ADVERTISEMENT

ഗുവാഹത്തി∙ ജയിക്കണോ? എങ്കിൽ റിസ്ക് എടുക്കേണ്ടി വരുമെന്ന് ഇവാൻ വുക്കൊമനോവിച്ച് പറഞ്ഞതു വെറുതെയല്ല. ഗോൾപോസ്റ്റ് താഴിട്ടുപൂട്ടി പേടിച്ചു കാവലിരിക്കുന്നതിനു പകരം നെഞ്ചുറപ്പോടെ വേട്ടയ്ക്കിറങ്ങിയ ബ്ലാസ്റ്റേഴ്സിന് 3–0ന്റെ പൊടിപാറിയ വിജയം. പകരക്കാരനായെത്തി ഇരട്ട ഗോളുകളുമായി മലയാളി താരം സഹൽ അബ്ദുൽ സമദ് ‘ഐ ആം ബാക്ക്’ എന്നു പ്രഖ്യാപിച്ച മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് മറുപടിയുണ്ടായില്ല. 56–ാം മിനിറ്റിൽ ദിമിത്രിയോസും 85, 95 മിനിറ്റുകളിൽ സഹലും സ്കോർ ചെയ്തു. ബോൾ പൊസഷനിലും പാസിങ് കൃത്യതയിലും മേധാവിത്വം തിരിച്ചുപിടിച്ച ബ്ലാസ്റ്റേഴ്സ് മൂന്നു തുടർ പരാജയങ്ങൾക്കു ശേഷമാണ് വിജയവഴിയിൽ മടങ്ങിയെത്തുന്നത്. ഗോൾരഹിതമായിരുന്ന ആദ്യ പകുതിക്കു ശേഷമുണ്ടായ ബ്ലാസ്റ്റേഴ്സിന്റെ പൊട്ടിത്തെറിയിൽ ആരാധകർ ഉത്സവമാടി. 

ഇന്നെന്താ വിഷുവാ!

അടിക്കു മറുപടി തിരിച്ചടിയെന്ന മട്ടിൽ ബ്ലാസ്റ്റേഴ്സിനോട് മുട്ടിനിൽക്കാൻ ശ്രമിച്ച് ഗോൾരഹിതമായി ആദ്യപകുതി അവസാനിപ്പിക്കാൻ നോർത്ത് ഈസ്റ്റിനു കഴിഞ്ഞെങ്കിലും തലയ്ക്കടിയേറ്റ മട്ടിലായിരുന്നു രണ്ടാംപകുതി. ഏതു നിമിഷവും ഗോൾ പിറക്കുമെന്ന പ്രതീതിയുണർത്തി ഇവാൻ കല്യൂഷ്നിയും അഡ്രിയാൻ ലൂണയും നോർത്ത് ഈസ്റ്റ് ഗോൾമുഖത്ത് പാഞ്ഞുനടക്കുന്നതിനിടെ 56–ാം മിനിറ്റിലാണ് ആദ്യഗോൾ പിറന്നത്. ബോക്സിനു നേരെ മുന്നിലേക്കു പന്തുമായി ഓടിയെത്തിയ കെ.പി.രാഹുൽ സ്വയം നിറയൊഴിക്കാൻ ശ്രമിക്കാതെ വലതുവിങ്ങിൽ സൗരവ് മണ്ഡലിനു നൽകി. പോസ്റ്റിനു മുന്നിലേക്കു പാഞ്ഞെത്തിയ ദിമിത്രിയോസിന് ഒന്നാന്തരം ലോ ക്രോസ്. പന്തുമായി വലയിലേക്കു തെന്നിക്കയറിയ ദിമിത്രിയോസ് ബ്ലാസ്റ്റേഴ്സിന് ലീഡ് സമ്മാനിച്ചു. സൗരവ് മണ്ഡലിനു പകരം സഹലും ദിമിത്രിയോസിനു പകരം ജിയാനുവും കളത്തിലിറങ്ങിയത് 66–ാം മിനിറ്റിൽ. മലയാളത്തനിമ അവകാശപ്പെടാവുന്ന രണ്ടാം ഗോൾ 85–ാം മിനിറ്റിൽ പിറന്നു. വലതു വിങ്ങിലൂടെ പന്തുമായി പാഞ്ഞെത്തിയ കെ.പി.രാഹുൽ, ബോക്സിൽ തക്കംപാർത്തെത്തിയ സഹലിനു നേർക്ക് നിലംപറ്റെയുള്ള ക്രോസ് നീട്ടി. അതിവേഗം പോസ്റ്റിലേക്കു കണക്ട് ചെയ്ത സഹൽ നോർത്ത് ഈസ്റ്റിന്റെ മലയാളി ഗോൾകീപ്പർ മിർഷാദിന്റെ കൈകൾ മറികടന്ന് ഗോൾ നേടി. ഇൻജറി ടൈം തീരാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ സഹലിന്റെ അടുത്ത വെടി. നോർത്ത് ഈസ്റ്റ് പോസ്റ്റിനു മുന്നിലെ കൂട്ടയോട്ടത്തിനു നടുവിലേക്ക് സൊറൈഷാം സന്ദീപ് സിങ്ങിന്റെ അസിസ്റ്റ്. പോസ്റ്റിനരികിൽ നിന്ന് പന്ത് സ്വീകരിച്ച് ഒന്നു വെട്ടിയൊഴിഞ്ഞ് കളരിമുറയിൽ സഹലിന്റെ ഷൂട്ട്. ബ്ലാസ്റ്റേഴ്സിനു 3–0 ജയം. 

