ADVERTISEMENT

കൊച്ചി∙ ഇന്ത്യൻ സൂപ്പർ ലീഗിൽ മൂന്നാം തോൽവി വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്. മുംബൈ സിറ്റിയോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണു ബ്ലാസ്റ്റേഴ്സ് തോറ്റത്. മെഹ്താബ് സിങ് (21), ഹോർഹെ ഡയസ് പെരേര (31) എന്നിവർ മുംബൈയ്ക്കായി വല കുലുക്കി. ആദ്യ പകുതിയിലായിരുന്നു രണ്ടു ഗോളുകളും. രണ്ടാം പകുതിയിൽ മികച്ച മുന്നേറ്റങ്ങള്‍ ബ്ലാസ്റ്റേഴ്സ് നടത്തിയെങ്കിലും ഗോള്‍ നേടാൻ സാധിച്ചില്ല. പ്രതിരോധത്തിൽ രണ്ടു വിദേശ താരങ്ങളെ ഇറക്കി (ലെസ്കോ, വിക്ടർ മോംഗില്‍) യാണ് ബ്ലാസ്റ്റേഴ്സ് മുംബൈയെ നേരിടാനിറങ്ങിയത്.

പക്ഷേ തുടക്കത്തിലെ മുന്നേറ്റങ്ങൾക്കു ശേഷം കളി ബ്ലാസ്റ്റേഴ്സിനു നഷ്ടപ്പെട്ടു. മത്സരം നിയന്ത്രണത്തിലാക്കിയ മുംബൈ അനായാസമാണു രണ്ടു ഗോളുകളും നേടിയത്. ആദ്യ പകുതിയിലെ കേരള ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങൾ അഡ്രിയാൻ ലൂണ, രാഹുൽ കെ.പി, ഡയമെന്റകോസ് എന്നിവരുടെ ഒറ്റയാൾ പോരാട്ടങ്ങളിലൊതുങ്ങി. രണ്ടാം പകുതിയിൽ തുടക്കം മുതൽ ബ്ലാസ്റ്റേഴ്സിന്റെ ആക്രമണങ്ങൾക്ക് കലൂർ സ്റ്റേഡിയം സാക്ഷിയായി. മുംബൈയുടെ യുവ ഗോളി ഫുർബ ലാചെന്‍പയുടെ മികവ് ബ്ലാസ്റ്റേഴ്സിനെ ഗോളിൽനിന്നും അകറ്റിനിർത്തി. ഗോളെന്നുറപ്പിച്ച ഒരു നീക്കം പോസ്റ്റിൽ തട്ടിപ്പോയത് ആരാധകർക്കും നിരാശയായി. ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ സ്കോർ 2–0.

ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ മൂന്നാം തോൽവിയാണിത്. രണ്ടാം മത്സരത്തിൽ എടികെയോട് 5–2നും ഭുവനേശ്വറിൽ ഒഡിഷയോട് 1–2നുമാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. ആദ്യ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെതിരായ വിജയം (3–1) മാത്രമാണ് ആശ്വാസമായുള്ളത്. നവംബർ അഞ്ചിന് നോർത്ത് ഈസ്റ്റ് യുണൈറ്റ‍ഡിനെതിരെ ഗുവാഹത്തിയിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

മുംബൈയുടെ ആദ്യ ഗോൾ– തുടർച്ചയായ ശ്രമങ്ങൾക്കൊടുവിൽ മുന്നിലെത്തുന്നു മുംബൈ സിറ്റി. മുംബൈയ്ക്കു ലഭിച്ച കോർണറിൽനിന്നായിരുന്നു ഗോളെത്തിയത്. കോർണർ കിക്കെടുത്തത് അഹമ്മദ് ജാഹു. പോസ്റ്റിനു സമീപത്ത് പന്തു ക്ലിയർ ചെയ്യാൻ ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിരയ്ക്കു സാധിച്ചില്ല. ഗോളി ഗില്ലിനെ മറികടന്ന് ലക്ഷ്യം കാണുന്നു മെഹ്താബ് സിങ്.

ഡയസിന്റെ ഗോൾ– 31–ാം മിനിറ്റിൽ മുംബൈ ലീഡ് രണ്ടാക്കുന്നു. മധ്യനിരയിൽനിന്ന് പന്തുമായി ബിപിൻ സിങ്ങിന്റെ മുന്നേറ്റം. ബിപിൻ സിങ്ങിൽനിന്ന് പന്ത് ഗ്രെഗ് സ്റ്റെവാർട്ടിലേക്ക്. ത്രൂബോൾ ലഭിച്ച ഡയസ് ബ്ലാസ്റ്റേഴ്സ് പ്രതിരോധ താരം ലെസ്കോയെ മറികടന്ന് ലക്ഷ്യമിടുന്നു.

English Summary: ISL:  Kerala blasters VS Mumbai city FC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com