ADVERTISEMENT

അടച്ചുറപ്പില്ലാത്ത സ്വന്തം കോട്ടവാതിലിനു കാവലുണ്ടോ എന്നു നോക്കാതെ യുദ്ധമുഖത്തേക്കു പാഞ്ഞാൽ എന്തു സംഭവിക്കുമെന്നു കഴിഞ്ഞ 3 മത്സരങ്ങളിലെ ഫലം കേരള ബ്ലാസ്റ്റേഴ്സിനു പഠിപ്പിച്ചുകൊടുത്തിട്ടുണ്ട്. ദൗർബല്യം തിരിച്ചറിഞ്ഞു യുദ്ധതന്ത്രം മെനയാൻ ബ്ലാസ്റ്റേഴ്സിനു ലഭിക്കുന്ന ഏറ്റവും മികച്ച അവസരം ഇന്നാണ്. ഒളിപ്പോരിനു പേരുകേട്ട നാഗന്മാരുടെ നാട്ടിൽ അവരുടെ സ്വന്തം ടീമായ നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായി വൈകിട്ട് 7.30ന് ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടും. സീസണിൽ ഇതുവരെ വിജയം കണ്ടിട്ടില്ലാത്ത നോർത്ത് ഈസ്റ്റ് 4 കളികളിലെ സമ്പൂർണ തോൽവിയുടെ വേദന മറക്കാൻ ഹോം ഗ്രൗണ്ടിൽ ചാവേർപോരാട്ടത്തിനാണ് ഒരുങ്ങുന്നത്. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരാണവർ. തൊട്ടു മുകളിലുള്ള ബ്ലാസ്റ്റേഴ്സ‍ിനാകട്ടെ, 4 കളിയിൽ ഒരു ജയം മാത്രം. ഗുവാഹത്തിയിലെ ഇന്ദ‍ിരാഗാന്ധി അത്‍ലറ്റിക് സ്റ്റേഡിയത്തിൽ ഇരുടീമും വിജയം അത്രമേൽ ആഗ്രഹിക്കുന്നു.

തോറ്റതുമതി 

‘അമിത പ്രതിരോധം മതിയാക്കണം, ആക്രമിച്ചു കളിക്കണം’ – കഴിഞ്ഞ സീസണു മുൻപു വരെ ബ്ലാസ്റ്റേഴ്സ് പതിവായി കേട്ടിരുന്ന പഴിയാണിത്. ഈ സീസണിൽ വിമർശകർ പഴിയുടെ ട്രാക്ക് മാറ്റി. അമിത ആക്രമണം മതിയാക്കാം, പ്രതിരോധിച്ചു കളിക്കൂ എന്നതാണ് പുതിയ വാദം. പക്ഷേ, കോച്ച് ഇവാൻ വുക്കൊമനോവിച്ചിനു കൃത്യമായ പ്ലാനുണ്ട്. മത്സരത്തലേന്നു മാധ്യമങ്ങൾക്കു മുന്നിൽ അദ്ദേഹം വിശദീകരിച്ചതും അതു തന്നെയാണ് – റിസൽട്ട് വേണമെങ്കിൽ ആക്രമണം വേണ്ടിവരും. കഴിഞ്ഞ 3 മത്സരങ്ങളിൽ പ്ലാൻ ഫലപ്രദമായില്ലെങ്കിലും ഹൈപ്രസിങ് എന്ന തന്ത്രം അടിമുടി മാറ്റാൻ കോച്ച് തയാറ‍ായേക്കില്ല. ഇതിനകം 3 ഗോളുകൾ സ്വന്തം പേരിൽ കുറിച്ച ഇവാൻ കല്യൂഷ്നി തന്നെ ടീമിന്റെ കുന്തമുന. അഡ്രിയൻ ലൂണയ്ക്കൊപ്പം മലയാളി താരങ്ങളായ കെ.പി. രാഹുലും സഹൽ അബ്ദുൽ സമദും ഉത്സാഹം തുടർന്നാൽ ബ്ലാസ്റ്റേഴ്സ് വിജയവഴിയിൽ തിരിച്ചെത്തും.

കോട്ട കാക്കാൻ മറക്കരുത്

ഈസ്റ്റ് ബംഗാളിനെതിരെ ആദ്യ മത്സരത്തിൽ 3–1 ജയം നേടാൻ കഴിഞ്ഞെങ്കിലും പിന്നീടുള്ള 3 മത്സരം ബ്ലാസ്റ്റേഴ്സ് തുടർച്ചയായി തോറ്റതിന്റെ കാരണം വിലയിരുത്താൻ ചുഴിഞ്ഞ് അന്വേഷിക്കേണ്ടകില്ല. ഗോളുകൾ പ്രതിരോധിക്കുന്നതിലെ ടീം വർക്കിന്റെ അഭാവം പ്രതിരോധത്തിൽ വലിയ വിടവുകൾ സൃഷ്ടിക്കുന്നു. സീസണിൽ ഏറ്റവുമധികം ഗോളുകൾ വഴങ്ങിയ ടീം ബ്ലാസ്റ്റേഴ്സ് തന്നെ. 4 മത്സരം മാത്രമേ കഴിഞ്ഞിട്ടുള്ളൂ എങ്കിലും 10 ഗോൾ ഇതിനകം സ്വന്തം വലയിലെത്തി. നേടാനായത് 6 ഗോൾ.  11ാം സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റ് പോലും ഇതുവരെ 8 ഗോളുകളേ വഴങ്ങിയിട്ടുള്ളൂ എന്നോർക്കണം.

ചെന്നൈയിന് വിജയം

കൊൽക്കത്ത ∙ ഐഎസ്എൽ ഫുട്ബോളിൽ, വഫ ഹഖാമനേഷിയുടെ ഗോളിൽ കൊൽക്കത്ത ഈസ്റ്റ് ബംഗാളിനെ 1–0ന് തോൽപിച്ച് ചെന്നൈയിൻ എഫ്സി. 69–ാം മിനിറ്റിൽ ഗോൾ നേടിയ വഫ പിന്നാലെ ചുവപ്പുകാർഡ് കണ്ടു പുറത്തായി. ഈസ്റ്റ് ബംഗാൾ താരം സാർഥക് ഗോലുയി 75–ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ടതോടെ ഇരുടീമും 10 പേരിലേക്കു ചുരുങ്ങി. ജയത്തോടെ ചെന്നൈ 5–ാം സ്ഥാനക്കാരായി. ഈസ്റ്റ് ബംഗാൾ ഒരു സ്ഥാനം നഷ്ടപ്പെടുത്തി പത്താമതായി.

English Summary: ISL 2022, Kerala Blasters vs NorthEast United FC Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com