ഹൈദരാബാദിന് ജയം

ഹൈദരാബാദ് ∙ ഐഎസ്എൽ ഫുട്ബോളിൽ ഒന്നാം സ്ഥാനത്തു തുടരുന്ന ഹൈദരാബാദ് എഫ്സി ഒഡീഷ എഫ്സിയെ 1–0നു തോൽപിച്ചു. 

മാറ്റമുണ്ട്, മാറ്റമില്ല!

തുടർച്ചയായ 3 തോൽവികളുടെ സമ്മർദം ടീം ഫോർമേഷനിൽ മാറ്റമുണ്ടാക്കുമെന്നു പരക്കെ പ്രവചിക്കപ്പെട്ടെങ്കിലും ഫോർമേഷനിലല്ല, 

Kerala Blasters
കേരള ബ്ലാസ്റ്റേഴ്സ്– നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരത്തിൽനിന്ന്. ചിത്രം: Twitter/Kerala Blasters

ടീം ലൈനപ്പിലാണ് കോച്ച് ഇവാൻ വുക്കൊമനോവിച്ച് തല മുതൽ പാദം വരെ മാറ്റം പരീക്ഷിച്ചത്. 4–4–2 ഫോർമേഷൻ തുടർന്നങ്കിലും ഇടിഞ്ഞുവീണ നിലയിൽ കിടന്ന പ്രതിരോധഭിത്തി കോച്ച് പൊളിച്ചടുക്കി. കഴിഞ്ഞ മത്സരത്തിലെ സെന്റർ ബാക്ക് മാർക്ക് ലെസ്കോവിച്ച‍ിനെ മാത്രമാണ് ആദ്യ ഇലവനിൽ നിലനിർത്തിയത്. ജെസൽ കാർണെയ്റോയ്ക്കു പകരം സൊറൈഷാം സന്ദീപ് സിങ്, വിക്ട്‍ മോംഗിലിനു പകരം ഹോമിപാം, ഹർമൻജ്യോത് സിങ് ഖബ്രയ്ക്കു പകരം നിഷു കുമാർ എന്നിവരെത്തി. കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇലവനിൽ ഉൾപ്പെടാതിരുന്ന ഇവാൻ കല്യൂഷ്നി തിരികെയെത്തിയതോടെ അഡ്രിയൻ ലൂണയും കല്യൂഷ്നിയും ചേർന്ന് ആക്രമണം നയിച്ചു.

English Summary: ISL football: Kerala Blasters vs Northeast United

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com