ADVERTISEMENT

കൊച്ചി∙ പാക്കിസ്ഥാനെതിരെ ട്വന്റി20 ലോകകപ്പ് ഫൈനലിനിറങ്ങുന്ന ‘ഋഷി സുനകിന്റെ ഇംഗ്ലണ്ടിനോട്’  ഇന്ത്യൻ ആരാധകർക്കു തോന്നുന്ന പോലൊരു ഇഷ്ടത്തോടെയാകും ബ്ലാസ്റ്റേഴ്സ് ആരാധകർ ഇന്ന് എഫ്സി ഗോവയെ സ്വീകരിക്കുക. മുൻ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ എല്ലാമെല്ലാമായിരുന്ന സ്പാനിഷ് താരം അൽവാരോ വാസ്കെസ് കേരളത്തിന്റെ മണ്ണിൽ ആദ്യ മത്സരത്തിനിറങ്ങുന്നതുതന്നെ കാരണം. പ്രിയപ്പെട്ട ആരാധകരുടെ മുന്നിൽ ആദ്യമായി കളിക്കുന്നതിന്റെ സന്തോഷം ഗോവൻ താരം വാസ്കെസും വ്യക്തമാക്കി കഴിഞ്ഞു. പക്ഷേ, ഇഷ്ടവും സന്തോഷവുമെല്ലാം രണ്ടു വഴിക്കു പിരിയുന്ന രണ്ടും കൽപ്പിച്ച പോരാട്ടത്തിനാണു ബ്ലാസ്റ്റേഴ്സും ഗോവയും ഇന്നു ബൂട്ടുകെട്ടുന്നത്. സാധ്യതകൾ സജീവമാക്കാൻ ബ്ലാസ്റ്റേഴ്സിനു ജയമില്ലാതെ പറ്റില്ല. ലീഗിന്റെ മുൻനിരയിലേക്കു മടങ്ങിയെത്താൻ ഗോവയ്ക്കും ജയം അനിവാര്യം.

∙ ഇരുധ്രുവങ്ങളിലെ പോരാട്ടം

കഴിഞ്ഞ മത്സരത്തിലെ വമ്പൻ ജയം നൽകിയ ആത്മവിശ്വാസത്തിലാണു ടീമുകളുടെ മുന്നൊരുക്കം. ബ്ലാസ്റ്റേഴ്സ് കീഴടക്കിയതു 11–ാം സ്ഥാനക്കാരായ നോർത്ത് ഈസ്റ്റിനെ. ഗോവ വീഴ്ത്തിയതു 10–ാം സ്ഥാനക്കാരായ ജംഷഡ്പുരിനെ. എതിരില്ലാത്ത 3 ഗോളിനായിരുന്നു രണ്ടു ജയങ്ങളും. ഇരുടീമും തമ്മിലുള്ള സാമ്യവും അവിടെ അവസാനിക്കുന്നു. 5 മത്സരങ്ങളിൽ നിന്നു 3 തോൽവി വഴങ്ങി ഏഴാം സ്ഥാനത്താണു ബ്ലാസ്റ്റേഴ്സ്. 4 മത്സരങ്ങളിൽ നിന്നു 3 ജയം കുറിച്ചു നാലാം സ്ഥാനത്താണു ഗോവ. പോയിന്റ് നിലയിലെ അന്തരം കളത്തിലെ നിലവാരത്തിലും പ്രകടം.

മികച്ച ടീമുകളിലൊന്നാണു ഗോവ. അവർക്കെതിരായ പോരാട്ടം എന്നും കടുപ്പമാണ്. രണ്ടു ടീമുകൾക്കും ചില നിമിഷങ്ങളിൽ വികാരങ്ങൾ നിയന്ത്രിച്ചുനിർത്തേണ്ടിവരും. ടെക്നിക്കലും ടാക്റ്റിക്കലും എന്നതിനപ്പുറം മാനസികമായ പോരാട്ടമായി ഇതു മാറും. കളി ഏതുഭാഗത്തേക്കും തിരിയാം.  ടീം വർക്ക്, ഒരുമിച്ചുള്ള പ്രതിരോധം എന്നിവയിലാണു ഞങ്ങളുടെ ഊന്നൽ

സീസണിൽ ഇതേവരെ 2 ഗോളുകൾ മാത്രം വഴങ്ങിയ ഗോവൻ പ്രതിരോധമാണു ഇരുടീമുകളെയും വേർതിരിക്കുന്ന മുഖ്യഘടകം. 4 മത്സരങ്ങളിൽ നിന്നു 10 ഗോൾ വഴങ്ങിയ പ്രതിരോധത്തിൽത്തന്നെ പിടിമുറുക്കിയാണു ബ്ലാസ്റ്റേഴ്സിൽ കോച്ച് ഇവാൻ വുക്കൊമനോവിച്ചിന്റെ ‘ചികിത്സ’. നോർത്ത് ഈസ്റ്റിനെതിരായ ക്ലീൻഷീറ്റ്, ചികിത്സ ഫലിച്ചുതുടങ്ങിയതിനു തെളിവാണെങ്കിലും പിൻനിരയിൽ വരുത്തിയ കൂട്ടമാറ്റങ്ങൾ ഇന്നും തുണച്ചെങ്കിലേ ബ്ലാസ്റ്റേഴ്സിനു പഴയ ‘ആരോഗ്യം’ വീണ്ടെടുക്കാനാകൂ. സന്ദീപ് സിങ്ങിലൂടെ ഇടതു പാർശ്വത്തിൽ വന്ന പുരോഗതിയാണു പ്രതിരോധത്തിൽ പ്രതീക്ഷ പകരുന്നത്. വലത്തായി നിഷുകുമാറും മധ്യത്തിൽ ഹോർമിപാമും തുടരാനാണു സാധ്യത.

∙ പോരാട്ടത്തിന്റെ മധ്യകേന്ദ്രം

മധ്യനിരയാണു കേരളത്തിന്റെയും ഗോവയുടെയും മുന്നേറ്റങ്ങളുടെ പ്രഭവകേന്ദ്രം. ഒന്നുകൂടി ചുരുക്കിപ്പറഞ്ഞാൽ, അഡ്രിയൻ ലൂണയെന്ന യുറഗ്വായ് പ്ലേമേക്കറുടെയും എഡു ബേഡിയയെന്ന സ്പാനിഷ് പ്ലേമേക്കറുടെയും തട്ടകമാണ് മധ്യം. 4–2–3–1 എന്ന ശൈലിയിൽ പരന്നൊഴുകുന്ന ഗോവൻ മധ്യത്തിൽ മൊറോക്കൻ താരം നോവ സഡൗയിയും ബ്രണ്ടൻ ഫെർണാണ്ടസും റെഡീം ത്‌ലാങുമാണു ബേഡിയയ്ക്ക് ഇടംവലം ചേരുക. യുക്രെയ്ൻ താരം ഇവാൻ കല്യൂഷ്നിയും മലയാളി താരം രാഹുലും താളം കണ്ടെത്തിയതോടെ ബ്ലാസ്റ്റേഴ്സ് മധ്യവും ഉണർന്ന മട്ടാണ്. ഇരട്ട ഗോളുകളോടെ തിളങ്ങിയ സഹൽ ഇന്നു ആദ്യ ഇലവനിൽ തിരിച്ചെത്താനും സാധ്യതയേറെ.ഐഎസ്എലിൽ സ്കോറിങ് തുടങ്ങിക്കഴിഞ്ഞ ദിമിത്രിയോസ് ഡയമന്റകോസിനു തന്നെയാകും ആതിഥേയരുടെ ആക്രമണത്തിന്റ ചുക്കാൻ. പരുക്കിൽ നിന്നു മോചിതനായ അൽവാരോ വാസ്കെസിനാകും ഗോവൻ നിരയിലെ ഗോൾവേട്ടയ്ക്കുള്ള ആദ്യ അവസരം. കൊച്ചിയുടെ 'വൈകാരിക പരിസരം' കൂടി കണക്കിലെടുക്കുമ്പോൾ വാസ്‌കസ് അല്ലാതെ മറ്റൊരു പേര് തേടി പോകാൻ സ്പാനിഷ് കോച്ച് കാർലോസ് പെനയ്ക്ക് കഴിയുമോ?

English Summary: Kerala Blasters faces a tough challenge from FC Goa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com