. മറ്റൊരു മത്സരത്തിൽ വിക്ടോറിയ പ്ലാസനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തോൽപ്പിച്ച ഇന്റർ മിലാൻ, ബയൺ മ്യൂണിക്കിനൊപ്പം ഗ്രൂപ്പ് സിയിൽനിന്ന് നോക്കൗട്ടിൽ ഇടം കണ്ടെത്തി. ബാർസയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ സാദിയോ മാനെ (10), ചോപ്പോ മോട്ടിങ് (31), ബഞ്ചമിൻ പാവാർദ് (90+5) എന്നിവരുടെ ഗോളുകളാണ് ബയണിന് വിജയം സമ്മാനിച്ചത്. മൂന്നു ഗോളുകൾക്കും വഴിയൊരുക്കിയ സെർജിയോ ഗനാബ്രിയുടെ പ്രകടനവും ശ്രദ്ധ നേടി.

എഡിൻ സെക്കോയുടെ ഇരട്ടഗോളും (42, 66), ഹെൻറിച് മഖിതെര്യാൻ (35), റൊമേലു ലുക്കാകു (87) എന്നിവരുടെ ഗോളുകളുമാണ് വിക്ടോറിയ പ്ലാസനെതിരെ ഇന്ററിന് വിജയം സമ്മാനിച്ചത്. ഇതോടെ, അഞ്ച് മത്സരങ്ങളിൽനിന്ന് 10 പോയിന്റുമായി ഇന്റർ പ്രീക്വാർട്ടറിൽ ഇടമുറപ്പിച്ചു. അഞ്ച് മത്സരങ്ങളിൽനിന്ന് 15 പോയിന്റുള്ള ബയണാണ് ഗ്രൂപ്പിൽ ഒന്നാമത്. ബാർസയ്ക്ക് ആകെ നാലു പോയിന്റേയുള്ളൂ.

ഗ്രൂപ്പ് ബിയിൽ, ബയർ ലെവർകൂസനോട് സമനില വഴങ്ങിയതാണ് അത്‍ലറ്റിക്കോ മഡ്രിഡിന് തിരിച്ചടിയായത്. ഇൻജറി ടൈമിൽ ലഭിച്ച പെനൽറ്റി യാനിക് കാരസ്കോ പാഴാക്കിയത് അവസാന പ്രതീക്ഷയും തല്ലിക്കെടുത്തി. കാരസ്കോ (22), റോഡ്രിഗോ ഡി പോൾ (50) എന്നിവരാണ് അത്‍ലറ്റിക്കോയ്ക്കായി ഗോൾ നേടിയത്. ലെവർകൂസന്റെ ഗോളുകൾ മൂസ ദിയാബി (9), ഹഡ്സൻ ഒഡോയ് (29) എന്നിവർ നേടി. ഇൻജറി ടൈമിലെ പെനൽറ്റി ഗോളാക്കിയിരുന്നെങ്കിൽ വിജയത്തോടെ അത്‍ലറ്റിക്കോയ്ക്ക് പ്രതീക്ഷ നിലനിർത്താമായിരുന്നു. എന്നാൽ, കാരസ്കോയുടെ ഷോട്ട് ലെവർകൂസൻ ഗോൾകീപ്പർ ലൂക്കാസ് ഹ്രാഡെക്കി രക്ഷപ്പെടുത്തി. ഗ്രൂപ്പ് ബിയിൽനിന്ന് ലെവർകൂസനും പുറത്തായി.

മറ്റു മത്സരങ്ങളിൽ ലിവർപൂൾ അയാക്സിനെയും (3–0), നാപ്പോളി റേഞ്ചേഴ്സിനെയും (3–0), എഫ്സി പോർട്ടോ ക്ലബ് ബ്രൂഗ്സിനെയും (4–0) ഫ്രാങ്ക്ഫർട്ട് മാഴ്സയെയും (2–1) തോൽപ്പിച്ചു. ടോട്ടനത്തെ സ്പോർട്ടിങ് ലിസ്ബൺ സമനിലയിൽ (1–1) തളച്ചു.

English Summary: Barcelona and Atletico Madrid eliminated before knockout stage

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS