ADVERTISEMENT

ദൈവത്തിന്റെ ‘കൈ തൊട്ട’ പന്തിന്റെ ലേലം നവംബർ 16ന് ലണ്ടനിൽ നടക്കും. അതെ, ലോക ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ വസ്തുവിന്റെ പുതിയ ഉടയോനെ ഉടനറിയാം. 2022 ഖത്തർ ലോകകപ്പിന് വിസിൽ മുഴങ്ങാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് ആ ലേലം എന്നതുകൂടി കണക്കിലെടുത്താൽ അതിന്റെ ലേലമൂല്യം ഏറും. ഇതിഹാസതാരം ഡീഗോ മറഡോണയുടെ കാലിൽനിന്നും ‘കൈയിൽനിന്നും’ പിറന്ന രണ്ടു ഗോളുകൾ ആ പന്തിലൂടെയാണ് ജന്മമെടുത്തത്. കുറഞ്ഞത് 30 ലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 24 കോടി രൂപ) ലേലത്തിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ തുക ഇനിയും ഉയരും എന്നാണ് കരുതുന്നത് ഗ്രഹാം ബഡ് ഓക്‌ഷൻസാണ് ലേലത്തിന് നേതൃത്വം നൽകുന്നത്. മറഡോണയുടെ മരണശേഷം നടക്കുന്ന ലേലം എന്ന പ്രത്യേകതയും ഉണ്ട്. കായികലോകം ഉറ്റുനോക്കുന്നത് സ്പോർട്സ് വസ്തുക്കളിൽ ലേലത്തിലൂടെ ലഭിക്കുന്ന തുക റെക്കോർഡ് തകർക്കുമോ എന്നാണ്. പന്ത് ലേലത്തിനു വച്ചത് അന്ന് ‘ദൈവത്തിന്റെ കൈ ഗോൾ’ അനുവദിച്ച് വിവാദനായകനായ തുനീസിയൻ റഫറി അലി ബിൻ നാസർ ആണ്. മത്സരത്തിനു ശേഷം പന്ത് അലി ബിൻ നാസർ സ്വന്തമാക്കിയിരുന്നു. ലോകകപ്പ് ഫുട്‌ബോളിലെ ഏറ്റവും മനോഹരമായ ഗോൾ നേടാൻ ഭാഗ്യമുണ്ടായതു മറഡോണയ്ക്കാണ്. ഏറ്റവും വിവാദമയായ ലോകകപ്പ് ഗോളിന്റെ ഉടമയും മറഡോണ തന്നെ. 1986 ലോകകപ്പിലാണ് അർജന്റീനയുടെ നായകന്റെ കാലിൽനിന്ന് ആ ഗോളുകൾ പിറന്നതും. മെക്‌സിക്കോയിലെ അസ്‌ടെക്ക് സ്‌റ്റേഡിയത്തിൽ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ കളിക്കുമ്പോഴാണു ലോകത്തിലെ ഏറ്റവും സുന്ദര ഗോൾ പിറന്നത്. വിവാദമായ ‘ദൈവത്തിന്റെ കൈ’ എന്നറിയപ്പെട്ട ഗോൾ നേടി നാലു മിനിറ്റുകൾക്കുശേഷമായിരുന്നു ഈ ഗോൾ ജന്മമെടുത്തത്. സ്വന്തം ഹാഫിൽനിന്നാരംഭിച്ച ഒറ്റയാൻ മുന്നേറ്റമായിരുന്നു അത്. സെൻട്രൽ സർക്കിളിൽനിന്ന് ഒന്നിനു പിന്നാലെ ഒന്നായി നാലു ഡിഫൻഡർമാരെ ഡ്രിബിൾ ചെയ്‌ത് മുന്നിലെത്തുമ്പോൾ പ്രതിബന്ധം ഇംഗ്ലിഷ് ഗോളി പീറ്റർ ഷിൽട്ടൻ മാത്രം. അദ്ദേഹത്തെയും ഡ്രിബിളിൽ മറികടന്നപ്പോൾ മുന്നിൽ ഗോൾ വല മാത്രം. പിന്നെ പന്തു നേരെ കോരിയിട്ടത് ഗോൾ വലയത്തിലേക്കായിരുന്നു. ഈ ഗോളിന്റെ ഓർമയ്‌ക്കായി പിറ്റേന്നു തന്നെ അസ്‌ടെക്ക് സ്‌റ്റേഡിയത്തിൽ സ്‌മരണിക ഫലകവും സ്‌ഥാപിക്കപ്പെട്ടു

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com